സർഗവേദി സലാല മ്യൂസിയം ഹാളിൽ സംഘടിപ്പിച്ച നാടകോത്സവം
സലാല: പുതു തലമുറക്ക് പുത്തൻ കാഴ്ചാനുഭവങ്ങൾ സമ്മാനിച്ച് സർഗവേദിയുടെ നാടകോത്സവം. മ്യൂസിയം ഹാളിൽ നടന്ന ഏഴാമത് കെ.ടി. മുഹമ്മദ് നാടകോത്സവം പയ്യന്നൂർ മുരളി ഉദ്ഘാടനം ചെയ്തു. അഭിമന്യു ഷൊർണൂർ, സർഗവേദി കൺവീനർ സിനു മാസ്റ്ററും സംബന്ധിച്ചു
കിമോത്തി അൽബാനി യുടെ (പുനരുദ്ധാരണം), പ്രവാസി വെൽഫെയറിന്റെ (മരണ വ്യാപാരികൾ), കൈരളി സലാലയുടെ (മീനുകൾ മലകയറുമ്പോൾ), മന്നം കലാ സാംസ്കാരിക വേദിയുടെ (നവമാധ്യമ നാടകം), ഫ്രണ്ട്സ് ആൻഡ് ഫാമിലി സലാലയുടെ (തന്ത), കെ.എസ്.കെ സലാലയുടെ (കർക്കിടകം), എസ്.എൻ കലാവേദിയുടെ (ഒരു തെയ്യക്കാലം) തുടങ്ങിയ ഏഴ് നാടകങ്ങളാണ് അരങ്ങിൽ എത്തിയത്.
ഇതിൽ കെ.എസ്.കെ സലാലയുടെ കർക്കിടകം ഒന്നാം സ്ഥാനം നേടി. മന്നം കലാവേദി അവതരിപ്പിച്ച നവ മാധ്യമ നാടകം രണ്ടാം സ്ഥാനവും സ്വന്തമാക്കി. മൂന്നാം സ്ഥാനം എസ്.എൻ കലാവേദിയുടെ ഒരു തെയ്യക്കാലം കൈരളി സലാലയുടെ മീനുകൾ മല കയറുമ്പോൾ എന്ന നാടകങ്ങൾ പങ്കിട്ടു .
കർക്കിടകം സംവിധാനം ചെയ്ത നവീൻ രാജ് മികച്ച സംവിധായകനുള്ള പുരസ്കാരം സ്വന്തമാക്കി. ഇതേ നാടകത്തിൽ അഭിനയിച്ച പ്രശാന്ത് നമ്പ്യാർ മികച്ച നടനും രജിഷ ബാബു മികച്ച നടിയുമായി തെരഞ്ഞെടുത്തു. മികച്ച രംഗ സജ്ജീകരണവും ഈ നാടകം തന്നെയാണ്.
ശ്രീജിത്ത് ചന്തേര മികച്ച രണ്ടാമത്തെ നടനായും സരിത ജയൻ മികച്ച സഹ നടിയായും അബ്ദുൾ അസീസ് മികച്ച ബാലതാരമായും തെരഞ്ഞെടുത്തു.
നാട്ടിൽ നിന്നെത്തിയ നാടക പ്രവർത്തകരായ പയ്യന്നൂർ മുരളി, അഭിമന്യു ഷൊർണ്ണൂർ എന്നിവരായിരുന്നു വിധി കർത്താക്കൾ.
നാടകോത്സവത്തിന്റെ ആദ്യവസാനം വലിയ ജനാവലിയാണ് സംബന്ധിച്ചത്. ഡോ. നിഷ്താർ, എ.പി.കരുണൻ, ഗോപൻ അയിരൂർ, ആഷിഖ് തുടങ്ങിയവർ നേത്യത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.