ജി.സി.സി രാജ്യങ്ങളിലെ ജനസംഖ്യ ആറുകോടി കടന്നു

മസ്കത്ത്: ജി.സി.സി രാജ്യങ്ങളിലെ ജനസംഖ്യ ആറ് കോടി കടന്നു. 2024ന്റെ അവസാനത്തിലെ കണക്ക് പ്രകാരം ആറ് ജി.സി.സി രാജ്യങ്ങളിലായി ജീവിക്കുന്നത് 6.12 കോടി ജനങ്ങളാണ്. 2023നെ അപേക്ഷിച്ച് 21 ലക്ഷം കൂടുതലാണിത്. ലോക ജനസംഖ്യാദിനത്തോട് അനുബന്ധിച്ചാണ് ജി.സി.സി സ്റ്റാറ്റിസ്റ്റിക്സ് സെന്റര്‍ ജനസംഖ്യ കണക്ക് പുറത്തുവിട്ടത്.

കോവിഡിന് ശേഷം ജനസംഖ്യയില്‍ ക്രമാനുഗതമായ വളര്‍ച്ചയുണ്ട്. 2021 മുതല്‍ 2024 വരെ ജി.സി.സി ജനസംഖ്യയില്‍ 76 ലക്ഷത്തിന്റെ വര്‍ധനയുണ്ടായെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ജി.സി.സി രാജ്യങ്ങളിലെ പുരുഷ ജനസംഖ്യ ഏകദേശം 3.85 കോടിയിലെത്തി. ഇത് മൊത്തം ജനസംഖ്യയുടെ 62.8 ശതമാനമാണ്. സ്ത്രീകളുടെ ജനസംഖ്യ 2.27 കോടിയുമാണ്, ഇത് ജനസംഖ്യയുടെ 37.2 ശതമാനമാണ്.

സ്ത്രീ-പുരുഷാനുപാതത്തിലെ അന്തരം ഏറ്റവും കൂടുതലുള്ള മേഖല കൂടിയാണിത്. 169 പുരുഷന്‍മാര്‍ക്ക് 100 സ്ത്രീകള്‍ എന്നതാണ് കണക്ക്.

ജി.സി.സി രാജ്യങ്ങളില്‍ തൊഴില്‍ തേടിയെത്തുന്നവരില്‍ ഭൂരിപക്ഷവും പുരുഷന്മാരാണ് എന്നതാണ് ഇതിന് കാരണം. യു.എന്നിന്റെ കണക്ക് പ്രകാരം ജി.സി.സിയിലേക്കുള്ള തൊഴില്‍ കുടിയേറ്റത്തില്‍ 84 ശതമാനം പുരുഷന്മാരാണ്. ആഗോളതലത്തില്‍ ഇത് 56 ശതമാനമാണ്. ഇതാണ് സ്ത്രീ-പുരുഷാനുപാതത്തില്‍ അന്തരത്തിനുള്ള കാരണം. സൗദി അറേബ്യയാണ് ജി.സി.സി രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യം. കണക്കുകൾ പ്രകാരം, ജി.സി.സി രാജ്യങ്ങളിലെ ജനസംഖ്യ ലോക ജനസംഖ്യയുടെ 0.7 ശതമാനമാണ്.

Tags:    
News Summary - The population of GCC countries has crossed 60 million.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.