ചൈനീസ് നിക്ഷേപം വർധിപ്പിക്കാൻ ഒമാൻ; ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 9.6 ബില്യൺ റിയാൽ

മസ്‌കത്ത്: ചൈനയുമായുള്ള സാമ്പത്തിക, വ്യാപാര ബന്ധം കൂടുതൽ ശക്തമാക്കാനും നിക്ഷേപം വർധിപ്പിക്കാനും ലക്ഷ്യമിട്ട് ഒമാൻ. 2025ൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 9.6 ബില്യൺ ഒമാനി റിയാലിലെത്തി. ഉൽപാദന മേഖല, പുനരുപയോഗ ഊർജം, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിൽ കൂടുതൽ ചൈനീസ് നിക്ഷേപം ആകർഷിക്കാനാണ് ഒമാന്റെ നീക്കം.

സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ചൈനീസ് സന്ദർശനം സാമ്പത്തിക സഹകരണം കൂടുതൽ വിപുലീകരിക്കാൻ വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.നാഷനൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം 2025ൽ ചൈനയിലേക്കുള്ള ഒമാന്റെ കയറ്റുമതി 7.7 ബില്യൺ റിയാലായിരുന്നു.

ചൈനയിൽനിന്നുള്ള ഇറക്കുമതി 1.9 ബില്യൺ റിയാലും. 2026ലെ ആദ്യ ഏഴ് മാസങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 5.4 ബില്യൺ റിയാലിലെത്തി. ഇതിൽ 3.9 ബില്യൺ റിയാൽ ഒമാന്റെ കയറ്റുമതിയും 1.4 ബില്യൺ റിയാൽ ഇറക്കുമതിയുമാണ്. ഒമാനിലെ ചൈനീസ് നേരിട്ടുള്ള നിക്ഷേപം 2024ൽ 798.1 മില്യൺ റിയാലായിരുന്നത് 2025ൽ 866.2 മില്യൺ റിയാലായി ഉയർന്നു. 2026ലെ രണ്ടാം പാദം അവസാനിക്കുമ്പോഴേക്കും ഇത് 903.8 മില്യൺ റിയാലിലെത്തി.

ക്രൂഡ് ഓയിൽ, ദ്രവീകൃത പ്രകൃതിവാതകം, പെട്രോളിയം ഉൽപന്നങ്ങൾ, പെട്രോകെമിക്കൽസ്, രാസവസ്തുക്കൾ എന്നിവയാണ് ഒമാനിൽനിന്ന് ചൈനയിലേക്ക് പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. യന്ത്രങ്ങൾ, വൈദ്യുത ഉപകരണങ്ങൾ, ബാറ്ററികൾ, ഇരുമ്പ്-ഉരുക്ക് ഉൽപന്നങ്ങൾ, നിർമാണ സാമഗ്രികൾ, സോളാർ സെല്ലുകൾ, വാഹനങ്ങൾ എന്നിവയാണ് ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യുന്നത്.

നൂതന വ്യവസായം, പുനരുപയോഗ ഊർജം, ഹരിത സാങ്കേതികവിദ്യ, ഭക്ഷ്യസുരക്ഷ, സ്മാർട്ട് അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ മേഖലകളിൽ സഹകരണം വിപുലീകരിക്കാനുള്ള സാധ്യതകളുണ്ടെന്ന് ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ ശൈഖ് ഫൈസൽ ബിൻ അബ്ദുല്ല അൽ റവാസ് പറഞ്ഞു.

ദുകം, സുഹാർ, സലാല എന്നിവിടങ്ങളിൽ പുനരുപയോഗ ഊർജ ഉൽപാദന ശൃംഖലയുമായി ബന്ധപ്പെട്ട വ്യവസായ സമുച്ചയങ്ങൾ, സ്മാർട്ട് വെയർഹൗസുകൾ, വിതരണ കേന്ദ്രങ്ങൾ എന്നിവ സ്ഥാപിക്കുന്നതും പരിഗണനയിലുണ്ട്. ചൈനയും ഗൾഫ് സഹകരണ കൗൺസിലും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ മുന്നോട്ടുകൊണ്ടുപോകേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചൈനയുമായുള്ള സഹകരണം വ്യവസായ വികസനത്തിനും സാങ്കേതികവിദ്യ കൈമാറ്റത്തിനും സ്വദേശികൾക്ക് നൈപുണ്യമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സഹായിക്കുമെന്നാണ് വിലയിരുത്തൽ. ഒമാന്റെ തുറമുഖങ്ങൾ, സാമ്പത്തിക മേഖലകൾ, ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ എന്നിവ ചൈനീസ് നിക്ഷേപകർക്ക് കൂടുതൽ അവസരങ്ങൾ തുറക്കുമെന്നും ബിസിനസ് രംഗത്തെ പ്രതിനിധികൾ അഭിപ്രായപ്പെട്ടു.ഒമാൻ വിഷൻ 2040ന്റെ ഭാഗമായി സമ്പദ്‌വ്യവസ്ഥ വൈവിധ്യവത്കരിക്കാനുള്ള ശ്രമങ്ങൾക്ക് ചൈനയുമായുള്ള കൂടുതൽ നിക്ഷേപ സഹകരണം കരുത്തേകുമെന്നാണ് പ്രതീക്ഷ.

Tags:    
News Summary - Oman Seeks Greater Chinese Investment as Bilateral Trade Reaches RO 9.6 Billion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.