ശബാബ് ഒമാൻ രണ്ടിന്റെ ഏഴാമത് അന്താരാഷ്ട്ര യാത്രക്ക് മന്നോടിയായി ജീവനക്കാർ മുഖ്യാഥിതിക്കൊപ്പം കപ്പലിന് മുന്നിൽ
മസ്കത്ത്: ലോകജനതകൾക്കിടയിൽ സൗഹൃദം, സമാധാനം, ഐക്യം എന്നിവയുടെ ബന്ധങ്ങൾ വളർത്തിയെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ശബാബ് ഒമാൻ രണ്ടിന്റെ ഏഴാമത്തെ അന്താരാഷ്ട്ര യാത്രക്ക് തുടക്കമായി. ഒമാന്റെ സമ്പന്നമായ സമുദ്ര പൈതൃകത്തിന്റെ സത്തയും അതിന്റെ ശോഭനമായ വർത്തമാനകാല നേട്ടങ്ങളും ഉൾക്കൊള്ളുന്നതാണ് ഒമാൻ റോയൽ നേവിയുടെ (ആർ.എൻ.ഒ) കപ്പൽ. ‘ഗ്ലോറീസ് ഓഫ് ദി സീസ്’ എന്ന പേരിലാണ് യാത്ര നടത്തുന്നത്.
സഈദ് ബിൻ സുൽത്താൻ നാവിക താവളത്തിൽ നടന്ന ഔപചാരിക യാത്രയയപ്പ് ചടങ്ങിന് സ്റ്റേറ്റ് കൗൺസിൽ ചെയർമാൻ ശൈഖ് അബ്ദുൽ മാലിക് ബിൻ അബ്ദുല്ല അൽ ഖലീലി നേതൃത്വം നൽകി. ഒമാന്റെ സമുദ്ര പൈതൃക പാരമ്പര്യം, നാവിഗേഷനിലെ സംഭാവനകൾ, ഒമാനും മറ്റ് നാഗരികതകളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ അതിന്റെ പങ്ക് എന്നിവ എടുത്തുകാണിക്കുന്ന ദൃശ്യപ്രദർശനവും പരിപാടിയിൽ നടന്നു.
സ്റ്റേറ്റ് കൗൺസിൽ ചെയർമാൻ ശൈഖ് അബ്ദുൽ മാലിക് ബിൻ അബ്ദുല്ല അൽ ഖലീലി, വിശിഷ്ടാതിഥികൾ, സൈനിക നേതാക്കൾ, മുതിർന്ന അതിഥികൾ എന്നിവർ ശബാബ് ഒമാൻ -രണ്ട് സന്ദർശിച്ചു. ചടങ്ങിൽ നിരവധി മന്ത്രിമാർ, മുതിർന്ന സൈനിക, സുരക്ഷ ഉദ്യോഗസ്ഥർ, അറബ്, സൗഹൃദ രാജ്യങ്ങളിൽനിന്നുള്ള അംബാസഡർമാർ, മുതിർന്ന വിരമിച്ച ഉദ്യോഗസ്ഥർ, സൈനിക അറ്റാഷെകൾ, മറ്റ് വിശിഷ്ടാതിഥികൾ എന്നിവർ പങ്കെടുത്തു.
ഏഴാമത്തെ അന്താരാഷ്ട്ര യാത്രയിൽ, ഷബാബ് ഒമാൻ 30 ലക്ഷ്യസ്ഥാനങ്ങൾ സന്ദർശിക്കും. 15 രാജ്യങ്ങളിലായി 24 തുറമുഖങ്ങളിൽ നങ്കൂരമിടും. ബ്രെമർഹാവൻ സെയിൽ ഫെസ്റ്റിവൽ, ആംസ്റ്റർഡാം സെയിൽ ഫെസ്റ്റിവൽ, ടോൾ ഷിപ്പ്സ് റേസുകൾ എന്നിവക്കൊപ്പം മറ്റ് സമുദ്ര ഉത്സവങ്ങളിലും ആഘോഷങ്ങളിലും പങ്കെടുക്കും. ആറ് മാസത്തെ യാത്രയിൽ 18,000 നോട്ടിക്കൽ മൈലിലധികം കപ്ല സന്ദർശിക്കും.
സുൽത്താന്റെ സായുധസേന, മറ്റ് സൈനിക, സുരക്ഷ സേവനങ്ങൾ, വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സ്കൗട്ട്സ് ആൻഡ് ഗേൾ ഗൈഡുകൾ എന്നിവയിൽ നിന്നുള്ള 84 ട്രെയിനികളും ക്രൂവിനൊപ്പമുണ്ട്. ഒമാന്റെ സൗഹൃദം, സ്നേഹം, ഐക്യം എന്നിവയുടെ സന്ദേശം ലോകത്തിന് എത്തിക്കാനും അവർ സഹായിക്കും. ഒമാനി സംസ്കാരം ഓരോ സ്റ്റോപ്പിലും പരിചയപ്പെടുത്തും. രാജ്യത്തിന്റെ അഭിമാനകരമായ സമുദ്ര ചരിത്രം, പുരാതന പാരമ്പര്യങ്ങൾ, ആധുനിക പുരോഗതി എന്നിവ പ്രദർശിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.