മസ്കത്ത്: പരിസ്ഥിതി സൗഹൃദ ഹരിത പദ്ധതികൾ നടപ്പിലാക്കുന്നതിന് പൊതുജനാഭിപ്രായം തേടി ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി(ടി.ആർ.എ). പോസ്റ്റൽ മേഖലയിൽ നടപ്പിലാക്കാൻ സാധിക്കുന്ന പദ്ധതികൾ സംബന്ധിച്ചാണ് പൊതുജനങ്ങൾക്ക് നിർദേശങ്ങൾ സമർപ്പിക്കാൻ സാധിക്കുക. പോസ്റ്റൽ സേവനങ്ങൾ ഉപയോഗിക്കുന്നവർക്കും ഏതെങ്കിലും തരത്തിൽ സംവിധാനവുമായി ബന്ധപ്പെടുന്നവർക്കുമെല്ലാം അഭിപ്രായങ്ങൾ രേഖപ്പെടുത്താവുന്നതാണ്. ടി.ആർ.എ വെബ്സൈറ്റിൽ ലഭ്യമാക്കിയ പബ്ലിക്ക് കൺസൾട്ടേഷൻ പേജ് വഴിയാണ് നിർദേശങ്ങൾ അറിയിക്കേണ്ടത്. ആഗസ്റ്റ് 17ന് മുമ്പായി അഭിപ്രായങ്ങൾ സമർപ്പിക്കണം.
ഒമാൻ വിഷൻ 2040 ലക്ഷ്യങ്ങളുടെ ഭാഗമായ പാരിസ്ഥിതിക സുസ്ഥിരത നേടിയെടുക്കുന്നതിന് സംഭാവന ചെയ്യുന്നതിനാണ് പദ്ധതി നടപ്പിലാക്കുന്നത്. കാർബൺ പുറന്തള്ളൽ കുറക്കുക, ഊർജ ഉപഭോഗം നിയന്ത്രിക്കുക, പരിസ്ഥിതി മലിനീകരണം തടയുക എന്നിവയാണ് പാരിസ്ഥിതിക സുസ്ഥിരതയിലൂടെ ലക്ഷ്യമിടുന്നത്. പോസ്റ്റൽ സേവനങ്ങൾ നടപ്പിലാക്കുന്ന വിവിധ ഘട്ടങ്ങളിൽ നടപ്പിലാക്കാനാവുന്ന പദ്ധതികൾ നിർദേശിക്കാവുന്നതാണ്.
ഇ-കോമേഴ്സ് വഴിയുള്ള തപാൽ, ഡെലിവറി സേവനങ്ങൾക്കുള്ള ആവശ്യം വർധിച്ചതോടെ ദേശീയതലത്തിൽ വാഹനങ്ങളെ കൂടുതൽ ഉപയോഗപ്പെടുത്താൻ ആരംഭിച്ചത് തപാൽ പ്രവർത്തനങ്ങൾ പരിസ്ഥിതിയെ ബാധിക്കാൻ കാരണമായിട്ടുണ്ടെന്നും ടി.ആർ.എ പ്രസ്താവനയിൽ പറഞ്ഞു. കൃത്യമായ നിയന്ത്രണാന്തരീക്ഷം വികസിപ്പിക്കുക, ഉപഭോക്താക്കളുടെ ആവശ്യങ്ങളും പ്രതീക്ഷകളും നിറവേറ്റുക, നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുക, നൂതന സാങ്കേതികവിദ്യകളും സേവനങ്ങളും ഉപയോഗപ്പെടുത്തുക എന്നിവയാണ് പബ്ലിക്ക് കൺസൾട്ടേഷൻ വഴി ലക്ഷ്യമിടുന്നത്. നിർദേശങ്ങളിൽനിന്ന് മികച്ച പദ്ധതികൾ തിരഞ്ഞെടുത്ത് മേഖലയിൽ നടപ്പിലാക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.