മസ്കത്ത്: ലോക സമാധാന സൂചികയിൽ (ജി.പി.ഐ) മികച്ച മുന്നേറ്റവുമായി ഒമാൻ. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ് (ഐ.ഇ.പി) കഴിഞ്ഞാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിന്റെ 18ാം പതിപ്പിൽ 37ാം സ്ഥാനത്താണ് സുൽത്താനേറ്റുള്ളത്.
ജനസംഖ്യയുടെ 99.7 ശതമാനം വരുന്ന 163 രാജ്യങ്ങളെയും പ്രദേശങ്ങളെയും അവരുടെ സമാധാന നിലവാരത്തെ അടിസ്ഥാനമാക്കിയാണ് റാങ്ക് തയാറാക്കിയിരിക്കുന്നത്. നേരത്തേ 48ാം സ്ഥാനത്തായിരുന്നു ഒമാൻ.
റാങ്കിങ്ങിലെ ഒമാന്റെ ഈ മുന്നേറ്റം സമാധാനവും സ്ഥിരതയും വളർത്തുന്നതിനുള്ള നിരന്തരമായ ശ്രമങ്ങൾക്കുള്ള അംഗീകാരം കൂടിയാണ്. മിഡിലീസ്റ്റ്, നോർത്ത് ആഫ്രിക്ക (മെന) മേഖലയിൽ മൂന്നാം സ്ഥാനത്താണ് ഒമാൻ. കുവൈത്ത് ഒന്നും (ആഗോളതലത്തിൽ 25), ഖത്തർ (ആഗോളതലത്തിൽ 29) രണ്ടാം സ്ഥാനത്തുമാണുള്ളത്.
യു.എ.ഇയാണ് നാലാം സ്ഥാനത്തുവരുന്നത്. ആഗോളതലത്തിൽ 53-ാം സ്ഥാനത്താണ് യു.എ.ഇ. ജോർദാൻ അഞ്ചാം സ്ഥാനത്തും ആഗോളതലത്തിൽ 67-ാം സ്ഥാനത്തുമാണ് വരുന്നത്. സാമൂഹിക സുരക്ഷയും, നിലവിലുള്ള ആഭ്യന്തരവും അന്തർദേശീയവുമായ സംഘർഷം, സൈനികവത്കരണം തുടങ്ങിയ മൂന്ന് ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ലോകസമാധാന സൂചിക തയാറാക്കുന്നത്. സമാധാനത്തിന്റെ ആപേക്ഷികസ്ഥിതി അളക്കാനുള്ള ശ്രമമാണ് ലോക സമാധാന സൂചിക .
ഇക്കണോമിസ്റ്റ് ഇന്റലിജെൻസ് യൂനിറ്റ് ശേഖരിച്ചു ക്രോഡീകരിച്ച വിവരങ്ങൾ സമാധാനസ്ഥാപനങ്ങളിൽനിന്നുള്ള സമാധാനവിദഗ്ദ്ധരും ചിന്തകരും അന്തരാഷ്ട്രസമിതിയുമായി ചേർന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക്സ് ആൻഡ് പീസ് (ഐ.ഇ.പി) ആണ് പട്ടിക പുറത്തുവിട്ടത്. സമാധാനത്തെക്കുറിച്ച് നല്ലൊരു ചർച്ചക്ക് കളമൊരുക്കുകയെന്നതും ലോക സമാധാന സൂചികകൊണ്ട് ഉദ്ദേശിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.