പ്രവാസ ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ ക്രിസ്മസ് എപ്പോഴും അൽപം നിശ്ശബ്ദമാണ്. നാട്ടിലെ പോലെ മുഴങ്ങുന്ന പാട്ടുകളോ മഞ്ഞ് വീണു കിടക്കുന്ന വഴികളോ ഇവിടെ ഇല്ല. എന്നാലും ഓരോ ഡിസംബറും എത്തുമ്പോൾ മനസ്സിൽ ഒരു നക്ഷത്രം തെളിയും. ഓർമകളുടെ നക്ഷത്രം. ഓരോ വർഷവും അത് തെളിയും. ദൂരം മറക്കാനും, പ്രതീക്ഷ പുതുക്കാനും, അടുത്ത ക്രിസ്മസിൽ നാട്ടിലെ മണ്ണിൽ കാലുകുത്തുമെന്ന സ്വപ്നം ഉറപ്പിക്കാനും... ഫ്ലാറ്റിലെ ഒരു ചെറിയ മുറിയിലാണ് പ്രവാസ ലോകത്തെ ക്രിസ്മസ് രാവ്. മൊബൈൽ ഫോണിലൂടെ വീട്ടിൽ നിന്നുള്ള വിളി മനസ്സിനെ ഉണർത്തും.
അമ്മയുടെ ശബ്ദം കേൾക്കുമ്പോൾ ബാല്യകാല ക്രിസ്മസ് ദിനങ്ങൾ കണ്ണിന് മുന്നിൽ തെളിയും. പള്ളിയിലേക്കുള്ള അർധരാത്രി യാത്ര, കൈയിൽ പിടിച്ച മെഴുകുതിരി, നക്ഷത്രം കെട്ടിയ വീട്, വീട്ടിലെ എല്ലാവരും ചേർന്ന് തയാറാക്കിയ ലളിതമായ സദ്യ -എല്ലാം ഒരുമിച്ച് മനസ്സിലേക്ക് ഒഴുകി വരും. ഇന്ന്, അന്യദേശത്തിന്റെ ഉയർന്ന കെട്ടിടങ്ങൾക്കിടയിൽ ഒരുപാട് വെളിച്ചങ്ങൾ തെളിഞ്ഞു നിൽക്കുന്നുണ്ടെങ്കിലും ആ പഴയ നക്ഷത്രത്തിന്റെ തിളക്കം അവക്കൊന്നും പകരമാവില്ല. പ്രവാസ ലോകത്ത് ഒരുമിച്ചു താമസിക്കുന്ന കുറച്ച് സുഹൃത്തുക്കൾ സമയക്കുറവിനിടയിൽ ഒരുക്കുന്ന ലളിതമായ കേക്കിൽ പലപ്പോഴും ആഘോഷം ഒതുക്കേണ്ടി വരുന്നു.
ഈ പരിമിതികളിലൂടെയാണ് ക്രിസ്മസിന്റെ യഥാർഥ അർഥം പ്രവാസിക്ക് കൂടുതൽ വ്യക്തമാകുന്നത്.പങ്കിടലിന്റെയും സഹവർത്തിത്വത്തിന്റെയും മൂല്യം ഒറ്റപ്പെടലിന്റെ നിമിഷങ്ങളിൽ കൂടുതൽ തിളങ്ങുന്നു. ഒമാൻ സലാലയിൽ സെന്റ് ഫ്രാൻസിസ് സേവ്യർ കാത്തലിക് ചർച്ച്, സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ച് എന്നീ ദേവാലയങ്ങളിൽ വിപുലമായ ക്രിസ്മസ് ആഘോഷങ്ങളാണ് സംഘടിപ്പിച്ചത്.
ഡിസംബർ ആദ്യ നാളുകളിൽ തന്നെ നക്ഷത്രങ്ങളും പുൽക്കൂടുകളും ഇവിടെ ഒരുക്കിയിരുന്നു. അകലങ്ങളിൽ ജീവിച്ചാലും ക്രിസ്മസിന്റെ സന്ദേശം ഹൃദയത്തിൽ ഒരുപോലെ ജീവിക്കുന്നുവെന്ന തിരിച്ചറിവാണ് പ്രവാസ ലോകത്തെ ക്രിസ്മസ് ആഘോഷത്തിന്റെ ഏറ്റവും വലിയ സമ്പത്ത്. പ്രവാസിയുടെ ക്രിസ്മസ് അങ്ങനെയാണ്. ആഘോഷത്തേക്കാൾ കൂടുതൽ ഓർമയാണ്.
സന്തോഷത്തേക്കാൾ കൂടുതൽ കാത്തിരിപ്പാണ്. എന്നാലും, ആ നക്ഷത്രം തെളിയുന്നിടത്തോളം, തിരിച്ചുവരവിന്റെ സ്വപ്നം ഹൃദയം കൈവിടില്ല.
അമ്മയുടെ ശബ്ദം കേൾക്കുമ്പോൾ ബാല്യകാല ക്രിസ്മസ് ദിനങ്ങൾ കണ്ണിന് മുന്നിൽ തെളിയും. പള്ളിയിലേക്കുള്ള അർധരാത്രി യാത്ര, കൈയിൽ പിടിച്ച മെഴുകുതിരി, നക്ഷത്രം കെട്ടിയ വീട്, വീട്ടിലെ എല്ലാവരും ചേർന്ന് തയാറാക്കിയ ലളിതമായ സദ്യ -എല്ലാം ഒരുമിച്ച് മനസ്സിലേക്ക് ഒഴുകി വരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.