മസ്കത്ത്: വീടുകളിലും സ്ഥാപനങ്ങളിലും സൗരോർജം ഉൽപാദിപ്പിക്കാൻ അനുമതി നൽകുന്ന പദ്ധതിക്ക് തുടക്കമായി. പുനരുപയോഗ ഉൗർജസ്രോതസ്സുകളുടെ പ്രോത്സാഹനം ലക്ഷ്യമിട്ടുള്ളതാണ് ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റിയുടെ കീഴിൽ ആരംഭിച്ച ‘സഹിം’ എന്ന പദ്ധതി. താൽപര്യമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സ്വന്തമായി വൈദ്യുതി ഉൽപാദിപ്പിക്കാൻ അനുമതി നൽകുന്നതാണ് പദ്ധതി. ഉപയോഗത്തിന് ശേഷം അധികമുള്ള വൈദ്യുതി വിതരണ കമ്പനികൾക്ക് വിൽപന നടത്തുകയും ചെയ്യാം. ഇതിന് ഉൽപാദന ചെലവ് ലഭിക്കുകയും ചെയ്യും. നിലവിൽ ഒമാനിലെ 96 ശതമാനം വൈദ്യുതി ഉൽപാദനവും പ്രകൃതിവാതകം ഉപയോഗിച്ചാണ് നടക്കുന്നത്. സൗരോർജ പദ്ധതി വ്യാപകമാകുന്നതോടെ പ്രകൃതി വാതകത്തിലുള്ള ആശ്രിതത്വം കുറക്കാൻ സാധിക്കും. ഉൗർജ ഉൽപാദനത്തിന് പരമ്പരാഗത മാർഗങ്ങളെ ആശ്രയിക്കുന്നത് കുറക്കുകയാണ് പദ്ധതി വഴി ലക്ഷ്യമിടുന്നതെന്ന് ഉദ്ഘാടന ചടങ്ങിൽ ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഖൈസ് അൽ സഖ്വാനി പറഞ്ഞു. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സ്വയംപര്യാപ്തരാകാൻ സഹായിക്കുന്നതാണ് പദ്ധതി. പദ്ധതിയുമായി സഹകരിച്ച് വീടുകളിലും സ്ഥാപനങ്ങളിലും ഫോേട്ടാവോൾട്ടിക്ക് സെല്ലുകൾ സ്ഥാപിക്കാൻ താൽപര്യമുള്ളവർ റെഗുലേറ്ററി അതോറിറ്റിയെ സമീപിക്കുകയാണ് വേണ്ടത്. അതോറിറ്റി ഇതിനായി ചുമതലപ്പെടുത്തിയ കമ്പനികളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇവർക്ക് കൈമാറും. പദ്ധതിയുടെ ഇൻസ്റ്റലേഷൻ ചെലവുകൾ ഉപഭോക്താക്കൾ വഹിക്കേണ്ടിവരും.
ദീർഘകാലാടിസ്ഥാനത്തിലാണ് പദ്ധതി ലാഭകരമാവുകയെന്നും അൽ സഖ്വാനി പറഞ്ഞു. ആറു ചെറുകിട, ഇടത്തരം കമ്പനികളെയാണ് പദ്ധതിക്കായി ചുമതലപ്പെടുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.