മസ്കത്ത്: ജനുവരിയിൽ ഒമാൻ എയറിൽ നേരിട്ടുള്ള സർവിസ് യാത്രക്കാരിൽ 51 ശതമാനം വർധന രേഖപ്പെടുത്തി. ഈ വർഷം ഇതുവരെ 3.25 ലക്ഷം യാത്രക്കാരാണ് ഒമാൻ എയറിൽ യാത്ര ചെയ്തത്. കഴിഞ്ഞവർഷം ജനുവരിയിൽ ഇത് 2.16 ലക്ഷം ആയിരുന്നു. ആകെ യാത്രക്കാരുടെ എണ്ണം 6.08 ലക്ഷമായി ഉയർന്നു.
കഴിഞ്ഞ വർഷത്തെ 5.44,000 യാത്രക്കാരുമായി താരതമ്യം ചെയ്യുമ്പോൾ 12 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. സലാലയിലേക്കുള്ള സർവിസുകളിലും ശ്രദ്ധേയമായ വർധനയുണ്ടായി. 2025ൽ 37,332 ആയിരുന്ന യാത്രക്കാരുടെ എണ്ണം ഈ വർഷം 50,717 ആയി. 36 ശതമാനം വർധിച്ചു.
2026ൽ കമ്പനി ലാഭത്തിലേക്ക് കടക്കുകയെന്നതാണ് പ്രധാന ലക്ഷ്യമെന്നും കമ്പനിയുടെ ചരിത്രത്തിലാദ്യമായി ലാഭം റിപ്പോർട്ട് ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്നും ഒമാൻ എയർ ചീഫ് കമേഴ്സൽ ഓഫിസർ മൈക്ക് റട്ടർ വ്യക്തമാക്കി. പരിഷ്കരണ പദ്ധതിയുടെ ഭാഗമായി ലാഭം വർധിപ്പിക്കാനും ദീർഘകാല സുസ്ഥിരത ഉറപ്പാക്കാനും നിരവധി തന്ത്രപരമായ മാറ്റങ്ങൾ ഒമാൻ എയർ നടപ്പാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് പോയന്റ്-ടു-പോയന്റ് സർവിസുകൾക്ക് മുൻഗണന നൽകുന്നത്. ഇത് കൂടുതൽ വരുമാനമുണ്ടാക്കുന്നതിനൊപ്പം ഒമാനിലേക്കുള്ള വിനോദസഞ്ചാര പ്രവാഹം വർധിപ്പിക്കാനും രാജ്യത്തിന്റെ സമഗ്ര സാമ്പത്തിക വളർച്ചക്കും സഹായകരമാകുമെന്ന് കമ്പനി വിലയിരുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.