മസ്കത്ത്: മലയാളികളുടെ പ്രിയ ഗായിക ചിത്ര അയ്യരുടെ സഹോദരി കൊല്ലം കരുനാഗപ്പള്ളി തഴവ സ്വദേശിനി ശാരദ അയ്യർ (52) ഒമാനിൽ അപകടത്തിൽ മരിച്ചു. വടക്കൻ ദാഖിലിയ്യ ഗവർണറേറ്റിലെ ബഹ്‍ലയിലെ ജബൽ ശംസിൽ സുഹൃത്തുക്കൾക്കൊപ്പം ട്രക്കിങ് നടത്തുന്നതിനിടെയുണ്ടായ അപകടത്തിലാണ് മരണം. ഒമാൻ എയർ മുൻ മനേജറായ ശാരദ മസ്കത്തിലായിരുന്നു താമസം. ശനിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് അപകടം. പ്രിയ സഹോദരിയുടെ വിയോഗ വാർത്ത ചിത്ര അയ്യർ തന്നെ തന്റെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെ പങ്കുവെച്ചത്.
‘എന്റെ സഹോദരി ശാരദ ഇന്നലെ ഉച്ചക്ക് ഏകദേശം രണ്ടു മണിയോടെ ഒമാനിൽ ട്രക്കിങ്ങിനിടെയുണ്ടായ അപ്രതീക്ഷിത അപകടത്തിൽ മരിച്ചു. ഞങ്ങൾ അതീവ ദുഃഖിതരും ഹൃദയം തകർന്ന അവസ്ഥയിലുമാണ്’- ചിത്ര തന്റെ എഫ്.ബി പോസ്റ്റിൽ കുറിച്ചു. ഒരു മാസത്തിനിടെ ഇരട്ട വിയോഗമാണ് ചിത്ര അയ്യരുടെ കുടുംബത്തെ തേടിയെത്തിയത്.
പിതാവ് രാജദുരൈ അയ്യർ കഴിഞ്ഞ ഡിസംബർ 11നാണ് അന്തരിച്ചത്. ബഹ്‍ല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് കൈമാറും. മാതാവ്: രോഹിണി അയ്യർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.