മസ്കത്ത്: വിശ്വമാനവികതയുടെയും ഐക്യത്തിന്‍റേയും സന്ദേശങ്ങൾ വിളംബരം ചെയ്ത് ഗൾഫ് മാധ്യമം ‘ഹാർമോണിയസ് കേരള’യുടെ മൂന്നാം പതിപ്പ് മസ്കത്തിൽ അരങ്ങേറി. കോവിഡ് മഹാമാരിക്ക് ശേഷം ഒമാനിലെ മലയാളി പ്രവാസികളുടെ ഏറ്റവും വലിയ ഒത്തുചേരലായ പരിപാടി സുന്ദരമൂഹൂർത്തങ്ങൾ സമ്മാനിച്ചാണ് തിരശ്ശീല വീണത്. അതിരുകളില്ലാത്ത ഒരുമയുടെയും സ്നേഹത്തിന്റെയും സന്ദേശങ്ങൾ പകർന്നാടിയ സംസ്കാരികരാവ് ആസ്വാദിക്കാൻ ഖുറം ആംഫി തിയേറ്ററിലേക്ക് ആയിരങ്ങളാണ് ഒഴുകിയത്.
പ്രവാസികളെ എന്നും ചേർത്തുപിടിക്കുന്ന സുൽത്താനേറ്റിന്‍റെ മണ്ണിൽ നടന്ന മാനവികതയുടെ മഹോത്സവം ഇന്ത്യയും ഒമാനും തമ്മിലുള്ള ഊഷ്മള ബന്ധത്തിന്‍റെ അടയാളപ്പെടുത്തൽ കൂടിയായി. ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ഇൻഡസ്ട്രി ബോർഡ് ഓഫ് ഡയറക്ടേഴ്സ് (ഒ.സി.സി.ഐ) ചെയർമാൻ ഫൈസൽ ബിൻ അബ്ദുല്ല അൽ റവാസ് ഉദ്ഘാടനം ചെയ്തു. ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ് മുഖ്യാതിഥിയായി.
ചടങ്ങിൽ ഒ.സി.സി.ഐ മെംബറായി തെരഞ്ഞെടുത്ത ആദ്യ വിദേശ പ്രതിനിധിയും ബദർ അൽസമ മാനേജിങ് ഡയറക്ടറുമായ അബ്ദുൽ ലത്തീഫ് ഉപ്പളയെ ഫൈസൽ ബിൻ അബ്ദുല്ല അൽ റവാസ് ആദരിച്ചു. പൊന്നാട അംബാസഡറും അണിയിച്ചു. ഗൾഫ് മാധ്യമം ഇന്നവേറ്റീവ് ബിസിനസ് അവാർഡ് പ്രിമീയം ഗ്ലോബൽ ഗ്രൂപ് മാനജേിങ് ഡയറക്ടർ നൗഷാദ് റഹ്മാന് സമ്മാനിച്ചു.
സുൽത്താനേറ്റിന്റെയും ഇന്ത്യയുടേയും മാനവികതയെ കുറിച്ച് കവിത രചിച്ച ഒമാനി കവി ജാസി ബിൻ ഈസ അൽഖർത്തൂബിക്ക് ഇന്ത്യൻ അംബാസഡർ ഉപഹാരം കൈമാറി. അഭിനയ ജീവിതത്തിന്റെ 25 വർഷം പൂർത്തിയാക്കുന്ന നടൻ കുഞ്ചാക്കോ ബോബൻ, സിനിമ മേഖലയിൽ 40 വർഷമായി പ്രയാണം നടത്തുന്ന സംവിധായകൻ കമൽ എന്നിവരേയും ചടങ്ങിൽ ആദരിച്ചു.
സ്പോൺസർമാരായ നൂർ ഗസൽ ഫുഡ്സ് ആൻഡ് സ്പൈസസ് മാനേജിങ് ഡയറക്ടർ പി.ബി സലീം, സീപേൾസ് ഗോൾഡ് ആൻഡ് ഡയമണ്ട് ജനറൽ മാനജേർ റിയാസ് പി. ലത്തീഫ്, ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ജനറൽ മാനേജർ നിക്സൺ ബേബി, ട്രിപ്പ്ൾ ഐ കോമേഴ്സൽ അക്കാദമി ചെയർമാൻ അബ്ദുൽ വാഹിദ്, അൽ നമാനി കാർഗോ മാനേജിങ് ഡയറക്ടർ മുഹമ്മദ് ഉണ്ണി എന്നിവർക്കുള്ള ഉപഹാരം ഫൈസൽ ബിൻ അബ്ദുല്ല അൽ റവാസ് കൈമാറി. മുഖ്യാതിഥികൾക്കുള്ള ഉപഹാരം ഗൾഫ് മാധ്യമം-മീഡിയവൺ മിഡിലീസ്റ്റ് ഓപറേഷൻ ഡയറക്ടർ സലീം അമ്പലൻ, ഗൾഫ് മാധ്യമം ഒമാൻ റസിഡന്റ് മാനേജർ ശക്കീൽ ഹസ്സൻ എന്നിവർ കൈമാറി.
ജിഷ റഹ്മാൻ, ഗൾഫ് മാധ്യമം ഗ്ലോബൽ ബിസിനസ് ഹെഡ് കെ. മുഹമ്മദ് റഫീഖ്, കൺട്രി ഹെഡ് ബിസിനസ് കെ. ജുനൈസ്, കൺട്രി ഹെഡ് ഇവന്റ്സ് മുഹ്സിൻ എം.അലി, മാധ്യമം പി.ആർ മാനേജർ കെ.ടി. ഷൗക്കത്ത് അലി, ഗൾഫ് മാധ്യമം ഒമാൻ മാർക്കറ്റിങ് മാനേജർ ഷൈജു സലാഹുദ്ധീൻ, ഒമാൻ ഗൾഫ് മാധ്യമം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഇംതിയാസ് തുടങ്ങിയവർ സംബന്ധിച്ചു.കാണികളുടെ മനംകവർന്ന് സംഗീത കലാവിരുന്നും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.