മസ്കത്ത്: ആധുനിക ഒമാന്റെ ശിൽപി എന്ന് വിശേഷിപ്പിക്കുന്ന സുൽത്താൻ ഖാബൂസ് ബിൻ സഈദ് വിടവാങ്ങിയിട്ട് ഇന്നേക്ക് മൂന്നു വർഷം പൂർത്തിയാകുന്നു. നയതന്ത്രജ്ഞൻ, സമാധാനകാംക്ഷി തുടങ്ങി ഒട്ടനവധി വിശേഷണങ്ങൾക്കർഹനായ പ്രിയ ഭരണാധികാരിയുടെ ഓർമകൾ ഇന്നും ജനമനസ്സുകളിൽ മായാതെ നിൽക്കുന്നു. 1970 ജൂലൈ 23ന് ഭരണസാരഥ്യം സുൽത്താൻ ഖാബൂസ് ഏറ്റെടുക്കുമ്പോൾ അറബ് മേഖലയിൽപോലും അധികമാരും അറിയാത്ത രാജ്യമായിരുന്നു ഒമാൻ. തീർത്തും അവികസിതവും ദരിദ്രവുമായ ഒരു രാജ്യം.
ഒരു ഭരണാധികാരിയുടെ ദീർഘവീക്ഷണവും ഉൾക്കാഴ്ചയും കാഴ്ചപ്പാടുകളും രാജ്യത്തെ മാറ്റിമറിക്കുന്ന അത്യപൂർവ കാഴ്ചക്കാണ് തുടർന്നുള്ള അമ്പത് വർഷക്കാലം ഒമാൻ സാക്ഷ്യം വഹിച്ചത്. ഗോത്രവർഗ കലാപങ്ങൾ അവസാനിപ്പിക്കുന്നതിനാണ് അദ്ദേഹം പ്രഥമ പരിഗണന നൽകിയത്. സുൽത്താനേറ്റ് ഓഫ് മസ്കത്ത്, ഒമാൻ എന്നായിരുന്നു സുൽത്താൻ ഖാബൂസ് അധികാരമേൽക്കുമ്പോൾ രാജ്യത്തിന്റെ പേര്. അധികാരമേറ്റശേഷം രാജ്യത്തിന്റെ പേര് സുൽത്താനേറ്റ് ഓഫ് ഒമാൻ എന്നാക്കി മാറ്റി. സലാലയുൾപ്പെടെ വിവിധ ഗോത്രവർഗ പ്രദേശങ്ങളെയടക്കം പ്രദേശങ്ങളെ ചേർത്തു പിടിക്കാനും വിശാലമായ ഒരു രാഷ്ട്രമാക്കി ഒമാനെ പരിവർത്തിപ്പിക്കാനും ഇതുവഴി സാധിച്ചു.
അടിസ്ഥാന സൗകര്യ വികസനത്തിനും വിദ്യാഭ്യാസത്തിനും പൗരന്മാരുടെ ആരോഗ്യത്തിനും സ്ത്രീകളുടെ ഉന്നമനത്തിനുമാണ് സുൽത്താൻ തുടർന്നുള്ള ഭരണത്തിൽ ഊന്നൽ നൽകിയത്. അധികാരമേൽക്കുമ്പോൾ തലസ്ഥാനമായ മസ്കത്തിൽനിന്ന് ഏഴു കിലോമീറ്റർ മാത്രമാണ് ടാർ ചെയ്ത റോഡ് ഉണ്ടായിരുന്നത്. ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച റോഡ് ഗതാഗത ശൃംഖലയുള്ള രാഷ്ട്രമാണ് ഒമാൻ. അധികാരത്തിലേറുമ്പോൾ വിരലിലെണ്ണാവുന്ന ആശുപത്രികൾ മാത്രമായിരുന്നു രാജ്യത്ത് ഉണ്ടായിരുന്നത്. ദീർഘ വീക്ഷണമുള്ള കാഴ്ചപ്പാടുകളോടെ കാര്യങ്ങളെ സമീപിച്ചതോടെ മുഴുവൻ ഗ്രാമങ്ങളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും പ്രാദേശിക ആസ്ഥാനങ്ങളിൽ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ ആശുപത്രികളും സജ്ജമാക്കാൻ സാധിച്ചു. എന്നും സമാധാനത്തിന്റെ തുരുത്തായി സുൽത്താനേറ്റിനെ നിലനിർത്തുന്നതിൽ സുൽത്താന്റെ നയങ്ങൾ ഏറെ സഹായകരമായി.
ഇന്ത്യയുമായി എന്നും സവിശേഷ ബന്ധമായിരുന്നു പുലര്‍ത്തിപ്പോന്നിരുന്നത്. ഇന്ത്യന്‍ പ്രവാസികള്‍ എക്കാലവും അദ്ദേഹത്തിന് പ്രിയപ്പെട്ടവരായിരുന്നു . പശ്ചിമേഷ്യൻ സമാധാനത്തിന് അദ്ദേഹം നൽകിയ സംഭാവനകളെ മുൻനിർത്തി മഹാത്മാ ഗാന്ധി സമാധാന പുരസ്കാരം സുൽത്താൻ ഖാബൂസ് ബിൻ സഈദിന് നൽകിയിട്ടുണ്ട്. സുൽത്താൻ ഖാബൂസിന്റെ പിൻഗാമിയായി വന്ന സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സഈദ് രാജ്യത്തെ കൂടുതൽ പുരോഗതിയിലേക്ക് നയിക്കുന്നതിനുള്ള യജ്ഞത്തിലാണ്. സുൽത്താൻ ഖാബൂസിന്റെ മഹത്തായ പാരമ്പര്യം മുൻനിർത്തി രാജ്യത്തെ നയിക്കുമെന്ന് അധികാരമേറ്റ ഉടൻ അദ്ദേഹം രാഷ്ട്രത്തെ അഭിസംബോധന ചെയ്തിരുന്നു. അതിനോട് പൂർണമായും നീതി പുലർത്തും വിധമാണ് സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സഈദ് രാജ്യത്തെ നയിച്ചു കൊണ്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.