നിർമാണം പുരോഗമിക്കുന്ന സെൻട്രൽ പബ്ലിക് ഹെൽത്ത്
ലബോറട്ടറി
മസ്കത്ത്: ഒമാന്റെ ആരോഗ്യമേഖലക്ക് കരുത്ത് പകർന്ന് മസ്കത്ത് ഗവർണറേറ്റിലെ സീബ് വിലായത്തിൽ ഒരുങ്ങുന്ന സെൻട്രൽ പബ്ലിക് ഹെൽത്ത് ലബോറട്ടറിയുടെ നിർമാണം പുരോഗമിക്കുന്നു. ഇതിനകം 60 ശതമാനത്തോളം പൂർത്തിയായി. 2025ന്റെ രണ്ടാം പകുതിയിൽ ഉദ്ഘാടനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 18,155 ചതുരശ്രമീറ്റർ വിസ്തീർണത്തിൽ 1,82,00,000 റിയാൽ ചെലവിലാണ് ഇത് ഒരുക്കുന്നത്. ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും ഉപകരണങ്ങളും ഇവിടെയുണ്ടാകും.
മന്ത്രാലയത്തിന്റെ ജനറൽ ഡിപ്പാർട്ട്മെന്റുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന നിലവിലുള്ള എല്ലാ റഫറൻസ് പബ്ലിക് ഹെൽത്ത് ലബോറട്ടറികളെയും ഒരു കുടക്കീഴിൽ കൊണ്ടുവരാനാണ് സെൻട്രൽ പബ്ലിക് ഹെൽത്ത് ലബോറട്ടറി ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ മന്ത്രാലയത്തിലെ പബ്ലിക് ഹെൽത്ത് ലബോറട്ടറീസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഡോ. ഹനാൻ ബിൻത് സലേം അൽ കിന്ദി പറഞ്ഞു.
ലബോറട്ടറികളുടെ ഡയഗ്നോസ്റ്റിക് കഴിവുകൾ വർധിപ്പിക്കുകയും പൊതുജനാരോഗ്യത്തിന്റെയും സുപ്രധാന ആരോഗ്യ സുരക്ഷയുടെയും ലക്ഷ്യങ്ങൾ പ്രോത്സാഹിപ്പിക്കുകയും ആണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ലബോറട്ടറിയുടെ പ്രധാന കെട്ടിടത്തിൽ മൂന്ന് നിലകളാണുണ്ടാകുക. ഒന്നാം നിലയിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫിസുകളും 130 പേർക്ക് താമസിക്കാൻ കഴിയുന്ന ഹാളും സാമ്പിളുകൾ സ്വീകരിക്കുന്നതിനുള്ള ഒരു വിണ്ടും ഉൾപ്പെടുന്നതാകും.
വൈറസുകൾ, ബാക്ടീരിയകൾ, നവജാതശിശു പരിശോധനകൾ തുടങ്ങിയ മേഖലകളിലെ ലെവൽ രണ്ട് ലബോറട്ടറികൾക്ക് പുറമെ ഉയർന്ന അപകടസാധ്യതയുള്ള സൂക്ഷ്മാണുക്കളെ കൈകാര്യം ചെയ്യുന്നതിനുള്ള രണ്ട് ബയോസേഫ്റ്റി ലെവൽ മൂന്ന് (ബി.എസ്.എൽ -3) ലബോറട്ടറികളും കെട്ടിടത്തിൽ ഉൾപ്പെടും.
കെട്ടിടത്തിൽ ഗുണനിലവാരത്തിനും അപകടസാധ്യത കൈകാര്യം ചെയ്യുന്നതിനുളള വകുപ്പ്, പബ്ലിക് ഹെൽത്ത് ലബോറട്ടറി കാര്യങ്ങൾ, റീജിയനൽ പോളിയോ റഫറൻസ് ലബോറട്ടറി, റീജിയനൽ മീസിൽസ് ആൻഡ് റുബെല്ല ലബോറട്ടറി, നാഷണൽ ഇൻഫ്ലുവൻസ ലബോറട്ടറി, കോവിഡ് ലാബോറട്ടറി എന്നിവയുണ്ടാകുമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.