പ്രവാസി പദ്ധതികളിലെ ബാധ്യത മുൻ സർക്കാരിന്റേത്; സിദ്ദിഖ് ഹസ്സൻ

മസ്‌കത്ത്: നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധന, പ്രവാസി ക്ഷേമ പെൻഷൻ കുടിശ്ശിക തുടങ്ങിയ വിഷയങ്ങളിൽ പുതിയ സർക്കാരിനെ മാത്രം പ്രതിക്കൂട്ടിലാക്കുന്നത് ശരിയല്ലെന്ന് ഒമാനിലെ കോൺഗ്രസ് പ്രവാസി നേതാവ് സിദ്ദിഖ് ഹസ്സൻ. നിലവിലെ പ്രതിസന്ധികൾ വിലയിരുത്തുമ്പോൾ മുൻസർക്കാരിന്റെ നയങ്ങളും സാമ്പത്തിക തീരുമാനങ്ങളും പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം പുനഃക്രമീകരിക്കേണ്ടിവന്നതിന് ഉയർന്ന ക്ലെയിം അനുപാതവും ഇൻഷുറൻസ് കമ്പനികളുമായുള്ള മുൻകരാറുകളിലെ വ്യവസ്ഥകളും കാരണമായിട്ടുണ്ടാകാം. പ്രവാസികൾക്ക് ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിനൊപ്പം പദ്ധതി സുസ്ഥിരമായി മുന്നോട്ടുകൊണ്ടുപോകാനുള്ള നടപടികളാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസി ക്ഷേമ പെൻഷൻ കുടിശ്ശികയുടെ കാര്യത്തിലും വിവിധ ഘടകങ്ങൾ പരിശോധിക്കണം. ക്ഷേമനിധി ബോർഡിൽ അംഗങ്ങളുടെ എണ്ണം വർധിച്ചെങ്കിലും പ്രതിമാസ അംശാദായം അടക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അംഗങ്ങളുടെ എണ്ണവും അംശാദായ വരുമാനവും തമ്മിലുള്ള അന്തരം ക്ഷേമനിധിയുടെ സാമ്പത്തിക സ്ഥിതിയെ ബാധിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.

രാഷ്ട്രീയ ആരോപണങ്ങൾക്കപ്പുറം പദ്ധതികളുടെ സാമ്പത്തിക സ്ഥിതിയും മുൻകാല തീരുമാനങ്ങളുടെ പ്രത്യാഘാതങ്ങളും അടിസ്ഥാനമാക്കിയാകണം ചർച്ചകൾ. പ്രവാസി ക്ഷേമ പദ്ധതികളിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ദീർഘകാല നടപടികൾ ആവശ്യമാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാരിന് പ്രവാസി വിഷയങ്ങളിൽ ഫലപ്രദമായി ഇടപെടാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സിദ്ദിഖ് ഹസ്സൻ പറഞ്ഞു.

Tags:    
News Summary - Liabilities in Pravasi Schemes Belongs to Former Govt: Siddique Hassan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.