തൊഴിൽ മന്ത്രാലയം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തുന്നു (ഫയൽ)
മസ്കത്ത്: അനധികൃത തൊഴിലാളികളെ കണ്ടെത്താനുള്ള പുതിയ പരിശോധന സംവിധാനം മറ്റു ഗവർണറേറ്റുകളിലേക്കും ക്രമേണ വിപുലീകരിക്കാൻ പദ്ധതിയുണ്ടെന്ന് തൊഴിൽ മന്ത്രാലയത്തിലെ തൊഴിൽ അണ്ടർ സെക്രട്ടറി ശൈഖ് നാസർ ബിൻ അമർ അൽ ഹൊസ്. പ്രാദേശിക പത്രത്തിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. രാജ്യത്തുടനീളം ഈ സേവനങ്ങൾ വിപുലീകരിക്കുന്നതിന് ആയിരക്കണക്കിന് ആളുകളെ ജീവനക്കാരായി ആവശ്യമാണ്.
രാജ്യത്ത് ആരോഗ്യകരമായ നിക്ഷേപ അന്തരീക്ഷം ഒരുക്കുകയാണ് പുതിയ കരാറുകളുടെ പ്രധാന ലക്ഷ്യം. ഇത് നിസ്സംശയമായും ചെറുകിട ഇടത്തരം സംരംഭകർക്കും നിക്ഷേപകർക്കും ഗുണം ചെയ്യും. കൂടാതെ, പുതിയ നടപടിക്രമങ്ങൾ മെച്ചപ്പെട്ട അവസരം തേടുന്നവർക്ക് അവരുടെ സാഹചര്യം ശരിയാക്കാനും നിയമപരമായ തൊഴിൽനിലയുമായി മുന്നോട്ട് പോകാനും സാധിക്കുമെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു.
അതേസമയം, അനധികൃത തൊഴിലാളികളെയും നിയമവിധേയമല്ലാത്ത വ്യാപാരം നടത്തുന്നവരെയും കണ്ടെത്താനുള്ള തൊഴിൽ മന്ത്രാലയത്തിന്റെ പരിശോധനകൾ ജനുവരി ഒന്നുമുതൽ വിവിധ പ്രദേശങ്ങളിൽ കർശനമായാണ് നടക്കുന്നത്. സെക്യൂരിറ്റി ആൻഡ് സേഫ്റ്റി കോർപറേഷനുമായി തൊഴിൽ മന്ത്രാലയം ഡിസംബറിൽ കരാർ ഒപ്പുവെച്ചിരുന്നു. ഈ സംവിധാനം ഉപയോഗപ്പെടുത്തിയാണു തൊഴിൽ നിയമലംഘന പരിശോധന ശക്തമാക്കിയിരിക്കുന്നത്. പ്രവാസികൾ ഏറെ തിങ്ങിപ്പാർക്കുന്ന മസ്കത്ത്, ദോഫാർ, വടക്ക്-തെക്ക് ബാത്തിന എന്നീ നാല് ഗവർണറേറ്റുകളിലെ വിവിധ പ്രദേശങ്ങളിലാണ് ആദ്യ ഘട്ടത്തിൽ പരിശോധന നടത്തുന്നത്. ഇവിടങ്ങളിൽനിന്ന് നിരവധി അനധികൃത തൊഴിലാളികൾ ഇതിനകം പിടിയിലായിട്ടുണ്ട്.
എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലും ശക്തമായ പരിശോധനയാണ് നടത്തുന്നത്.
താമസ രേഖകൾ ശരിയല്ലാത്തവരും വിസ, ലേബർ കാർഡ് എന്നിവ കാലാവധി കഴിഞ്ഞവരും പിടിയിലാവും. സ്വദേശികൾക്കായി നീക്കിവെച്ചിരിക്കുന്ന തസ്തികകളിൽ ജോലി ചെയ്യുന്നവരും പുതുക്കാത്തവരും വലയിൽ കുടുങ്ങും.
നിയമവിരുദ്ധ തൊഴിലാളികളെ തൊഴിൽ വിപണിയിൽനിന്ന് ഒഴിവാക്കാനും തൊഴിൽ വിപണിയെ നിയന്ത്രിക്കാനും ലക്ഷ്യമിട്ടാണു പരിശോധനയെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.