പ്രവാസികൾക്ക് പ്രഹരമായി നോർക്ക പ്രീമിയം വർധന
നോർക്ക കെയർ ഇൻഷുറൻസിന്റെ പ്രീമിയം 2026 നവംബർ 1 മുതൽ വലിയ രീതിയിൽ വർധിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ച് 51 വയസ്സിന് മുകളിലുള്ളവർക്കും കുടുംബ പോളിസി എടുക്കുന്നവർക്കും വലിയ സാമ്പത്തിക ബാധ്യതയാണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്.
ഉദാഹരണത്തിന്, അഞ്ച് ലക്ഷം രൂപയുടെ ഫാമിലി പോളിസിക്ക് പഴയ നിരക്കായ ₹13,411-ൽനിന്ന് 55 വയസ്സുള്ള ഒരാൾക്ക് ഇപ്പോൾ ₹35,664 നൽകേണ്ടിവരുന്നു.പ്രവാസികളുടെ ക്ഷേമത്തിനായി ആരംഭിച്ച ഒരു ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം സാധാരണക്കാരായ പ്രവാസികൾക്ക് താങ്ങാനാകാത്ത രീതിയിലാണ് ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത്. പ്രവാസി മലയാളികളുടെ ക്ഷേമവും അവരുടെ കുടുംബങ്ങളുടെ ആരോഗ്യസുരക്ഷയും ലക്ഷ്യമിട്ട് നടപ്പിലാക്കിയ നോർക്ക കെയർ ഇൻഷുറൻസ് പദ്ധതി നിരവധി പ്രവാസികൾക്ക് വലിയ ആശ്വാസമായിരുന്നു.
പ്രത്യേകിച്ച് കുറഞ്ഞ വരുമാനക്കാരായ പ്രവാസികൾക്കും മുതിർന്ന പൗരന്മാർക്കും ഈ പദ്ധതി ഏറെ പ്രയോജനകരമായിരുന്നു.നോർക്ക കെയർ, നോർക്ക കെയർ പ്ലസ് എന്നീ പദ്ധതികൾ ആരംഭിച്ചപ്പോൾ, നിലവിൽ മറ്റു ഇൻഷുറൻസ് കമ്പനികളിൽ പോളിസിയുണ്ടായിരുന്ന പലരും അത് പുതുക്കാതെ നോർക്ക റൂട്ട്സ് മുഖേനയുള്ള പോളിസിയിൽ ചേർന്നിരുന്നു. ഇതുമൂലം പലർക്കും നോ ക്ലെയിം ബോണസ് ഉൾപ്പെടെയുള്ള അധിക ആനുകൂല്യങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. വീണ്ടും മറ്റു ഇൻഷുറൻസ് കമ്പനികളിലേക്ക് മടങ്ങാൻ അവർ നിർബന്ധിതരാകുകയും നോർക്കയുടെ ഇൻഷുറൻസ് പദ്ധതിയിലുള്ള വിശ്വാസം നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടാകും.
ഇൻഷുറൻസ് പദ്ധതിയിൽ സമാഹരിച്ച പ്രീമിയത്തേക്കാൾ ഇൻഷുറൻസ് ക്ലെയിമുകൾ ഉയർന്നതാണ് നിരക്കുവർധനയ്ക്ക് സർക്കാർ ചൂണ്ടിക്കാട്ടുന്ന പ്രധാന കാരണം. അതിനാൽ, ഇൻഷുറൻസ് കമ്പനിയുടെ നഷ്ടം നിയന്ത്രിക്കുന്നതിനൊപ്പം പ്രവാസികൾക്ക് താങ്ങാനാകുന്ന നിരക്ക് ഉറപ്പാക്കുന്നതും പ്രധാനമാണ്.ഈ സാഹചര്യത്തിൽ, സാധാരണ പ്രവാസികളുടെ താൽപര്യം മുൻനിർത്തി താഴെ പറയുന്ന നിർദേശങ്ങൾ സർക്കാരിന്റെ പരിഗണനയ്ക്കായി സമർപ്പിക്കുന്നു.
ബദൽ നിർദേശങ്ങൾ
സർക്കാർ സബ്സിഡി നൽകുക
അഞ്ച് ലക്ഷം രൂപ വരെയുള്ള ഇൻഷുറൻസ് പരിരക്ഷയാണ് നിലവിൽ നോർക്ക കെയർ പദ്ധതിയിലുള്ളത്. സാധാരണ പ്രവാസികളാണ് ഈ പോളിസിയുടെ ഉപഭോക്താക്കൾ. അതുകൊണ്ടുതന്നെ ഈ പോളിസി നിലവിലുള്ള പ്രീമിയത്തിൽ തുടരാൻ അനുവദിക്കണം. അധിക ബാധ്യതയുണ്ടെങ്കിൽ അത് സർക്കാർ സബ്സിഡിയായി നൽകണം. പല പൊതുമേഖലാ സ്ഥാപനങ്ങളും വിരമിച്ച ജീവനക്കാർക്കുള്ള ഇൻഷുറൻസ് പോളിസികൾക്ക് ഇത്തരത്തിൽ സബ്സിഡി നൽകാറുണ്ട്.
