മസ്കത്ത്: രാജ്യത്തെ കാലാവസ്ഥ വിവരങ്ങളും മെച്ചപ്പെട്ട പ്രവചനങ്ങളും വാഗ്ദാനം ചെയ്യുന്ന നവീകരിച്ച ഒമാൻ കാലാവസ്ഥാ വെബ്സൈറ്റും മൊബൈൽ ആപ്ലിക്കേഷനും സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) ആരംഭിച്ചു. ഇൻഫർമേഷൻ മന്ത്രി ഡോ. അബ്ദുല്ല ബിൻ നാസർ അൽ ഹറാസിയുടെ രക്ഷാകർതൃത്വത്തിൽ നടന്ന അതോറിറ്റിയുടെ വാർഷിക വാർത്ത സമ്മേളനത്തിലാണ് സർക്കാർ സ്ഥാപനങ്ങളുടെയും തന്ത്രപരമായ പങ്കാളികളുടെയും പ്രതിനിധികളുടെ സാന്നിധ്യത്തിൽ ഇതിന്റെ പ്രഖ്യാപനം നടത്തിയത്. കാറ്റ്, മഴ, തിരമാല തുടങ്ങിയ കാലാവസ്ഥാ സാഹചര്യങ്ങളുടെ തീവ്രത സൂചിപ്പിക്കാൻ കളർ-കോഡഡ് അലേർട്ട് സിസ്റ്റവും പ്ലാറ്റ്ഫോമിൽ ഇപ്പോൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സി.എ.എയിലെ ഒമാൻ കാലാവസ്ഥാ നിരീക്ഷണ ഡയറക്ടർ ജനറൽ അബ്ദുല്ല ബിൻ റാഷിദ് അൽ ഖദൂരി പറഞ്ഞു. പ്രവചനങ്ങൾനന്നായി മനസ്സിലാക്കാനും ആവശ്യമായ മുൻകരുതലുകൾ എടുക്കാനും ഉപയോക്താക്കളെ സഹായിക്കുക എന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
നിർമിത ബുദ്ധിയുടെ സഹായത്തോടെ വെബ്സൈറ്റും ആപ്പും കാലാവസ്ഥാ ഡാറ്റ വിശകലനം ചെയ്യും. ലൊക്കേഷനും പ്രവർത്തനവും അടിസ്ഥാനമാക്കി ഉപയോക്താക്കൾക്ക് അനുയോജ്യമായ കൂടുതൽ കൃത്യമായ പ്രവചനങ്ങളും അലേർട്ടുകളും നൽകും. മണിക്കൂർ തോറും ലഭിക്കുന്ന പ്രവചനങ്ങൾ, കനത്ത മഴ, ശക്തമായ കാറ്റ്, മൂടൽമഞ്ഞ്, വെള്ളപ്പൊക്കം, ഉഷ്ണമേഖല സംവിധാനങ്ങൾ തുടങ്ങിയ കാലാവസ്ഥാ അപകടങ്ങളെക്കുറിച്ചുള്ള മുൻകൂർ മുന്നറിയിപ്പ്, സംവേദനാത്മക മാപ്പുകൾ, ഡാറ്റ വിഷ്വലൈസേഷൻ ഉപകരണങ്ങൾ, വിശദമായ കാലാവസ്ഥാ റിപ്പോർട്ടുകൾ എന്നിവ പ്രധാന സവിശേഷതകളാണ്. പൊതു ഉപയോഗം, അടിയന്തര തയാറെടുപ്പ്, ഒമാനിലെ അക്കാദമിക്, കാലാവസ്ഥാ ഗവേഷണം എന്നിവയെ പിന്തുണക്കുന്നതിനായാണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
റഡാർ ഡാറ്റക്കായി മുമ്പ് ബാഹ്യ സ്രോതസ്സുകളെ ആശ്രയിച്ചിരുന്ന ഈ പ്ലാറ്റ്ഫോം ഇപ്പോൾ ഉപഗ്രഹ ഡാറ്റക്ക പുറമേ, ഒമാനിൽ സ്ഥിതി ചെയ്യുന്ന അഞ്ച് പ്രവർത്തന റഡാറുകളിൽനിന്നുള്ള കാലാവസ്ഥാ ഇൻപുട്ടുകളിലേക്ക് നേരിട്ട് ആക്സസ് നൽകുന്നു. സർക്കാർ ഏജൻസികൾ, സ്വകാര്യ കമ്പനികൾ, സൈന്യം എന്നിവയുൾപ്പെടെ വിശാലമായ ഉപയോക്തൃ അടിത്തറയെ സേവിക്കുന്നതിനാണ് ഈ നവീകരണം ഉദ്ദേശിക്കുന്നത്.വിശകലനത്തിനായി ഡാറ്റയിലേക്ക് തത്സമയ ആക്സസ് വാഗ്ദാനം ചെയ്യുന്നതിലൂടെയും, പൊതുജന അവബോധവും കാലാവസ്ഥാ സാഹചര്യങ്ങളോടുള്ള പ്രതികരണവും മെച്ചപ്പെടുത്തുന്നതിലൂടെയും പ്രഫഷണലുകൾക്കും കാലാവസ്ഥാ പ്രേമികൾക്കും ഈ പ്ലാറ്റ്ഫോം പ്രയോജനപ്പെടുമെന്ന് ഖദൗരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.