മസ്കത്ത്: ഒമാനിലെ ആദ്യത്തെ ബഹിരാകാശ തുറമുഖമായ ഇത്തലാഖ് 2027 ഓടെ പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നതായി നാഷനൽ എയ്റോസ്പേസ് സർവിസസ് കമ്പനിയുടെ (നാസ്കോം) സ്ഥാപകനും സി.ഇ.ഒയുമായ സയ്യിദ് അസാൻ ബിൻ ഖൈസ് അൽ സഈദ് പറഞ്ഞു. വാണിജ്യ, ശാസ്ത്രീയ ആവശ്യങ്ങൾക്കായി ദേശീയ ബഹിരാകാശ അടിസ്ഥാന സൗകര്യം സ്ഥാപിക്കാനുള്ള സുൽത്താനേറ്റിന്റെ അഭിലാഷങ്ങളിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണിത്. ദുകമിലാണ് ഇത്തലാഖ് സ്പേസപോർട്ടിന്റെ വികസന പ്രവൃത്തികൾ നടന്നുകൊണ്ടിരിക്കുന്നത്.
ഉപഗ്രഹ, ഉപ-ഭ്രമണപഥ വാഹന വിക്ഷേപണങ്ങൾക്ക് പൂർണമായ ലോജിസ്റ്റിക്കൽ, സാങ്കേതിക സേവനങ്ങൾ നൽകുന്ന തരത്തിലാണ് ഇതിന്റെ രൂപകൽപന. ഒമാന്റെ തന്ത്രപ്രധാനമായ സ്ഥാനം ആഗോള ഓപറേറ്റർമാരെ ആകർഷിക്കുന്നതിനുള്ള ഒരു പ്രധാന നേട്ടമാണ്.
നാല് വിക്ഷേപണ പാഡുകളുടെ സൗകര്യം ഇവിടെ ഉണ്ടാകും. പുനരുപയോഗിക്കാവുന്ന സംവിധാനങ്ങൾ ഉൾപ്പെടെ മൈക്രോ മുതൽ ഹെവി പേലോഡുകൾ വരെയുള്ള വിവിധ ദൗത്യങ്ങളെ പിന്തുണക്കുമെന്ന് സയ്യിദ് അസാൻ പറഞ്ഞു. ബഹിരാകാശ സാങ്കേതികവിദ്യകളിൽ ദേശീയ കഴിവുകൾ വളർത്തിയെടുക്കുന്നതിനുമുള്ള കമ്പനിയുടെ ലക്ഷ്യവുമായി യോജിച്ച്, സമർപ്പിത പരിശീലന പരിപാടികളിലൂടെ നാസ്കോം പ്രാദേശിക മാനവ മൂലധനം വികസിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2024ൽ ആരംഭിച്ച അൽ തക്വീൻ (ജെനസിസ്) എന്ന പരിപാടിയുടെ കീഴിൽ, കമ്പനി ഹ്രസ്വ-ടേൺ-എറൗണ്ട് വിക്ഷേപണ പ്രവർത്തനങ്ങളെ പിന്തുണക്കുന്നു. 14 ആഴ്ചകൾക്കുള്ളിൽ ബഹിരാകാശ പേടകങ്ങളുടെ പരിശോധനയും യോഗ്യതയും സാധ്യമാക്കുന്നതാണിത്. പരീക്ഷണാത്മക വിമാനങ്ങൾക്കായുള്ള രണ്ടാമത്തെ ലോഞ്ച് പാഡും പുതിയ അസംബ്ലി സൗകര്യവും സമീപകാല വികസനങ്ങളിൽ ഉൾപ്പെടുന്നു. നാസ്കോമിന്റെ അടുത്ത ദൗത്യം ‘ദുകം-രണ്ട്’റോക്കറ്റന്റെ വക്ഷേപണമാണ്.
ന്യൂസിലാൻഡ് ആസ്ഥാനമായുള്ള സ്റ്റെല്ലാർ കൈനറ്റിക്സുമായി സഹകരിച്ചാണ് ഇത് നടത്തുന്നത്. ഇത് രണ്ട് അന്താരാഷ്ട്ര ശാസ്ത്രീയ പേലോഡുകൾ വഹിക്കുകയും മൈക്രോഗ്രാവിറ്റി അവസ്ഥകൾ പര്യവേക്ഷണം ചെയ്യുകയും ഗവേഷണത്തിനും സാങ്കേതിക വികസനത്തിനും സംഭാവന നൽകുകയും ചെയ്യും. ബഹിരാകാശ പര്യവേഷണത്തിനായുള്ള ഒമാന്റെ തന്ത്രത്തെ സ്പേസ്പോർട്ട് പദ്ധതി പിന്തുണക്കുന്നുവെന്ന് ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയത്തിലെ നയ-ഭരണ വിഭാഗം ഡയറക്ടർ ജനറലും ദേശീയ ബഹിരാകാശ പരിപാടിയുടെ തലവനുമായ ഡോ. സൗദ് ബിൻ ഹുമൈദ് അൽ ഷുഐലി പറഞ്ഞു.
മിഡിലീസ്റ്റിലെ ആദ്യത്തെ ബഹിരാകാശ തുറമുഖം വികസനത്തിനായി ഒമാന്‍ വിവിധ പദ്ധതികളാണ് ആവിഷ്കരിച്ചുവരുന്നത്. 2023 ജനുവരിയിലാണ് ഇതിന്റെ പ്രാരംഭ ആശയം അവതരിപ്പിച്ചത്. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ബഹിരാകാശ വ്യവസായത്തില്‍ ഇത്ലാഖിനെ ശ്രദ്ധേയ സാന്നിധ്യമായി മാറ്റാനാണ് നാസ്കോം പദ്ധതിയിടുന്നത്. അന്താരാഷ്ട്ര ബഹിരാകാശ പര്യവേഷണ കമ്പനികളുടെ ആകര്‍ഷകമായ ലക്ഷ്യസ്ഥാനമാക്കി ഒമാനെ മാറ്റും. യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് നിശ്ചയിച്ചിട്ടുള്ള ഏറ്റവും ഉയര്‍ന്ന നിലവാരം പുലര്‍ത്തുകയാണ് സ്പേസ് പോര്‍ട്ട് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.