അഗ്നിബാധയുണ്ടായ വാഹനത്തിലെ തീയണക്കുന്ന
രക്ഷാപ്രവർത്തകർ (ഫയൽ)
മസ്കത്ത്: മുൻവർഷങ്ങളെ അപേക്ഷിച്ച് രാജ്യത്ത് തീപിടിത്ത അപകടങ്ങൾ കഴിഞ്ഞ വർഷം ചെറിയ അളവിൽ വർധിച്ചതായി കണക്ക്. നാഷനൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ അടുത്തിടെ പ്രസിദ്ധീകരിച്ച സ്ഥിതിവിവരക്കണക്കിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
2021ൽ 4057 തീപിടിത്ത സംഭവങ്ങളും 2020ൽ 3,409 സംഭവങ്ങളുമാണ് ഉണ്ടായത്. എന്നാൽ, 2022ൽ 4186 തീപിടിത്ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അഗ്നിബാധകൾ സംഭവിച്ചതിൽ 32.1 ശതമാനവും (1345) പാർപ്പിട സ്ഥലങ്ങളിലാണെന്ന് കണക്കുകൾ പറയുന്നു. വൈദ്യുതോപകരണങ്ങൾ, പാചക വാതകം മുതലായവയിൽനിന്നാണ് വീടുകളിൽ തീപിടിത്തമുണ്ടാകുന്നത്. കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ട മൊത്തം തീപിടിത്തങ്ങളിൽ 22.2 ശതമാനവും (930) വാഹനങ്ങളിലാണ്. പ്രത്യേകിച്ച് വേനൽക്കാലത്താണ് വാഹനങ്ങളുടെ തീപിടിത്തം ഗണ്യമായി വർധിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
അപകടങ്ങളിൽ പലപ്പോഴും മനുഷ്യർക്കും വസ്തുവകകൾക്കും കനത്ത നഷ്ടവുമുണ്ടായിട്ടുണ്ട്. വാഹനങ്ങളുടെ പതിവ് അറ്റകുറ്റപ്പണികൾ ശ്രദ്ധിക്കുകയും കേടായ ഭാഗങ്ങൾ മാറ്റിസ്ഥാപിക്കുകയും ചെയ്താൽ വാഹനങ്ങളുടെ തീപിടിത്തം ഒഴിവാക്കാമെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് നിർദേശിക്കുന്നുണ്ട്.
ഇലക്ട്രിക്കൽ ഉപകരണങ്ങൾ, ഓവർഹെഡ് വൈദ്യുതി ലൈനുകൾ, യൂട്ടിലിറ്റി തൂണുകൾ എന്നിവയിലെ തീപിടിത്ത സംഭവങ്ങളുടെ എണ്ണം 5.6 ശതമാനം (234) ആണ്. സർക്കാർ സ്ഥാപനങ്ങളിൽ കഴിഞ്ഞ വർഷം 50 തീപിടിത്തങ്ങളാണ് ഉണ്ടായത്. ഒമാൻ അടുത്തിടെ ദ്രുതഗതിയിൽ വ്യവസായിക വളർച്ചക്ക് സാക്ഷ്യം വഹിച്ചതിനാൽ വ്യവസായിക സൗകര്യങ്ങളിൽ 41 അപകടങ്ങൾ സംഭവിച്ചു. ചില വ്യവസായിക സ്ഥാപനങ്ങൾ സുരക്ഷ നടപടികൾ പാലിക്കാത്തതാണ് ഇതിനു കാരണമായത്.
മസ്കത്ത് ഗവർണറേറ്റിലാണ് മറ്റു ഗവർണറേറ്റുകളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ തീപിടിത്ത അപകടങ്ങൾ രേഖപ്പെടുത്തിയത്. മസ്കത്തിൽ 1307 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അൽ ബത്തിന നോർത്ത് ഗവർണറേറ്റിൽ 949 തീപിടിത്ത സംഭവങ്ങളും അൽ ദാഖിലിയ ഗവർണറേറ്റിൽ 435 സംഭവങ്ങളുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.