മസ്കത്ത്: ഒമാനിൽ ഒക്ടോബർ ഒന്നു മുതൽ മധുരപാനീയങ്ങളുടെ വില ഉയരും. അമ്പത് ശതമാനം ഷുഗർ എക്സൈസ് നികുതി ഒക്ടോബർ മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഒമാൻ ടാക്സ് അതോറിറ്റി അറിയിച്ചു. ഇതനുസരിച്ച് പഞ്ചസാരയോ, പഞ്ചസാരയുടെ മറ്റേതെങ്കിലും ഘടകങ്ങളോ മറ്റ് മധുരങ്ങളോ അടങ്ങിയ എല്ലാ പാനീയങ്ങൾക്കും എക്സൈസ് നികുതി ബാധകമായിരിക്കും.മധുരപാനീയങ്ങൾക്ക് പുറമെ പാനീയമാക്കാവുന്ന പൊടികൾ, ജെല്ല്, സത്ത് തുടങ്ങിയവക്കും വില കൂടും. ജ്യൂസുകൾ, പഴപാനീയങ്ങൾ, സ്പോർട്സ് പാനീയങ്ങൾ, കോഫി പാനീയങ്ങൾ, ടിന്നിലടച്ച ചായ എന്നിവക്കെല്ലാം അധിക വില നൽകേണ്ടി വരും.
പ്രകൃതി ദത്തമായ പഴം, പച്ചക്കറി ജ്യൂസുകൾ, പാൽ, മോര്, 75 ശതമാനത്തിൽ കുറയാത്ത പാൽ ഉൽപന്നങ്ങളുള്ള ജ്യൂസുകൾ എന്നിവയെ അധിക നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പോഷകാഹാര ഘടകങ്ങൾ അടങ്ങിയ പാനീയങ്ങൾ, പ്രത്യേക പഥ്യാഹാരത്തിനും മെഡിക്കൽ ആവശ്യത്തിനുമുള്ള പാനീയങ്ങൾ എന്നിവക്കും വില വർധന ഉണ്ടാകില്ല. കഴിഞ്ഞ ജൂൺ 18നാണ് പുതിയ നികുതി ഏർപ്പെടുത്തുന്നത് സംബന്ധിച്ച് സർക്കാർ തീരുമാനമെടുത്തത്. നികുതി ബാധകമായ ഉൽപന്നങ്ങൾ വിൽപന നടത്തുന്നവർ തങ്ങളുടെ കൈവശമുള്ള ഉൽപന്നങ്ങളുടെ സ്റ്റോക്കുകൾ നികുതി അതോറിറ്റിയെ അറിയിക്കുകയും നിയമം നിലവിൽ വന്ന് 15 ദിവസത്തിനകം അറിയിപ്പിൽ പറയുന്നു.
മദ്യം, പുകയില ഉൽപന്നങ്ങൾ, ഉൗർജ പാനീയങ്ങൾ, കാർബണേറ്റഡ് ശീതളപാനീയങ്ങൾ എന്നിവക്ക് കഴിഞ്ഞ വർഷം ജൂൺ 15 മുതൽ പ്രത്യേക എക്സൈസ് നികുതി രാജ്യത്ത് നിലവിലുണ്ട്. ഇതിന് പിന്നാലെയാണ് മധുരപാനീയങ്ങൾക്കുള്ള നികുതി പ്രാബല്യത്തിൽ വരുന്നത്.ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളുടെ ഉപയോഗം കുറക്കുന്നതിന് ഒപ്പം രാജ്യത്തിെൻറ വരുമാനം വർധിപ്പിക്കുകയുമാണ് ഇതിെൻറ ലക്ഷ്യം. മധുരപാനീയ നികുതി ഏർപ്പെടുത്തുന്ന മൂന്നാമത്തെ ഗൾഫ് രാജ്യമാകും ഒമാൻ. സൗദി അറേബ്യയും യു.എ.ഇയും കഴിഞ്ഞ വർഷം ഡിസംബർ ഒന്നുമുതൽ മധുരപാനീയങ്ങൾക്ക് നികുതി ഏർപ്പെടുത്തിയിരുന്നു.
വില ഉയരുന്നതോടെ മധുരപാനീയങ്ങളുെട ഉപയോഗം കുറയുമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ജീവിതശൈലീ രോഗങ്ങളുടെ ആധിക്യം കുറയാൻ ഇത് സഹായകരമാകുമെന്ന് വിലയിരുത്തപ്പെടുന്നു.മേഖലയിൽ പ്രമേഹ രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യത്തിന് ഹാനികരമായ പഞ്ചസാരയുടെ ഉപയോഗം കുറക്കാൻ തീരുമാനം സഹായകരമാകും.പ്രകൃതി ദത്ത ജ്യൂസുകൾക്ക് ആവശ്യക്കാർ വർധിക്കുമെന്നത് ജ്യൂസ് കടകൾക്ക് അനുഗ്രഹമാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.