മസ്കത്ത്: ഒമാനിൽ വേനൽക്കാലത്തിന്റെ വരവറിയിച്ചുകൊണ്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചൂട് അതിവേഗം വർധിക്കുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സുൽത്താനേറ്റിലെ മിക്ക ഗവർണറേറ്റുകളിലും താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമാനിലെ ഏറ്റവും ഉയർന്ന താപനില സുഹാറിൽ രേഖപ്പെടുത്തിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
43.4 ഡിഗ്രി സെൽഷ്യസാണ് സുഹാറിലെ താപനില. ഖുറിയാത്തിൽ 43.3 ഡിഗ്രി സെൽഷ്യസും ഫഹൂദിൽ 43.2 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. ഷിനാസ്, മുദൈബി എന്നിവിടങ്ങളിൽ 42 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് താപനില. ലിവ -43.1, ബിദിയ -43, ഹംറ അൽ ദുരു -42.5, അൽ ഖാബിൽ -42.3 , മക്ഷിൻ -42.2 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ ഉയർന്ന താപനില.
വടക്കൻ ഗവർണറേറ്റുകളിലും ഉൾനാടൻ മരുഭൂമി പ്രദേശങ്ങളിലും വരും ദിവസങ്ങളിൽ താപനില 42 ഡിഗ്രി മുതൽ 47 ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ട്. മസ്‌കത്ത് ഉൾപ്പെടെയുള്ള തീരദേശങ്ങളിൽ അന്തരീക്ഷ ഈർപ്പം കൂടുതലായതിനാൽ അനുഭവപ്പെടുന്ന ചൂട് വളരെ കൂടുതലായിരിക്കും. അതിനിടെ ജബൽ ഷംസിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിലെ ഒമാനിലെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി. 10.8 ഡിഗ്രി സെൽഷ്യസ് താപനിലയാണ് ജബൽ ഷംസിലുള്ളത്.
ചൂട് വർധിക്കുന്ന സാഹചര്യത്തിൽ മണൽക്കാറ്റിനും ചൂടുവാതകത്തിനും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നിർജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണമെന്നും ഉച്ചസമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്നും ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നു. കഠിനമായ ചൂട് കാരണം തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തി ഉച്ചവിശ്രമ നിയമം വരും മാസങ്ങളിൽ പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു. കാലവസ്ഥാ മുന്നറിയിപ്പുകൾക്കനുസരിച്ച് ജാഗ്രത പാലിക്കാനും അധികൃതർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.