സോഹാർ മലയാളിസംഘം യുവജനോത്സവത്തിന്റെ ഭാഗമായി നടന്ന സ്റ്റേജിതര മത്സരങ്ങളിൽനിന്ന്
സുഹാർ: സോഹാർ മലയാളി സംഘം പത്താമത് യുവജനോത്സവത്തിന്റെ ഭാഗമായി സ്റ്റേജിതര മത്സരങ്ങൾ സുഹാർ ലുലു ഹാളിൽ നടന്നു. ഒമാനിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ സബ് ജൂനിയർ-ജൂനിയർ-സീനിയർ-ഓപൺ വിഭാഗങ്ങളായി തരംതിരിച്ച് ആകെ 34 ഇനങ്ങളിൽ 215 മത്സരാർഥികൾ ആവേശത്തോടെ മത്സരിച്ചു.
രാവിലെ 9.30 മുതൽ ആരംഭിച്ച് വൈകീട്ട് 7.30 വരെ നടന്ന സ്റ്റേജിതര മത്സരങ്ങളുടെ ഉദ്ഘാടനം സോഹാർ ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്റ് രാജേഷ് കൊണ്ടാല നിർവഹിച്ചു. സോഹാർ മലയാളി സംഘം പ്രസിഡന്റ് മനോജ് കുമാർ അധ്യക്ഷത വഹിച്ചു. സ്റ്റേജിതര മത്സര കോഓഡിനേറ്റർ ഡോ. ഗിരീഷ് നാവത്, പ്രോഗ്രാം കൺവീനർ ജയൻ മേനോൻ എന്നിവർ മത്സരാർഥികൾക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ജനറൽ സെക്രട്ടറി സ്വാഗതവും വൈസ് പ്രസിഡന്റ് സുനിൽ കുമാർ നന്ദിയും പറഞ്ഞു. മത്സര വിധിനിർണയത്തിനായി കേരളത്തിൽ നിന്നാണ് വിദഗ്ധ വിധികർത്താക്കൾ എത്തുക. സ്റ്റേജ് ഇന മത്സരങ്ങൾ നവംബർ ഏഴ്, എട്ട് ദിവസങ്ങളിൽ സോഹാർ പ്ലാസയിലെ നാല് തിയറ്ററുകളിലായി നടക്കും. മാസങ്ങൾ നീണ്ട പരിശീലനങ്ങൾക്ക് ശേഷം യുവജനോത്സവത്തിന്റെ സ്റ്റേജ് ഇന മത്സരങ്ങളിൽ മികവ് തെളിയിക്കാൻ ഉള്ള കാത്തിരിപ്പിലാണ് മത്സരാർഥികൾ.
മത്സരത്തിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷൻ തുടരുന്നതായി സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.