മസ്കത്ത്: മലയാളം മിഷൻ സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിന്റെ ഒമാൻ ചാപ്റ്റർ ഫൈനൽ മത്സരങ്ങൾ വെള്ളിയാഴ്ച ഇബ്രയിൽ നടക്കും. അൽ ഷർഖിയ സാൻഡ്സ് ഹോട്ടലിൽ ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ മത്സര പരിപാടികൾ ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.ഒമാനിലെ വിവിധ മേഖല മത്സരങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയ അറുപതോളം കുട്ടികളാണ് ഫൈനൽ മത്സരത്തിൽ മാറ്റുരക്കുന്നത്.സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി മത്സരങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. ചാപ്റ്റർ തല ഫൈനലിൽ ഓരോ വിഭാഗത്തിലും ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്നവർ കേരളത്തിൽ വെച്ചു നടത്തുന്ന ആഗോള തല ഫൈനൽ മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടും.
മലയാളത്തിന്റെ പ്രിയ കവയിത്രിയും മലയാളം മിഷൻ ഭരണസമിതി അംഗവുമായിരുന്ന സുഗതകുമാരി ടീച്ചറുടെ സ്മരണാർഥം മലയാളം മിഷൻ വാർഷികമായി നടത്തിവരുന്ന കാവ്യാലാപന മത്സരമാണ് സുഗതാഞ്ജലി. ഇത്തവണത്തെ സുഗതാഞ്ജലിയിൽ ഒ.എൻ.വിയുടെ കവിതകളാണ് വിദ്യാർഥികൾ ആലപിക്കേണ്ടിയിരുന്നത്.
എവിടെയെല്ലാം മലയാളികൾ അധിവസിക്കുന്നുണ്ടോ അവിടങ്ങളിലെല്ലാം മലയാള ഭാഷയും കേരളീയ സംസ്കാരവും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ കേരള സർക്കാർ സംരംഭമാണ് മലയാളം മിഷൻ. വിദ്യാർഥി കേന്ദ്രീകൃതമായ പാഠ്യപദ്ധതികളിലൂടെ കുട്ടികളെ ഭാഷാപഠനത്തിലേക്ക് ആകർഷിക്കാൻ സമർപ്പണബുദ്ധിയോടെ പ്രവർത്തിക്കുന്ന മിഷൻ ഒമാൻ ഘടകത്തിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും സുഗതാഞ്ജലി കാവ്യാലാപന ഫൈനൽ മത്സരത്തിൽ സംബന്ധിക്കാനും ഒമാനിലെമ്പാടുമുള്ള മുഴുവൻ ഭാഷാ സ്നേഹികളെയും സ്വാഗതം ചെയ്യുന്നതായി മലയാളം മിഷൻ ഒമാൻ ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.