ബാഴ്സലോണ തുറമുഖത്തുനിന്ന് ശബാബ് ഒമാൻ-രണ്ട് ലിസ്ബണിലേക്ക് തിരിച്ചപ്പോൾ
മസ്കത്ത്: ശബാബ് ഒമാൻ രണ്ടിന്റെ ഏഴാമത് അന്താരാഷ്ട്ര യാത്രയുടെ ഭാഗമായി കപ്പൽ പോർച്ചുഗീസിലെ ലിസ്ബൺ തുറമുഖത്തേക്ക് യാത്ര തിരിച്ചു. സ്പെയിനിലെ ബാഴ്സലോണ തുറമുഖത്തുനിന്നാണ് കപ്പൽ യാത്ര പുറപ്പെട്ടത്. ഊഷ്മളമായ സ്വീകരണമാണ് കപ്പലിന് ബാഴ്സലോണയിൽ ലഭിച്ചത്. ലോകജനതകൾക്കിടയിൽ സൗഹൃദം, സമാധാനം, ഐക്യം എന്നിവയുടെ ബന്ധങ്ങൾ വളർത്തിയെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കപ്പൽ യാത്ര നടത്തുന്നത്. ഏപ്രിൽ 30ന് മസ്കത്തിൽനിന്നാണ് യത്ര പുറപ്പെട്ടത്. ഒമാന്റെ സമ്പന്നമായ സമുദ്ര പൈതൃകത്തിന്റെ സത്തയും അതിന്റെ ശോഭനമായ വർത്തമാനകാല നേട്ടങ്ങളും ഉൾക്കൊള്ളുന്നതാണ് ഒമാൻ റോയൽ നേവിയുടെ (ആർ.എൻ.ഒ) കപ്പൽ. ‘ഗ്ലോറീസ് ഓഫ് ദി സീസ്’ എന്ന പേരിലാണ് യാത്ര നടത്തുന്നത്.
ഏഴാമത്തെ അന്താരാഷ്ട്ര യാത്രയിൽ, ഷബാബ് ഒമാൻ 30 ലക്ഷ്യസ്ഥാനങ്ങൾ സന്ദർശിക്കും. 15 രാജ്യങ്ങളിലായി 24 തുറമുഖങ്ങളിൽ നങ്കൂരമിടും. ബ്രെമർഹാവൻ സെയിൽ ഫെസ്റ്റിവൽ, ആംസ്റ്റർഡാം സെയിൽ ഫെസ്റ്റിവൽ, ടോൾ ഷിപ്സ് റേസുകൾ എന്നിവക്കൊപ്പം മറ്റു സമുദ്ര ഉത്സവങ്ങളിലും ആഘോഷങ്ങളിലും പങ്കെടുക്കും. ആറു മാസത്തെ യാത്രയിൽ 18,000 നോട്ടിക്കൽ മൈലിലധികം കപ്പൽ സഞ്ചരിക്കും. സുൽത്താന്റെ സായുധ സേന, മറ്റു സൈനിക, സുരക്ഷ സേവനങ്ങൾ, വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സ്കൗട്ട്സ് ആൻഡ് ഗേൾ ഗൈഡുകൾ എന്നിവയിൽ നിന്നുള്ള 84 ട്രെയിനികളും ക്രൂവിനൊപ്പമുണ്ട്. ഒമാന്റെ സൗഹൃദം, സ്നേഹം, ഐക്യം എന്നിവയുടെ സന്ദേശം ലോകത്തിന് എത്തിക്കാനാണ് യാത്രയിലൂടെ ഉദ്ദേശിക്കുന്നത്. ഒമാനി സംസ്കാരം ഓരോ സ്റ്റോപ്പിലും പരിചയപ്പെടുത്തും. രാജ്യത്തിന്റെ അഭിമാനകരമായ സമുദ്ര ചരിത്രം, പുരാതന പാരമ്പര്യങ്ങൾ, ആധുനിക പുരോഗതി എന്നിവയും പ്രദർശിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.