ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് മൂന്നു ദിവസത്തെ ഔദ്യോഗിക സ്പെയിൻ സന്ദർശനത്തിനായി മസ്കത്തിലെ റോയൽ എയർപോർട്ടിൽനിന്ന് യാത്രതിരിക്കുന്നു
മസ്കത്ത്: ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി സ്പെയിനിലെത്തി. കിങ് ഫിലിപ് ആറാമൻ നൽകിയ ക്ഷണം സ്വീകരിച്ചാണ് സുൽത്താന്റെ സന്ദർശനം. രാജ്യങ്ങൾ തമ്മിലുള്ള ദ്വികക്ഷി ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും സാമ്പത്തികം, നിക്ഷേപം, വ്യാപാരം തുടങ്ങിയ മേഖലകളിൽ സഹകരണവും പങ്കാളിത്തവും വികസിപ്പിക്കുകയുമാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. ഇത് ഇരുരാജ്യങ്ങളുടെയും പൊതുതാൽപര്യങ്ങൾക്കും വളർച്ചക്കും ഗുണകരമാവമെന്നാണ് ചെയ്യുമെന്നാണ് പ്രതീക്ഷ.
സുൽത്താൻ ഹൈതം ബിൻ താരിഖിനൊപ്പം പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സയീദ്, റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, റോയൽ ഓഫിസ് മന്ത്രി ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുവമാനി, വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി ചെയർമാൻ അബ്ദുസ്സലം ബിൻ മുഹമ്മദ് അൽ മുര്ശിദി, വ്യാപാര, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖൈസ് ബിൻ മുഹമ്മദ് അൽ യൂസുഫ്, ഊർജ, ഖനി മന്ത്രിയായ എൻജിനീയർ സലിം ബിൻ നാസിർ അൽ ഔഫി തുടങ്ങിയവർ അനുഗമിക്കുന്നുണ്ട്.
രണ്ടര വർഷത്തിനുശേഷമാണ് സുൽത്താൻ വീണ്ടും സ്പെയിനിലെത്തുന്നത്. കഴിഞ്ഞ മേയിൽ സ്പെയിൻ സന്ദർശനത്തിന് സുൽത്താൻ പദ്ധതിയിട്ടിരുന്നെങ്കിലും പിന്നീട് യാത്ര മാറ്റിവെക്കുകയായിരുന്നു. അന്താരാഷ്ട്ര കാര്യ സഹകരണ ഉപമന്ത്രി സയ്യിദ് അസ്അദ് ബിൻ താരിഖ് അൽ സഈദ് , സാംസ്കാരിക, കായിക, യുവജനകാര്യ മന്ത്രി സയ്യിദ് ദി യസിൻ ബിൻ ഹൈതം അൽ സഈദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ മസ്കത്തിലെ റോയൽ എയർപോർട്ടിൽനിന്ന് സുൽത്താന് യാത്രയയപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.