ജി.എസ്.ടി ഒഴിവാക്കുക
നിലവിൽ വ്യക്തിഗത ആരോഗ്യ ഇൻഷുറൻസ് പോളിസികൾക്ക് കേന്ദ്ര സർക്കാർ ജി.എസ്.ടി ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ഗ്രൂപ്പ് ഇൻഷുറൻസ് പോളിസികൾക്ക് നിലവിൽ 18 ശതമാനം ജി.എസ്.ടി ബാധകമാണ്. ജി.എസ്.ടി ഒഴിവാക്കുന്ന കാര്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു. ജി.എസ്.ടി ഒഴിവാക്കിയാൽത്തന്നെ പ്രീമിയം ഗണ്യമായി കുറയും.
നിലവിലുള്ള അസുഖങ്ങൾക്ക് കാത്തിരിപ്പുകാലം ഏർപ്പെടുത്തുക
പുതുതായി ഇൻഷുറൻസ് എടുക്കുന്നവർക്ക് നിലവിലുള്ള അസുഖങ്ങളുടെ പരിരക്ഷയ്ക്ക് ഒരു വർഷത്തെ കാത്തിരിപ്പുകാലം ഏർപ്പെടുത്താവുന്നതാണ്. ഇപ്പോൾ കാത്തിരിപ്പുകാലമില്ല. മിക്ക ഇൻഷുറൻസ് കമ്പനികളും പിന്തുടരുന്ന ഒരു സാധാരണ രീതിയാണിത്. ഇങ്ങനെ ചെയ്യുന്നതിലൂടെ ഇൻഷുറൻസ് കമ്പനിയുടെ ക്ലെയിം ബാധ്യത കുറയുകയും അതുവഴി പ്രീമിയം കുറക്കാൻ സാധിക്കുകയും ചെയ്യും.
നോ ക്ലെയിം ആനുകൂല്യം നൽകുക
ഇൻഷുറൻസ് ക്ലെയിം ചെയ്യാത്തവർക്ക് പോളിസി പുതുക്കുമ്പോൾ പ്രീമിയം ഇളവ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകണം. ഗ്രൂപ്പ് പോളിസികളിൽ ഇത് പതിവില്ലെങ്കിലും ഇൻഷുറൻസ് എടുത്തിട്ടും ക്ലെയിം ചെയ്യാത്തവർക്ക് ഈ ആനുകൂല്യം ഗുണകരമാകും. അതുപോലെ, ചെറിയ തുകയുടെ ക്ലെയിമുകൾ ഒഴിവാക്കാൻ ഇത് പ്രോത്സാഹനമാകുകയും ഇൻഷുറൻസ് കമ്പനിയുടെ ചെലവ് കുറക്കുകയും ചെയ്യും.
പത്ത് ലക്ഷം രൂപയുടെ പോളിസിക്ക് പ്രത്യേക പരിഗണന നൽകുക
അഞ്ച് ലക്ഷം രൂപ വരെയുള്ള ഇൻഷുറൻസ് പരിരക്ഷയ്ക്ക് നിലവിലുള്ള പ്രീമിയം തുടരുന്നതിനൊപ്പം, പത്ത് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയ്ക്ക് എല്ലാ വിഭാഗങ്ങളിലും നിലവിലുള്ള പ്രീമിയം, കുറഞ്ഞത് 50 ശതമാനമെങ്കിലും കുറക്കണം. ഇതിനുപുറമെ ജി.എസ്.ടി കൂടി ഒഴിവാക്കിയാൽ താങ്ങാനാകുന്ന നിരക്കിൽ മെച്ചപ്പെട്ട ഇൻഷുറൻസ് പരിരക്ഷ നേടാൻ സാധിക്കും. ഇതുവഴി കൂടുതൽ പ്രവാസികൾ ഈ വിഭാഗത്തിലേക്ക് വരുകയും പദ്ധതിക്ക് കൂടുതൽ പ്രീമിയം വരുമാനം ലഭിക്കുകയും ചെയ്യും.
രോഗികൾ മാത്രം അംഗങ്ങളാകുന്ന പദ്ധതിയായി മാറരുത്
മെഡിക്കൽ പരിശോധന നിർബന്ധമല്ലാത്തതും നിലവിലുള്ള അസുഖങ്ങൾക്ക് പരിരക്ഷ നൽകുന്നതുമായതിനാൽ, ഭീമമായ പ്രീമിയം നൽകി അസുഖമുള്ളവരും പ്രായമായവരും മാത്രം പോളിസി എടുക്കുകയും മറ്റുള്ളവർ പദ്ധതിയിൽനിന്ന് മാറിനിൽക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടാകാം. ഇത് ക്ലെയിമുകൾ വർധിക്കുന്നതിന് കാരണമാകുകയും പദ്ധതി തന്നെ പ്രതിസന്ധിയിലാകുകയും ചെയ്യും. ഇക്കാര്യം ഗൗരവമായി പരിഗണിക്കണം.
ചുരുക്കത്തിൽ, നോർക്ക കെയർ പദ്ധതിയുടെ പ്രീമിയം വർധന അടിയന്തരമായി പുനഃപരിശോധിക്കണം. പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കുക എന്നത് ഒരു സേവനം മാത്രമല്ല, അവരുടെ അധ്വാനത്തിനും ത്യാഗത്തിനും നൽകുന്ന അംഗീകാരം കൂടിയാണ്. അതുകൊണ്ട് ബദൽ നിർദേശങ്ങൾ കൂടി പരിഗണിച്ച് സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് പ്രവാസികൾ ആഗ്രഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.