മസ്കത്ത്: ഒമാനിലെ പർവതനിരകളിൽ ചൊവ്വാഴ്ച മുതൽ മഞ്ഞുവീഴ്ചക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. താപനില പൂജ്യം ഡിഗ്രി സെൽഷ്യസിൽ താഴെയാകുമ്പോൾ ജലബാഷ്പം നേരിട്ട് മഞ്ഞുകട്ടയായി ഉപരിതലത്തിൽ അടിയുന്നതാണ് മഞ്ഞുകട്ടകൾ രൂപപ്പെടാൻ കാരണമാകുന്നത്. ഉപരിതല താപനില ‘ഫ്രോസ്റ്റ് പോയിന്റ്’ കടന്നാലാണ് ഈ പ്രക്രിയ സംഭവിക്കുക. വായുവിന്റെയോ ഉപരിതലത്തിന്റെയോ താപനില ‘ഡ്യൂ പോയിന്റ്’നു താഴെയായാൽ മഞ്ഞുതുള്ളികൾ രൂപപ്പെടും.
സുൽത്താനേറ്റിലെ മിക്ക ഗവർണറേറ്റുകളിലും അന്തരീക്ഷം മേഘാവൃതമാണ്. രാജ്യത്തിന്റെ വടക്കൻ ഗവർണറേറ്റുകളുടെ ഭൂരിഭാഗത്തും ഉയർന്നതും മധ്യനിലയിലുള്ളതുമായ മേഘങ്ങളുടെ സാന്നിധ്യം തുടരുമെന്നാണ് പ്രവചനം. അറേബ്യൻ കടലിന്റെയും ഒമാൻ കടലിന്റെയും തീരപ്രദേശങ്ങളിൽ താഴ്ന്ന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും പ്രദേശത്ത് ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ദാഹിറ, തെക്കൻ ശർഖിയ ഗവർണറേറ്റുകളിലെ മരുഭൂമി പ്രദേശങ്ങളിൽ രാത്രിയും പുലർച്ചെയും മൂടൽമഞ്ഞ് അനുഭവപ്പെടാൻ സാധ്യതയുണ്ട്. സൈഖിൽ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത് 0.4 ഡിഗ്രി സെൽഷ്യസ് താപനിലയാണ്.
വരും ദിവസങ്ങളിൽ പർവത മേഖലകളിൽ താപനില ഇനിയും കുറയുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഞായറാഴ്ചയാണ് ഒമാനിൽ ശൈത്യകാലത്തിന് ഔദ്യോഗിക കണക്കുപ്രകാരം തുടക്കം കുറിച്ചത്.
ചില പ്രദേശങ്ങളിൽ കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നേക്കാമെന്നും ഉയർന്ന പ്രദേശങ്ങളിൽ പൂജ്യത്തിന് താഴേക്ക് താപനിലയെത്താൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.