സൂർ ഇന്ത്യൻ സ്കൂൾ
സൂർ: സൂർ ഇന്ത്യൻ സ്കൂളിലെ ഫീസ് വർധനയുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ രക്ഷിതാക്കളെ ഡയറക്ടർ ബോർഡും കൈയൊഴിഞ്ഞു. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഒരു റിയാൽ വീതം വർധിപ്പിച്ച ഫീസ് ഇക്കൊല്ലം രണ്ട് റിയാലാണ് കൂട്ടിയത്. ഫീസ് വർധനക്കെതിരെ രക്ഷിതാക്കൾ ഒരു ഭീമഹരജി സമർപ്പിക്കുകയും തുടർന്ന് മാനേജ്മെന്റ് രക്ഷിതാക്കളുമായി ഏപ്രിൽ 30ന് യോഗം സംഘടിപ്പിക്കുകയും എസ്.എം.സി പ്രസിഡന്റ് ഒരു റിയാൽ കുറക്കാമെന്ന് വാക്ക് നൽകുകയും ചെയ്തിരുന്നു. എന്നാൽ, രക്ഷാകർത്താക്കളുടെ ആവശ്യം പാടേ നിരസിക്കുകയും ഉറപ്പു പറഞ്ഞ ഒരു റിയാൽപോലും കുറക്കാനും തയാറായില്ല.
രക്ഷാകർത്താക്കൾ വീണ്ടും ഒരു ഭീമഹരജി കൂടി സൂർ ഇന്ത്യൻ സ്കൂൾ മാനേജ്മെന്റിനും ഡയറക്ടർ ബോർഡിനും നൽകി. തുടർന്ന് രക്ഷിതാക്കളുടെ പ്രതിനിധികൾ മസ്കത്തിൽ ഡയറക്ടർ ബോർഡ് പ്രതിനിധികളുമായി ചർച്ച നടത്തി. തീരുമാനമെടുക്കാൻ 10 ദിവസത്തെ സമയം ചോദിച്ച ബോർഡ് പിന്നീട് ഫീസ് വർധനക്ക് അംഗീകാരം നൽകുകയായിരുന്നുവെന്ന് രക്ഷിതാക്കൾ ആരോപിച്ചു.
തികച്ചും സാധാരണക്കാർ ധാരാളമുള്ള സൂർ ഇന്ത്യൻ സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾ ഭൂരിഭാഗവും ചെറിയ വരുമാനത്തിൽ ജോലി ചെയ്യുന്നവരാണ്. കുടുംബവുമായി ഒരുമിച്ച് കഴിയുക എന്ന ആഗ്രഹത്താലാണ് ഭൂരിഭാഗം രക്ഷിതാക്കളും കുറഞ്ഞ വേതനത്തിലും കുട്ടികളെ ഇവിടെ പഠിപ്പിക്കാൻ നിർബന്ധിതരാകുന്നത്. ഉയർന്ന വരുമാനത്തിൽ ജോലി ചെയ്യുന്ന മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ അവരുടെ വരുമാനവുമായി തങ്ങളെ താരതമ്യം ചെയ്യുന്നതുകൊണ്ടാണ് ബുദ്ധിമുട്ട് മനസ്സിലാക്കാൻ സാധിക്കാത്തത് എന്ന ആക്ഷേപവുമുണ്ട്.
പൊതുജനങ്ങളുമായി ഒരു തരത്തിലും സമ്പർക്കം പുലർത്തുന്നവരല്ല ഇപ്പോൾ ഉള്ള മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ. സാധാരണക്കാരുടെ വിഷമങ്ങളും ബുദ്ധിമുട്ടും മനസ്സിലാക്കാനോ കാണാനോ കഴിയാത്തവർക്ക് എങ്ങനെ രക്ഷിതാക്കളുടെ ഫീസ് വർധന മൂലമുള്ള ആവലാതി കാണാൻ സാധിക്കും എന്നാണ് രക്ഷിതാക്കൾ ചോദിക്കുന്നത് . മുൻ വർഷങ്ങളിൽ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയിൽ സാധാരണക്കാരുടെ ഇടയിൽ പ്രവർത്തിക്കുന്ന പൊതു, സാമൂഹിക പ്രവർത്തകരാണ് ഉണ്ടായിരുന്നത്. ഇപ്പോഴുള്ളവർ തികച്ചും ഒരു കച്ചവട ലക്ഷ്യത്തിൽ പ്രവർത്തിക്കുകയും, സ്കൂൾ പ്രിൻസിപ്പലിന്റെ ആജ്ഞാനുവർത്തികളാണെന്നും രക്ഷിതാക്കൾ ആരോപിച്ചു.
ഫീസ് വർധനക്കെതിരെ ഹരജി സമർപ്പിച്ച രക്ഷിതാക്കളെ സ്കൂൾ പ്രിൻസിപ്പൽ സ്വന്തം പദവിക്ക് യോജിക്കാത്ത തരത്തിൽ ആക്ഷേപിക്കുകയും, ഫീസ് വർധന അനുകൂലിക്കുന്ന ഒരുപറ്റം രക്ഷിതാക്കളെ കൂട്ടി ഒരു വാട്സ്ആപ് ഗ്രൂപ് ഉണ്ടാക്കി അതിലൂടെ വർഗീയ ധ്രുവീകരണം നടത്തുന്നതായും രക്ഷിതാക്കളുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഫീസ് വർധനയെ അനുകൂലിക്കാത്ത രക്ഷിതാക്കൾ ഏതെങ്കിലും ഭാഷ, സാമുദായിക, രാഷ്ട്രീയ കാഴ്ചപ്പാടോടു കൂടിയല്ല നിലകൊള്ളുന്നത്. സ്കൂൾ പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ സ്കൂൾ ഡയറക്ടർ ബോർഡിലും മറ്റും ഇത് രാഷ്ട്രീയ സാമുദായിക സംഘടനകളുടെ പിൻബലത്തിൽ നടത്തുന്ന പ്രതിഷേധമെന്നാണ് അവതരിപ്പിച്ചിരിക്കുന്നത് .
സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സൂർ സ്കൂളിനെ വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന മറ്റ് സ്കൂളുകളുമായി താരതമ്യം ചെയ്യുകയും അവിടെയുള്ള സ്കൂൾ ഫീസ് സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്കൂളിലും രക്ഷിതാക്കൾ കൊടുക്കണമെന്ന് പറയുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല. കൂടാതെ സ്വദേശിവത്കരണത്തിന്റെ പേരിലും മറ്റും ഭൂരിഭാഗം രക്ഷിതാക്കൾ ജോലികൾ നഷ്ടപ്പെട്ടും ഉപേക്ഷിച്ചും നാട്ടിലേക്ക് തിരികെ പോകുന്ന അവസ്ഥയിൽ പുതിയ കെട്ടിടങ്ങൾ പണിതുകൂട്ടുന്നതിന്റെ ആവശ്യകതയും എന്താണെന്ന് രക്ഷിതാക്കൾ ചോദിച്ചു.
അവസാന പ്രതീക്ഷയായിരുന്ന ഡയറക്ടർ ബോർഡും കൈയൊഴിഞ്ഞ ചുറ്റുപാടിൽ രക്ഷിതാക്കൾ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. ഫീസ് കുറക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് രക്ഷിതാക്കൾ തീരുമാനിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.