മസ്കത്തിൽ മാധ്യമപ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ശശി തരൂർ എം.പി സംസാരിക്കുന്നു

യുക്രെയ്ൻ: ഇന്ത്യയുടെ ഒഴിപ്പിക്കൽ നടപടി വൈകി -ശശിതരൂർ എം.പി

മസ്കത്ത്: യുക്രെയ്നിലെ പൗരന്മാരെ ഒഴിപ്പിക്കുന്ന നടപടി ഇന്ത്യവളരെ വൈകിയാണ് ആരംഭിച്ചതെന്ന് ശശിതരൂർ എം.പി. ഒമാനിൽ എത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.കെ, അമേരിക്കപോലുള്ള രാജ്യങ്ങൾ തങ്ങളുടെ പൗരൻമാരെ യുദ്ധം തുടങ്ങുന്നതിന് ആഴ്ചകൾക്ക് മുമ്പ്തന്നെ ഒഴിപ്പിച്ചിരുന്നു. യുദ്ധം തുടങ്ങുന്ന അന്നാണ് ഇന്ത്യ ഒരു വിമാനം ലഭ്യമാക്കിയത്. മാത്രവുമല്ല, നല്ല കാശ് ഈടാക്കിയായിരുന്നു യാത്രക്കാരെ കൊണ്ടുവന്നിരുന്നത്. ഇതിനെ ഒഴിപ്പിക്കൽ നടപടി എന്ന് പറയാനാവില്ല. കാശ് ഇല്ലാത്ത പലർക്കും ഇത്തരം വിമാനത്തെ ആശ്രയിക്കാൻ കഴിയാത്ത സ്ഥിതിയുമുണ്ടായി.

പണ്ട് കുവൈത്തിൽനിന്നൊക്കെ ആളുകളെ സൗജന്യമായി കൊണ്ടുവന്ന രീതി അവസാനഘട്ടത്തിൽ ഇന്ത്യ ആരംഭിച്ചിട്ടുണ്ടെങ്കിലും വ്യോമയാന മേഖല അപ്പോഴേക്കും അടക്കുകയും ചെയ്തു. ഇതിനിടക്ക് രണ്ട് ഇന്ത്യക്കാർ മരിച്ചത് ആശങ്കയുണ്ടാക്കുന്നതാണ്. ഖാർകിവിൽനിന്നൊക്കെ വളരെ പ്രയാസത്തോടെയാണ് വിദ്യാർഥികൾ അതിർത്തിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഒരു 25,000 ആളുകളെയെങ്കിലും യുക്രെയ്നിൽനിന്ന് എത്തിക്കാൻ കഴിഞ്ഞാൽ ആശ്വസിക്കാം. ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യയെടുത്ത നിലപാട് ചരിത്രത്തിന് എതിരാണ്. ആദ്യം മുതൽക്കുതന്നെ നിലപാടില്ലായ്മയായിരുന്നു ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

മീഡിയവൺ: നിയമപരമായി മുന്നോട്ടുപോകണം -ശശി തരൂർ

മസ്കത്ത്: മീഡിയവണ്ണിന്‍റെ വിലക്ക് മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കൈയേറ്റമാണെന്ന് ശശി തരൂർ. മസ്കത്തിൽ മാധ്യമപ്രവർത്തകരോടായി സംസാരിക്കുകയായിരുന്നു. ഈ വിഷയത്തിൽ നിയമപരമായി മുന്നോട്ടുപോകണമെന്നാണ് ഡൽഹിയിൽ എന്നെ കാണാൻ വന്ന മീഡിയവൺ പ്രതിനിധികളോട് പറഞ്ഞിരിക്കുന്നത്. ആഭ്യന്തരമന്ത്രാലയം എന്തിന്‍റെ പേരിലാണ് വിലക്കിയതെന്ന് അറിയാനുള്ള അവകാശമുണ്ട്. ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യം നിലനിൽക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ മീഡിയവൺപോലുള്ള സ്ഥാപനങ്ങൾക്ക് നേരെയുള്ള കടന്നുകയറ്റം ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Ukraine: India's evacuation process delayed -Shashi Tharoor MP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.