വാദി അൻസബിന്റെ ഫയൽ ചിത്രം
മസ്കത്ത്: വിവിധ മേഖലകളിലായി നടപ്പാക്കുന്ന വികസന പദ്ധതികൾക്കായി 32,597,355 ഒമാനി റിയാൽ മൂല്യമുള്ള ടെൻഡറുകളും അധിക പ്രവൃത്തികളും ടെൻഡർ ബോർഡ് അംഗീകരിച്ചു. വ്യാഴാഴ്ച നടന്ന യോഗത്തിൽ സാമ്പത്തിക മന്ത്രിയും ബോർഡ് ചെയർമാനുമായ ഡോ. ഖമീസ് ബിൻ സൈഫ് അൽ ജബ്രി അധ്യക്ഷതവഹിച്ചു. മസ്കത്ത് ഗവർണറേറ്റിലെ വാദി അൻസബ് മേഖലയിൽ രണ്ട് പ്രളയ സംരക്ഷണ അണക്കെട്ടുകൾ നിർമിക്കുന്നതിനായി 97.5 ലക്ഷം ഒമാനി റിയാൽ വിനിയോഗിക്കുന്ന പദ്ധതി അംഗീകരിച്ച പ്രധാന പദ്ധതികളിൽ ഉൾപ്പെടുന്നു. കൂടാതെ, ഡയാലിസിസ് ആവശ്യവസ്തുക്കൾ വിതരണം ചെയ്യുന്നതിനായി 8.3 ലക്ഷം ഒമാനി റിയാലും അനുവദിച്ചു.
ഇന്റഗ്രേറ്റഡ് സ്പോർട്സ് സിറ്റിയിലെ സ്റ്റേഡിയത്തിന്റെ മൂന്നാംഘട്ട രൂപകൽപനക്കായുള്ള കൺസൽട്ടൻസി സേവനങ്ങൾക്ക് 46.5 ലക്ഷവും ധനകാര്യ മന്ത്രാലയത്തിന്റെ കെട്ടിടത്തിന്റെ നവീകരണ-പരിപാലന പ്രവർത്തനങ്ങളുടെ ഭാഗമായി എയർ കണ്ടീഷനിങ് യൂനിറ്റുകൾ മാറ്റിസ്ഥാപിക്കുന്നതിനായി 32.68 ലക്ഷവും അനുവദിച്ചു. സലാലയിലെ ഇത്തീൻ റോഡും 18 നവംബർ സ്ട്രീറ്റും സംഗമിക്കുന്ന ജങ്ഷനിൽ ടണൽ നിർമാണത്തിനായുള്ള അധിക പ്രവൃത്തികൾക്കായി 32.03 ലക്ഷം അംഗീകരിച്ചു. ദോഫാർ ഗവർണറേറ്റിലെ റഖ്യൂത് -ദൽക്കൂത് തീരദേശ മൺപാത നവീകരിക്കുന്ന പദ്ധതിക്കായി ഏഴു ലക്ഷം ഒമാനി റിയാലും അനുവദിച്ചു. ഇതുകൂടാതെ പ്രോജക്സ്സ്, ടെൻഡേഴ്സ് ആൻഡ് ലോക്കൽ കണ്ടന്റ് അതോറിറ്റി ആസ്ഥാനത്തെ ഐ.ടി. അടിസ്ഥാന സൗകര്യ വികസനത്തിനായി 4.18 ലക്ഷം റിയാലും അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.