മസ്കത്തിൽ സംഘടിപ്പിച്ച പ്രഥമ റഷ്യൻ ഫിലിം ഫെസ്റ്റിവലിൽനിന്ന്
മസ്കത്ത്: ഒമാനിൽ പ്രഥമ റഷ്യൻ ഫിലിം ഫെസ്റ്റിവൽ നിറഞ്ഞ പ്രേക്ഷക പങ്കാളിത്തത്തിൽ സമാപിച്ചു. മാൾ ഓഫ് ഒമാനിലെ വോക്സ് സിനിമാസിൽ മൂന്നു ദിവസങ്ങളിലായി നടന്ന മേള റഷ്യയും ഒമാനും തമ്മിലുള്ള സാംസ്കാരിക സഹകരണത്തിന്റെ പുതിയ അധ്യായമായി മാറി. റഷ്യൻ സംസ്കാരിക മന്ത്രി ഒൽഗ ബോറിസോവ്ന ല്യുബിമോവ സന്ദേശം നൽകി. 2025ൽ ഒമാനും റഷ്യയും തമ്മിലുള്ള നയതന്ത്രബന്ധങ്ങൾക്ക് 40 വർഷം പൂർത്തിയാകുന്ന അവസരത്തിൽ ‘റഷ്യൻ സീസൺസ്’ പോലുള്ള സാംസ്കാരിക പദ്ധതികളുടെ പ്രാധാന്യം അവർ സന്ദേശത്തിൽ എടുത്തുപറഞ്ഞു.
ഉദ്ഘാടനച്ചടങ്ങിൽ റഷ്യൻ അംബാസഡർ ഒലെഗ് ലെവിൻ, പ്രമുഖ ഒമാനി നടനും നിർമാതാവുമായ അഹമ്മദ് അലൗവിനി, പ്രശസ്ത റഷ്യൻ സംവിധായകൻ അലക്സി ജർമൻ എന്നിവരും സംസാരിച്ചു. അലക്സിയടെ സിനിമ ‘എയർ’ മേളയിൽ പ്രദർശിപ്പിച്ചു. ചിത്രപ്രദർശനത്തിനുശേഷം നടന്ന സംവാദത്തിൽ സംവിധായകൻ ഒമാനി പ്രേക്ഷകരുമായി ആശയവിനിമയം നടത്തി. സിനിമയുടെ സൃഷ്ടിപ്രക്രിയ, ചരിത്രവിഷയങ്ങൾ, ചിത്രീകരണതലത്തിലെ അനുഭവങ്ങൾ എന്നിവയെക്കുറിച്ച് സംവാദം നടന്നു.
ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് പ്രേക്ഷകരെ സ്പർശിച്ച ഈ കഥ ഒമാനിലും എത്തിയത് സന്തോഷകരമാണെന്ന് അദ്ദേഹം പറഞ്ഞു.മേളയുടെ മൂന്ന് ദിവസങ്ങളിലും വിവിധ വിഭാഗങ്ങളിലുളള അഞ്ചു പുതിയ റഷ്യൻ ചിത്രങ്ങൾ പ്രദർശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.