മസ്കത്ത്: സ്വർണം കടത്തുന്നെന്ന് സന്ദേശം ലഭിച്ചെന്ന് ചൂണ്ടിക്കാട്ടി മസ്കത്തിൽ നിന്നുള്ള യാത്രക്കാരനെ കണ്ണൂർ വിമാനത്താവളത്തിൽ വിവസ്ത്രനാക്കി പരിശോധിച്ചതായി പരാതി. പരിശോധനയിൽ സ്വർണമൊന്നും കണ്ടെത്താൻ കഴിയാതെവന്നതോടെ ക്ഷമാപണം നടത്തി വിടുകയുംചെയ്തു. ഏതാനും മണിക്കൂറുകൾ പിടിച്ചുവെച്ച് പരിശോധിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് ചോദിച്ചപ്പോൾ നിങ്ങൾ മസ്കത്തിൽനിന്ന് സ്വർണവുമായി വരുന്നുണ്ടെന്ന് സന്ദേശം ലഭിച്ചെന്നായിരുന്നുവത്രെ അധികൃതരുടെ മറുപടി.
വെള്ളിയാഴ്ച രാത്രി മസ്കത്തിൽനിന്ന് കണ്ണൂരിനു പോയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനാണ് വിമാനത്താവളത്തിൽ ദുരനുഭവമുണ്ടായത്. ശനിയാഴ്ച രാത്രി നടക്കുന്ന ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് മത്രയിലെ ഷോപ്പിൽ ജോലിചെയ്യുന്ന കണ്ണൂർ സ്വദേശി വെള്ളിയാഴ്ച നാട്ടിലേക്ക് വിമാനം കയറിയത്. കണ്ണൂർ വിമാനത്താവളത്തിലെ മെറ്റൽ ഡിറ്റക്ടറിലൂടെ കടക്കുമ്പോൾ ബീപ് ശബ്ദം കേട്ടതോടെയാണ് പരിശോധനക്കായി കൊണ്ടുപോയത്. മൂന്നു യന്ത്രങ്ങളിലൂടെ കടന്നുനോക്കിയെങ്കിലും ഒരെണ്ണം മാത്രമാണ് ബീപ് ശബ്ദം പുറപ്പെടുവിക്കാഞ്ഞത്. തുടർന്ന് ശരീരത്തിൽ സ്വർണം ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന് സംശയിച്ച് വിവസ്ത്രനാക്കി പരിശോധിക്കുകയായിരുന്നു. യന്ത്രത്തിന്റെ തകരാറാണ് തന്നെ മണിക്കൂറുകൾ മുൾമുനയിൽ നിർത്തിയതെന്ന് യാത്രക്കാരൻ പറയുന്നു. മലയാളിയായ കസ്റ്റംസ് ഉദ്യോഗസ്ഥന് കാര്യം മനസ്സിലായിട്ടും വീഴ്ച മറയ്ക്കാനായി ഉത്തരേന്ത്യയിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് മണിക്കൂറുകൾ നീണ്ട പരിശോധനകൾ നടത്തി പ്രയാസമുണ്ടാക്കിയതെന്നും ഇയാൾ പറയുന്നു. പിന്നീട് സംശയകരമായി ഒന്നും കണ്ടെത്താത്തതിനാൽ ക്ഷമാപണം നടത്തി പറഞ്ഞുവിടുകയും ചെയ്തു. ഒരു ഗ്രാം സ്വർണം പോലും ഇല്ലാതെ നാട്ടിൽ പോയ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളും പരിശോധിച്ചതായി ഇദ്ദേഹം പറയുന്നു. വാട്സ്ആപ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയെല്ലാം തുറന്ന് പരിശോധിച്ച ശേഷമാണ് വിട്ടയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.