മസ്കത്ത്: രാജ്യത്ത് ഇടക്കിടെ ആവർത്തിച്ചുകൊണ്ടിരിക്കുന്ന സ്കൂൾ ബസ് അപകടങ്ങൾ കുറക്കാൻ കർശന നടപടി സ്വീകരിക്കണമെന്ന് രക്ഷിതാക്കൾ. കഴിഞ്ഞ 22 മാസത്തിനിടെ ഏഴു കുട്ടികളുടെ ജീവനാണ് ഇത്തരം അപകടങ്ങളിൽ പൊലിഞ്ഞത്. കഴിഞ്ഞ വ്യാഴാഴ്ച ബാത്തിന മേഖലയിൽ നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് മൂന്ന് സ്കൂൾ കുട്ടികൾ മരിച്ച് ഇത്തരം അപകടങ്ങളിലെ ഒടുവിലത്തേതാണ്. സഹം വിലായത്തിലായിരുന്നു സംഭവം. ഏതിർദിശയിൽനിന്ന് വന്ന ട്രക്കിനെയടക്കം ഇടിച്ചാണ് ബസ് നിന്നത്. ഇത്തരത്തിലുള്ള സ്കൂൾ ബസ് അപകടങ്ങൾ ഒഴിവാക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് ജോക്ക അൽ-എസ്രി പറഞ്ഞു. പല ഡ്രൈവർമാരും വേഗത്തിലും അശ്രദ്ധയോടുംകൂടിയാണ് വാഹനമോടിക്കുന്നതെന്നും അവർ പറഞ്ഞു. സ്കൂൾ ബസ് ഡ്രൈവർമാർക്ക് പ്രായ പരിധി ഏർപ്പെടുത്തണമെന്ന് രക്ഷിതാക്കൾ റോയൽ ഒമാൻ പൊലീസിനോടും ആവശ്യപ്പെട്ടു.
സ്കൂൾ ബസ് ഡ്രൈവർമാരുടെ നിയമനത്തിന് കുറഞ്ഞത് അഞ്ചുവർഷത്തെ പരിചയമുള്ളവരായിരിക്കണമെന്ന് മറ്റൊരു രക്ഷിതാവായ ഷംസ അൽ-ഹുസ്‌നി പറഞ്ഞു. നിലവിൽ പല സ്കൂൾ ബസ് ഡ്രൈവർമാരുടെയും പ്രായം ഇരുപതുകളിലാണ്. അതുകൊണ്ടുതന്നെ ഡ്രൈവിങ് രംഗത്ത് അവർക്ക് പരിചയം കുറവാണെന്നും രക്ഷിതാക്കൾ ചൂണ്ടികാണിക്കുന്നു. ഈ മാസം നാലിന് അൽവുസ്തയിൽ സ്കൂൾ ബസ് മറിഞ്ഞ് മൂന്ന് അധ്യാപകരും മരിച്ചിരുന്നു. സുരക്ഷിതമായ ഡ്രൈവിങ് നടത്താൻ പ്രോത്സാഹിപ്പിച്ച് ആർ.ഒ.പി വർഷങ്ങളായി കാമ്പയിൻ നടത്തുണ്ട്. ഇത് വിജയം കാണുകയും ചെയ്യുന്നുണ്ട്. 2020നെ അപേക്ഷിച്ച് 2021ൽ റോഡപകടങ്ങളുടെ നിരക്ക് 33 ശതമാനം കുറഞ്ഞു.
എന്നാൽ, കൂടുതൽ കാര്യങ്ങൾ റോഡപകടങ്ങൾ കുറക്കാൻ ബന്ധപ്പെട്ടവർ ചെയ്യണമെന്നാണ് മാതാപിതാക്കൾ പറയുന്നത്. സ്കൂൾ ബസിൽ ഡ്രൈവർമാരെ നിരീക്ഷിക്കാൻ കാമറകൾ സ്ഥാപിക്കണമെന്ന് മറ്റൊരു രക്ഷിതാവായ സലിം അൽ-ജാഷ്മി പറഞ്ഞു. ബസ് ഓടിക്കുമ്പോൾ ഡ്രൈവർ ചിലപ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാറുണ്ടെന്ന് മകൻ പറയാറുണ്ട്. ബസിൽ കാമറകൾ സ്ഥാപിച്ചാൽ ഇത്തരം തെറ്റുകൾക്ക് തെളിവ് സഹിതം ഡ്രൈവർമാരെ പിടികൂടാൻ കഴിയുമെന്നും അവർ പറഞ്ഞു.
സ്കൂൾ കുട്ടികളുമായി പോകുമ്പോൾ പല ഡ്രൈവർമാരും അശ്രദ്ധമായി ഓവർടേക്ക് ചെയ്തുപോകുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് മുഹമ്മദ് അൽ-തോബി എന്നയാൾ പറഞ്ഞു. ബസ് ഡ്രൈവർമാരെ കുറിച്ച് ഭീതിപ്പെടുത്തുന്ന ഓർമകൾ വിദ്യാർഥികളും പങ്കുവെച്ചു. ഡൈവർമാർ ബസ് ഓടിക്കുമ്പോൾ പലപ്പോഴും ഒറ്റക്കൈകൊണ്ടാണ് സ്റ്റിയറിങ് നിയന്ത്രിക്കാറ്. അദ്ദേഹത്തോട് എന്തെങ്കിലും പറയാൻ ഭയമാണെന്നും ഹമദ് അൽ ഹർതി എന്ന വിദ്യാർഥി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.