മസ്കത്ത്: ഒമാനിൽനിന്നുള്ള വന്ദേ ഭാരത് സർവിസുകളുടെ ടിക്കറ്റ് നിരക്കിൽ വർധന. ജൂലൈ 17 മുതലുള്ള സർവിസുകളുടെ ടിക്കറ്റ് നിരക്കാണ് കൂടിയത്. കൊച്ചിയിലേക്ക് 83 റിയാലാണ് നിരക്ക്. തിരുവനന്തപുരത്തിന് 92 റിയാലും നൽകണം. നേരത്തേ ഇത് യഥാക്രമം 73ഉം 79 റിയാലും ആയിരുന്നു. കോഴിക്കോടിനുള്ള പുതിയ നിരക്ക് വ്യക്തമായിട്ടില്ല. വന്ദേ ഭാരത് യാത്രക്കാർക്ക് മുഖാവരണം, കൈയുറ, ഫേസ്ഷീൽഡ്, പി.പി.ഇ കിറ്റ് എന്നിവ സൗജന്യമായി നൽകുന്നുമുണ്ട്.
അതോടൊപ്പം പുതിയ ഘട്ടത്തിലെ സർവിസുകളിൽ അവസരം ലഭിച്ചവരോട് മസ്കത്തിലെ വത്തയ്യയിലുള്ള എൻ.ടി.ടി ഒാഫിസിലെത്തി ടിക്കറ്റ് എടുക്കാനാണ് നിർദേശിക്കുന്നത്. 21നുള്ള തിരുവനന്തപുരം സർവിസിൽ പോകാൻ അവസരം ലഭിച്ചവർക്കാണ് ഇതുസംബന്ധിച്ച ഇ-മെയിൽ ലഭിച്ചത്. ഒമാെൻറ ഉൾപ്രദേശങ്ങളിലുള്ള ചെറിയ വരുമാനക്കാരും മസ്കത്തിൽ പരിചയക്കാരില്ലാത്തവരുമായവരെ ബുദ്ധിമുട്ടിലാക്കുന്നതാണ് ഇൗ നിർദേശമെന്ന് പരാതിയുയരുന്നുണ്ട്. ടാക്സി ചെലവും കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ മസ്കത്ത് വരെ യാത്രചെയ്യുന്നതിനുള്ള പേടിയും നിമിത്തം പലരും വന്ദേഭാരത് ഉപേക്ഷിച്ച് ചാർേട്ടഡ് വിമാനങ്ങൾ തേടുകയാണ്.
വന്ദേഭാരതിൽ തന്നെ മടങ്ങാൻ ആരുടെയെങ്കിലും കൈയിൽനിന്ന് പണം കടം വാങ്ങേണ്ട സാഹചര്യമാണുള്ളതെന്ന് അൽ ഹംറയിൽ കൽപ്പണിക്കാരനായ കൊല്ലം സ്വദേശി പറയുന്നു. ഇദ്ദേഹത്തിെൻറ വിസ കാലാവധി കഴിഞ്ഞിട്ട് 15 ദിവസമായി. നേരത്തേ എംബസിയിൽ രജിസ്റ്റർ ചെയ്തതാണെങ്കിലും 21നാണ് അവസരം ലഭിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ മസ്കത്തിലേക്കുള്ള ടാക്സിക്ക് വലിയ നിരക്കാണ് ചോദിക്കുന്നത്. ടാക്സിനിരക്കും യാത്രാ ബുദ്ധിമുട്ടും കണക്കിലെടുത്താൽ ചാർേട്ടഡ് വിമാന സർവിസിന് പോകുന്നതാണ് ലാഭമെന്നും ഇദ്ദേഹം പറയുന്നു. അൽഹംറയിൽതന്നെ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന കൊല്ലം പാരിപ്പള്ളി സ്വദേശിയും സമാന ആശങ്കയിലാണ്. കോവിഡ് പശ്ചാത്തലത്തിൽ രണ്ടു മാസമായി പകുതി ശമ്പളമാണ് കിട്ടുന്നത്. നാട്ടിലേക്ക് മടങ്ങാൻ സ്പോൺസർ നിർദേശിക്കുകയും ചെയ്തു.
മസ്കത്തിലേക്ക് പോകാൻ കഴിയാത്തതിനാൽ ചാർേട്ടഡ് വിമാന സർവിസ് നോക്കുകയാണെന്നും ഇദ്ദേഹം പറയുന്നു. അക്കൗണ്ടിൽ പണമിട്ടാൽ ടിക്കറ്റ് ഇ-മെയിലായി അയച്ചുകൊടുക്കുകയാണ് ഇതുവരെ ചെയ്തിരുന്നത്. ഇത് പലരിലും പ്രത്യേകിച്ച് വേണ്ടത്ര വിദ്യാഭ്യാസമില്ലാത്തവർക്ക് ആശയക്കുഴപ്പത്തിന് വഴിവെച്ചിരുന്നു. അക്കൗണ്ടിൽ പണമിടുന്നതടക്കം നടപടിക്രമങ്ങൾ പ്രയാസകരമാണെന്ന പരാതികൾ ഉയർന്നതിെൻറ അടിസ്ഥാനത്തിലാണ് എയർഇന്ത്യ തീരുമാനത്തിൽ മാറ്റം വരുത്തിയതെന്നാണ് അറിയുന്നത്. ടിക്കറ്റിന് പണമയച്ചവർക്ക് അക്കൗണ്ട് മാറിപ്പോയ സംഭവങ്ങളും ഉണ്ടായിട്ടുള്ളതായും അറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.