ശൂറ കൗൺസിൽ സമ്മേളനത്തിൽനിന്ന്
മസ്കത്ത്: സർക്കാർ സമർപ്പിച്ച നഗരാസൂത്രണ നിയമത്തിന്റെ കരടുനിയമം സംബന്ധിച്ച് ചർച്ച പൂർത്തിയാക്കി ശൂറ കൗൺസിൽ. വിശദമായ ചര്‍ച്ചകള്‍ക്കുശേഷം കരട് കൗൺസിൽ അംഗീകരിക്കുകയും നിയമനിർമാണ നടപടികളുടെ തുടർഘട്ടങ്ങൾക്കായി സ്റ്റേറ്റ് കൗൺസിലിന് കൈമാറുകയും ചെയ്തു. യോഗത്തിൽ കൗൺസിൽ ചെയർമാൻ ഖാലിദ് ഹിലാൽ അൽ മാവാലിയുടെ അധ്യക്ഷതവഹിച്ചു. സർവിസസ് ആൻഡ് പബ്ലിക് യൂട്ടിലിറ്റീസ് കമ്മിറ്റി ചെയർമാൻ ഡോ. ഹമൂദ് അഹമ്മദ് അൽ യഹ്യ കമ്മിറ്റിയുടെ റിപ്പോർട്ട് അവതരിപ്പിച്ചു. ഒമാന്റെ നഗര നയങ്ങളുമായി മികച്ച അന്താരാഷ്ട്ര രീതികൾ ഏകീകരിക്കുന്നതിനായി അയൽരാജ്യങ്ങളിലെ നിയമ മാതൃകകൾ പഠിച്ചതായും, ഹൗസിങ് ആൻഡ് അർബൻ പ്ലാനിങ് മന്ത്രാലയം, ഒമാൻ സൊസൈറ്റി ഓഫ് എൻജിനീയേഴ്സ്, അക്കാദമിക് വിദഗ്ധർ എന്നിവരുമായി ചർച്ച നടത്തിയതായും അദ്ദേഹം അറിയിച്ചു.
ഒമാൻ വിഷൻ 2040 ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള പ്രധാന തൂണുകളിലൊന്നായി ഈ കരടുനിയമം കണക്കാക്കപ്പെടുന്നു. വേഗത്തിൽ പുരോഗമിക്കുന്ന നഗരവത്കരണത്തെയും രാജ്യത്തെ സാമൂഹിക-സാമ്പത്തിക മാറ്റങ്ങളെയും നേരിടാൻ ആധുനിക നിയമ ചട്ടക്കൂട് ഒരുക്കുകയാണ് ലക്ഷ്യം.
ദേശീയ നഗര വികസന തന്ത്രങ്ങളുമായി പദ്ധതിയെ ഏകീകരിക്കുക, സർക്കാർ-സർക്കാറിതര സ്ഥാപനങ്ങൾക്കും സമൂഹത്തിനും ഇടയിലെ ഏകോപന സംവിധാനം ശക്തമാക്കുക, സാമൂഹിക സുരക്ഷ, പൊതുജനാരോഗ്യം, പരിസ്ഥിതി മാനദണ്ഡങ്ങൾ എന്നിവ നിലനിർത്തി അടിസ്ഥാന സൗകര്യങ്ങൾ ആഗോള മാറ്റങ്ങൾക്ക് അനുയോജ്യമാക്കുക തുടങ്ങിയ വിഷയങ്ങളിലാണ് അംഗങ്ങൾ പ്രധാനമായി ശ്രദ്ധ കേന്ദ്രീകരിച്ചത്. ഭൂവിനിയോഗത്തിൽ കർശന നിയന്ത്രണങ്ങൾ നടപ്പാക്കുന്നതും പാർപ്പിട പദ്ധതികളിൽ അടിസ്ഥാന സൗകര്യങ്ങളും അവശ്യ സേവനങ്ങളും ഉറപ്പാക്കുന്നതും സംബന്ധിച്ച് സമ്മേളനത്തിൽ ചർച്ചയായി.
കായിക ക്ലബുകൾക്കും ഫെഡറേഷനുകൾക്കും പണം വകയിരുത്തുന്നതും പിന്തുണയും വർധിപ്പിക്കണമെന്ന ആവശ്യവുമായി യുവജന-മാനവ വിഭവ സമിതി സമർപ്പിച്ച റിപ്പോർട്ടും കൗൺസിൽ ചർച്ച ചെയ്ത് അംഗീകരിച്ചു. കായിക മേഖലയിലെ നിക്ഷേപവുമായി ബന്ധപ്പെട്ട വെല്ലുവിളികളും വിഭവ വർധനക്കുള്ള മാർഗങ്ങളും റിപ്പോർട്ട് വിശദീകരിച്ചു. കായിക അടിസ്ഥാന സൗകര്യങ്ങളിലും അനുബന്ധ സേവനങ്ങളിലും നിക്ഷേപവും പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്ന ശുപാർശകളും ഇതിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.