മസ്കത്ത്: ഇത്യോപ്യയിലുണ്ടായ അഗ്നി പർവത സ്ഫോടനവുമായി ബന്ധപ്പെട്ട് ഒമാനിലെ നിവാസികൾ ആശങ്കപ്പെടാനില്ലെന്ന് പരിസ്ഥിതി അതോറിറ്റി. ഒമാന്റെ ദോഫാർ മേഖലയെയും അൽവുസ്ത മേഖലയെയും ബാധിക്കാൻ സാധ്യതയുണ്ടെന്ന തരത്തിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം തിങ്കളാഴ്ച രാവിലെ മുന്നറിയിപ്പ് നൽകിയിരുന്നു.
ഒമാനിലെ ചില ഭാഗങ്ങളിൽ ഈ അഗ്നി പർവത സ്ഫോടനത്തിന്റെ ഭാഗമായി അന്തരീക്ഷത്തിൽ ചാരപടലങ്ങൾ രൂപപ്പെടാനുള്ള സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പിലുണ്ടായിരുന്നത്. രാവിലെയും വൈകിട്ടും ഇത് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. എന്നാൽ , ഇത്യോപ്യയിലെ ഹേലി കുപ്പി എന്ന പർവതത്തിൽ ഉണ്ടായ സ്ഫോടനം ഒരു തരത്തിലും ഒമാന്റെ കാലാവസ്ഥയെയോ വായു ഗുണനിലവാരത്തെയോ ബാധിച്ചിട്ടില്ലെന്ന് പരിസ്ഥിതി അതോറിറ്റി സ്ഥിരീകരണം നൽകി.
വായു ഗുണനിലവാരം സംബന്ധിച്ചുള്ള നിരീക്ഷണങ്ങൾ അധികൃതർ തുടരുന്നുണ്ട്. സുൽത്താനേറ്റിലെ വിവിധ ഗവർണറേറ്റുകളിലുള്ള 68 വായു ഗുണനിലവാര നിരീക്ഷണ കേന്ദ്രങ്ങൾ ഇത് സംബന്ധിച്ച് നിരീക്ഷണങ്ങൾ നടത്തുകയാണ്. ഏതെങ്കിലും തരത്തിലുള്ള വ്യതിയാനം പ്രകടമായാൽ അതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അതോറിറ്റി പുറപ്പെടുവിക്കും. ഞായറാഴ്ചയാണ് ഇത്യോപ്യയിൽ അഗ്നിപർവ്വത സ്ഫോടനം ഉണ്ടായത്.
തുടർന്ന് ഏകദേശം 45,000 അടി ഉയരത്തിൽ പൊടിപടലങ്ങൾ ഉയർന്നതായാണ് റിപ്പോർട്ട്. അതേസമയം, യമനിന്റെ പടിഞ്ഞാറൻ ഭാഗങ്ങളെയും മധ്യഭാഗങ്ങളെയും ഈ പൊടിപടലം ബാധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രം ഒമാൻ കാലാവസ്ഥ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.