മിഴി തുറന്നിരിക്കാം; പെർസീഡ് ഉൽക്കാവർഷം ഒമാനിലും കാണാം

മസ്കത്ത്: ആകാശത്ത് വിസ്മയ കാഴ്ചയുമായെത്തുന്ന പെർസീഡ് ഉൽക്കാവർഷം ഒമാനിലും ദർശിക്കാം. ചൊവ്വാഴ്ച രാത്രിയോടെ ഉച്ചസ്ഥായിയിലെത്തുകയും ബുധനാഴ്ച പുലർച്ചെ വരെ തുടരുകയും ചെയ്യുമെന്ന് ജ്യോതിശാസ്ത്ര വിദഗ്ധർ പറയുന്നു. നഗര വെളിച്ചത്തിൽനിന്ന് മാറി ഇരുട്ടുള്ള പ്രദേശത്തുനിന്ന് നിരീക്ഷിക്കുന്നതായിരിക്കും ഉചിതം. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയും. ജൂലൈ 17ന് ആരംഭിച്ച് ആഗസ്റ്റ് 24 വരെ തുടരുന്ന പെർസീഡുകൾ, അവയുടെ തിളക്കമുള്ളതും വേഗത്തിൽ ചലിക്കുന്നതുമായ ഉൽക്കകൾ കാരണം ലോകമെമ്പാടുമുള്ള ജ്യോതിശാസ്ത്ര പ്രേമികൾക്കും ഫോട്ടോഗ്രാഫർമാർക്കും ഇടയിൽ ജനപ്രിയമാണ്. ആഗസ്റ്റ് 12 രാത്രി മുതൽ 13രാവിലെ വരെ ഉൽക്ക അതിന്റെ ഉച്ചസ്ഥായിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. അനുയോജ്യമായ സാഹചര്യങ്ങളിൽ മണിക്കൂറിൽ 100 ഉൽക്കകൾ വരെ ദൃശ്യമാകും. ഓരോ വർഷവും വാനനിരീക്ഷകരും ജ്യോതിശാസ്‍ത്രജ്ഞരുമൊക്കെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആകാശ വിസ്‌മയങ്ങളിലൊന്നാണ് പെർസീഡ് ഉൽക്കാവർഷം. അതിശയകരമായ അഗ്നിഗോളങ്ങളായി മാറുന്ന ഈ ഉൽക്കാവർഷം ആകാശനിരീക്ഷകരെ അതിശയിപ്പിക്കുന്നു. സ്വിഫ്റ്റ്-ടട്ടിൽ വാൽനക്ഷത്രത്തിന്‍റെ അവശിഷ്‍ടങ്ങൾക്ക് ഇടയിലൂടെ ഭൂമി കടന്നുപോകുമ്പോൾ എല്ലാ വർഷവും സംഭവിക്കുന്ന ഈ ഉൽക്കാവർഷം മണിക്കൂറിൽ 100 ഉൽക്കകൾ വരെ ഉത്പാദിപ്പിക്കുന്നതിന് പേരുകേട്ടതാണ്. ഭൂമിയിൽ നിന്ന് ദൃശ്യമാകുന്ന ഏറ്റവും തിളക്കമുള്ള പ്രകൃതിദത്ത പ്രദർശനങ്ങളിലൊന്നാണിത്. വൈകുന്നേരം മുതൽ പുലർച്ചെ വരെ ഈ മനോഹര കാഴ്ചകൾ ദൃശ്യമാകും. അതിരാവിലെ വടക്കുകിഴക്കൻ ഭാഗത്ത് ഉയരത്തിൽ ഈറ്റ പെർസീ നക്ഷത്രത്തിനടുത്തുള്ള പെർസീയസ് നക്ഷത്രസമൂഹത്തിൽ നിന്നാണ് ഈ ഉൽക്കകൾ പുറപ്പെടുന്നത്.

ഈ കാഴ്ചകൾ നിരീക്ഷിക്കുന്നതിന് മുമ്പ് നിങ്ങളുടെ കണ്ണുകൾ ഇരുട്ടുമായി പൊരുത്തപ്പെടാൻ കുറഞ്ഞത് 30 മിനിറ്റെങ്കിലും അനുവദിക്കുക. നീണ്ട ഉൽക്കാപതന പാതകൾ കാണാൻ, ചക്രവാളത്തിന് ഏകദേശം 40 ഡിഗ്രി മുകളിൽ, പ്രകാശബിന്ദുവിൽ നിന്ന് അൽപ്പം അകലേക്ക് നോക്കാൻ വിദഗ്‌ധർ നിര്‍ദ്ദേശിക്കുന്നു. സ്‍മാർട്ട്‌ഫോണുകളില്‍ ആസ്‍ട്രോണമി ആപ്പുകൾ ഉപയോഗിക്കുന്നത് പെർസിയസിനെയും മറ്റ് നക്ഷത്രരാശികളെയും എളുപ്പത്തിൽ കണ്ടെത്താൻ നിങ്ങളെ സഹായിക്കും.

നഗരത്തിലെ വെളിച്ചം കുറഞ്ഞ സ്ഥലങ്ങളിൽ ഇത് നന്നായി കാണാൻ സാധിക്കും. വാനനിരീക്ഷണത്തിന് ഏറ്റവും അനുയോജ്യമായ സമയം പുലർച്ചെയാണ്. ആകാശത്ത് വടക്കുകിഴക്ക് ഭാഗത്തുള്ള പെഴ്സിയൂസ് നക്ഷത്രസമൂഹത്തിന് അടുത്തായിരിക്കും ഉൽക്കകളെ കൂടുതലായി കാണാൻ സാധിക്കുക.

Tags:    
News Summary - The eyes may be open; Perseid meteor shower can also be seen in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.