മസ്കത്ത്: അധ്യാപന മികവിന് ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് ഏർപ്പെടുത്തിയ നവിൻ ആഷർ കാസി അവാർഡുകൾ വിതരണം ചെയ്തു. വാദി കബീർ ഇന്ത്യൻ സ്കൂളിൽ നടന്ന പരിപാടിയിൽ വിവിധ ഇന്ത്യൻ സ്കൂളുകളിലെ 11 അധ്യാപകർ അവാർഡുകൾ ഏറ്റുവാങ്ങി. വിദ്യാഭ്യാസ മന്ത്രാലയത്തിലെ എജുക്കേഷൻ ആൻഡ് കരിക്കുല വിഭാഗം അണ്ടർ സെക്രട്ടറി ഡോ. ഹമൂദ് ബിൻ ഖൽഫാൻ അൽ ഹാർത്തി ചടങ്ങിൽ മുഖ്യാതിഥിയും ശൈഖ് കനക്സി ഗോകുൽദാസ് ഖിംജി വിശിഷ്ടാതിഥിയുമായിരുന്നു. മസ്കത്ത് കോളജ് ഡീൻ ഡോക്ടർ യാസ്മിൻ അൽ ബലൂഷി മുഖ്യപ്രഭാഷണം നടത്തി.
വിദ്യാഭ്യാസ മന്ത്രാലയം അധികൃതർ, ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അംഗങ്ങൾ, ഇന്ത്യൻ പ്രവാസി സമൂഹത്തിലെ പ്രമുഖർ തുടങ്ങി നിരവധി പേർ സംബന്ധിച്ചു. അഞ്ചു വിഭാഗങ്ങളിലായി ആദ്യ രണ്ട് സ്ഥാനക്കാർക്കും സ്പെഷൽ എജുക്കേഷൻ വിഭാഗത്തിൽ ഒരാൾക്കുമാണ് അവാർഡ് നൽകിയത്. കിൻറർഗാർട്ടൺ വിഭാഗത്തിൽ അൽ ഗൂബ്ര സ്കൂളിലെ മേരി ഫിലിസ് മൈക്കൾ ഡിസൂസ, പ്രൈമറി വിഭാഗത്തിൽ വാദി കബീർ സ്കൂളിലെ സീമ പെരേര, മിഡിൽ സ്കൂൾ വിഭാഗത്തിൽ അൽ ഗൂബ്രയിലെ കെ. ഷെനാസ്, സെക്കൻഡറി/സീനിയർ സെക്കൻഡറി വിഭാഗങ്ങളിൽ വാദി കബീറിലെ ജോളി മോൻസി, കോ-സ്കോളാസ്റ്റിക് വിഭാഗത്തിൽ സീബിലെ ലേഖ ജാക്സൺ എന്നിവർ ഒന്നാമതെത്തി.
മബേല സ്കൂളിലെ എലിസബത്ത് ഫിലിപ്പ്, മസ്കത്ത് ഇന്ത്യൻ സ്കൂളിലെ സുലോചന സ്വാലി, സീബിലെ സ്വപ്ന ഷിബു, അൽ ഗൂബ്രയിലെ ഷംഷാദ് ഹംസ, മബേലയിലെ ആവണി സാമിർ നഗ്ദ എന്നിവർ രണ്ടാം സ്ഥാനത്തുമെത്തി. സെൻറർ ഫോർ സ്പെഷ്യൽ എജുക്കേഷനിലെ രമ സുരേഷ് ബാബുവിന് പ്രത്യേക പുരസ്കാരവും നൽകി. ആകെ 71 നോമിനേഷനുകളാണ് അധ്യാപക അവാർഡിനായി ലഭിച്ചത്. രണ്ടുവർഷ കാലയളവിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച ആറ് അധ്യാപകരെയും ചടങ്ങിൽ ആദരിച്ചു. പിഎച്ച്.ഡി ലഭിച്ച ഡോ.ഒ.സി ലേഖ, ഡോ. യാമിനി ഗീതൈ, ഡോ.ഷാജി ഉണ്ണികൃഷ്ണൻ , ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിെൻറ ലീഡർ ട്രെയ്നിങ് ബഹുമതി ലഭിച്ച ഫെൽസി ഫെർണാണ്ടസ്, ഇൻറർനാഷനൽ ടേബിൾ ടെന്നിസ് ടൂർണമെൻറുകളിൽ അമ്പയർ ആയി നോമിനേഷൻ ലഭിച്ച പുരസ്വനി മനോജ്, സംഗീതരംഗത്ത് സംഭാവനകൾ അർപ്പിച്ച അവിനാഷ് മാഥുർ എന്നിവരെയാണ് ആദരിച്ചത്. സ്വാതന്ത്ര്യത്തിെൻറ എഴുപതാം വാർഷികാഘോഷ ഭാഗമായി ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച കൊളാഷ് മത്സരത്തിലെ സമ്മാനങ്ങളും വിതരണം ചെയ്തു.
ജൂനിയർ വിഭാഗത്തിൽ വാദി കബീറിലെ മന്യ സുനിൽ തലാത്തി, ദാർസൈത്തിലെ എസ്. സഹാന എന്നിവരും സീനിയർ വിഭാഗത്തിൽ മസ്കത്ത് സ്കൂളിലെ അനിക മറിയം ജോഷി, സീബിലെ ആർദ്ര ജയകൃഷ്ണൻ എന്നിവർ ആദ്യ രണ്ട് സ്ഥാനങ്ങൾ നേടി. ഒമാനി ഗായകൻ ഹൈതം മുഹമ്മദ് റാഫി പരിപാടിയിൽ പ്രത്യേക അതിഥിയായിരുന്നു. വാദി കബീർ ഇന്ത്യൻ സ്കൂളിലെയും സെൻറർ ഫോർ സ്പെഷൽ എജുക്കേഷനിലെ വിദ്യാർഥികളുടെയും കലാപരിപാടികളും മികവുറ്റതായി. ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ വിൽസൺ.വി.ജോർജ് സ്വാഗതവും വൈസ് ചെയർമാൻ സി.എം നജീബ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.