ശബാബ് ഒമാൻ-രണ്ട് കപ്പലിലെ അംഗങ്ങൾ
മസ്കത്ത്: ഏഴാമത് അന്താരാഷ്ട്ര യാത്ര പൂർത്തിയാക്കിയ ശബാബ് ഒമാൻ-രണ്ട് കപ്പലിന് ബുധനാഴ്ച റോയൽ നേവി ഓഫ് ഒമാൻ സ്വീകരണം നൽകും. ‘ഗ്ലോറി ഓഫ് ദ സീസ് 2025’ എന്ന പേരിലായിരുന്നു ശബാബ് ഒമാൻ- രണ്ടിന്റെ ഏഴാമത്തെ അന്താരാഷ്ട്ര യാത്ര. അടുത്തിടെയാണ് കപ്പൽ ഒമാൻതീരത്ത് മടങ്ങിയെത്തിയത്.
ശബാബ് ഒമാൻ-രണ്ട് കപ്പൽ സഞ്ചാരത്തിനിടെ
യൂറോപ്പിലെ വിവിധ തുറമുഖങ്ങൾ സന്ദർശിച്ച ഈ യാത്ര രാജ്യങ്ങൾക്കിടയിൽ സമാധാനവും സൗഹൃദവും പ്രചരിപ്പിക്കുകയും ഒമാന്റെ സമ്പന്നമായ സമുദ്ര പൈതൃകം ലോകത്തിന് പരിചയപ്പെടുത്തുകയും ചെയ്യുകയായിരുന്നു ലക്ഷ്യമിട്ടത്. യാത്രക്കിടെ ശബാബ് ഒമാൻ-രണ്ട് നിരവധി അന്താരാഷ്ട്ര സമുദ്ര പുരസ്കാരങ്ങൾ നേടിയിരുന്നു. ഏപ്രിൽ 30ന് ആരംഭിച്ച യാത്രയിൽ കപ്പൽ ആറുമാസം കൊണ്ട് 18,000 നോട്ടിക്കൽ മൈലിലധികം സഞ്ചരിച്ചിരുന്നു. ഇതിനിടെ 30 ലക്ഷ്യസ്ഥാനങ്ങൾ സന്ദർശിച്ചു. 15 രാജ്യങ്ങളിലായി 24 തുറമുഖങ്ങളിൽ ശബാബ്- രണ്ട് നങ്കൂരമിട്ടു.
കപ്പലിന്റെ തിരിച്ചുവരവിനെ ആഘോഷമാക്കുന്ന സ്വീകരണചടങ്ങ് സയ്യിദ് ബിൻ സുൽത്താൻ നാവികതാവളത്തിൽ സാമ്പത്തികകാര്യ മന്ത്രി സുൽത്താൻ ബിൻ സലിം അൽ ഹബ്സിയുടെ നേതൃത്വത്തിൽ നടക്കും. ചടങ്ങിൽ സായുധസേന മേധാവിമാരും മറ്റ് സൈനിക, സുരക്ഷാ വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളും വിരമിച്ച സൈനിക ഉദ്യോഗസ്ഥരും വിശിഷ്ടാതിഥികളും സഹോദരരാജ്യങ്ങളുടെയും സൗഹൃദ രാഷ്ട്രങ്ങളുടെയും അംബാസഡർമാരും പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.