ഒമാനിൽ 3.09 ബില്യൺ റിയാലിന്റെ നിക്ഷേപ പദ്ധതികൾക്ക് അംഗീകാരം; 11 മേഖലകളിൽ 46 പദ്ധതികൾ
മസ്കത്ത്: രാജ്യത്തേക്ക് കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കുന്നതിന്റെ ഭാഗമായി 'ഇൻവെസ്റ്റ് ഒമാൻ' വഴി 3.09 ബില്യൺ ഒമാനി റിയാലിന്റെ 46 നിക്ഷേപ പദ്ധതികൾ യാഥാർഥ്യമാക്കി. 2023 മാർച്ച് മുതൽ 2026 ആഗസ്റ്റ് വരെയുള്ള കാലയളവിലാണ് പദ്ധതികൾ ഉറപ്പാക്കിയത്. ഒമാൻ വിഷൻ 2040ന്റെ ഭാഗമായി സാമ്പത്തിക വൈവിധ്യവത്കരണം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നേട്ടം.
ഇതേ കാലയളവിൽ 5.79 ബില്യൺ റിയാൽ നിക്ഷേപ മൂല്യമുള്ള 96 നിക്ഷേപ അപേക്ഷകളും താൽപര്യപത്രങ്ങളും ലഭിച്ചു. ഇതിൽ 5.05 ബില്യൺ റിയാൽ മൂല്യമുള്ള 56 പദ്ധതികൾ സജീവ പരിഗണനയിലാണെന്നും വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു.
ഉറപ്പാക്കിയ 46 പദ്ധതികളിൽ ഏറ്റവും കൂടുതൽ വ്യവസായ മേഖലയിലാണ്. 15 പദ്ധതികളാണ് ഈ മേഖലയിൽ നടപ്പാക്കുന്നത്. ഭക്ഷ്യസുരക്ഷാ മേഖലയിൽ 13 പദ്ധതികളുമുണ്ട്. ആരോഗ്യ, ലോജിസ്റ്റിക്സ് മേഖലകളിൽ നാല് വീതം പദ്ധതികൾ ഉറപ്പാക്കി. വിദ്യാഭ്യാസം, പുനരുപയോഗ ഊർജം, എണ്ണ-വാതക മേഖലകളിൽ രണ്ട് വീതം പദ്ധതികളും ടൂറിസം, ഖനനം, വിവരസാങ്കേതികവിദ്യ, വ്യോമയാനം എന്നീ മേഖലകളിൽ ഓരോ പദ്ധതിയും ഉൾപ്പെടുന്നു.
2024 മുതൽ 2026 വരെ 350ഓളം കമ്പനികളെ ലക്ഷ്യമിട്ട് നിക്ഷേപ പ്രോത്സാഹന പ്രവർത്തനങ്ങൾ നടത്തിയതായും ഏഴ് മേഖലകളിലായി 15ലധികം നിക്ഷേപ ദൗത്യങ്ങൾ സംഘടിപ്പിച്ചതായും നിക്ഷേപ പ്രോത്സാഹന വിഭാഗം അണ്ടർസെക്രട്ടറി ഇബ്തിസാം ബിൻത് അഹമ്മദ് അൽ ഫറൂജി പറഞ്ഞു. 2.9 ബില്യൺ റിയാൽ നിക്ഷേപ മൂല്യമുള്ള 16 പദ്ധതികൾ തുടർനടപടികൾക്കും ചർച്ചകൾക്കുമായി കൈമാറിയിട്ടുണ്ട്.
2025ൽ മാത്രം 1.5 ബില്യൺ റിയാലിന്റെ പദ്ധതികൾ ഉറപ്പാക്കി. ഇതിൽ 896 ദശലക്ഷം റിയാലിന്റെ വൾക്കൻ ഗ്രീൻ സ്റ്റീൽ പദ്ധതിയും ഉൾപ്പെടുന്നു. 2026ൽ ഇതുവരെ 503 ദശലക്ഷം റിയാൽ മൂല്യമുള്ള 11 പദ്ധതികൾ ഉറപ്പാക്കിയതായി 'ഇൻവെസ്റ്റ് ഒമാൻ' ചീഫ് എക്സിക്യൂട്ടീവ് നാസർ ബിൻ ഖലീഫ അൽ കിന്ദി അറിയിച്ചു.നിക്ഷേപകരെ സർക്കാർ വകുപ്പുകളുമായി ബന്ധിപ്പിക്കുകയും നടപടിക്രമങ്ങൾ ലളിതമാക്കുകയും ചെയ്യുന്നതിലൂടെ ഒമാനെ പ്രാദേശിക നിക്ഷേപ കേന്ദ്രമായി ഉയർത്തുകയാണ് ലക്ഷ്യമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.