സുഹാർ ഫെസ്റ്റിവൽ നഗരിയിൽനിന്നുള്ള കാഴ്ച
സുഹാർ: സുഹാർ ഫെസ്റ്റിവലിന്റെ മൂന്നാം പതിപ്പ് സഞ്ചാരികളെ ആകർഷിക്കുന്നു. നവംബർ 19ന് ആരംഭിച്ച ഫെസ്റ്റിവലിന്റെ ആദ്യ പത്ത് ദിവസം എത്തിയത് ഒരു ലക്ഷം ആളുകൾ. ജനുവരി മൂന്നുവരെ നീണ്ടുനിൽക്കുന്ന ഫെസ്റ്റിവൽ സുഹാറിലും പരിസര പ്രദേശങ്ങളിലും വിനോദസഞ്ചാരം വർധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള വിവിധങ്ങളായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
വാട്ടർ പാർക്ക്, ഇലക്ട്രോണിക് ഗെയിംസ് സിറ്റി, കുട്ടികളുടെ ആക്ടിവിറ്റി ഏരിയ, ആകർഷകമായ നൃത്ത ജലധാര എന്നിവ ഈ വർഷത്തെ പ്രത്യേകതകളാണ്. ക്രിയേറ്റീവ് ലൈറ്റ് ഇൻസ്റ്റാളേഷനുകൾ ഉൾക്കൊള്ളുന്ന ‘ലൈറ്റിങ് എൻവയോൺമെന്റ്സ്’ ഡിസ്പ്ലേ പ്രധാന ആകർഷണമായി മാറിയിട്ടുണ്ട്.
സുഹാർ സനായ റോഡിലെ എന്റർടൈമെന്റ് പാർക്കിലാണ് പരിപാടി അരങ്ങേറുന്നത്. ഓരോ ദിവസവും വ്യത്യസ്തവും അതി മനോഹരവുമായ കലാവിരുന്നാണ് ഒരുക്കിയിരിക്കുന്നത്.
ഖത്തർ വേൾഡ് കപ്പ് വേളയിൽ സുഹാർ ഫെസ്റ്റിവെഫൽ വേദിയിൽ വലിയ സ്ക്രീനിൽ ഫുട്ബാൾ ആസ്വദിക്കാൻ നൂറുകണക്കിന് ആളുകളെത്തിയിരുന്നു. അതുപോലെ ആയിരത്തിൽ അധികം ആളുകൾക്ക് വേദിയിൽ നടക്കുന്ന പരിപാടികൾ ഗാലറിയിൽ ഇരുന്ന് കാണാൻ ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുണ്ട്. ഒമാനിലെ പ്രമുഖ ഗായിക ഗായകരുടെ ഗാനമേളകൾ എല്ലാ ദിവസവും അരങ്ങേറുന്നുണ്ട്.
കൂടാതെ മറ്റു നിരവധി കലാരൂപങ്ങളും കുട്ടികൾക്കുള്ള പരിപാടികളും മുഖ്യ വേദിയിലും അനുബന്ധ വേദികളിലുമായി നടക്കും. പാചകം, കരകൗശല നിർമാണവും വിൽപനയും, അമ്യൂസ് മെന്റ് പാർക്ക്, ഫുഡ് കോർട്ട്, കുട്ടികളുടെ നാടകങ്ങൾ ഒമാനി തനത് കലാ രൂപങ്ങൾ, പാരമ്പര്യ വസ്ത്ര വിപണി, ക്വിസ് പ്രോഗ്രാം, നറുക്കെടുപ്പ് എന്നിങ്ങനെ നീളുന്ന പരിപാടികൾ സ്വദേശികളെ പോലെ വിദേശികളും വൈകുന്നേരങ്ങളിൽ സുഹാർ ഫെസ്റ്റ് കാണാനായി ഒഴുകുന്നുണ്ട്.
ഡിസംബർ 21 മുതൽ നടക്കുന്ന അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ബിഗ് സ്ക്രീനിൽ കാണാനുള്ള സൗകര്യവും ഒരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.