സലാല: സര്‍ഗവേദി സലാല മ്യൂസിയം ഹാളില്‍ ഒരുക്കിയ ഏകദിന നാടകോത്സവം ശ്രദ്ധേയമായി. കാലിക വിഷയങ്ങളില്‍ ഊന്നിയ സാമൂഹിക പ്രസക്തമായ നാല് നാടകങ്ങളാണ് അരങ്ങേറിയത്. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘മുച്ചീട്ട് കളിക്കാരന്റെ മകള്‍’ എന്ന കഥയെ ആസ്പദമാക്കി രഞ്ചന്‍ കാര്‍ത്തികപ്പള്ളി സംവിധാനം നിർവഹിച്ച ‘ഹലാക്കിന്റെ അവിലും കഞ്ഞീം’ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഈ നാടകത്തില്‍ മണ്ടന്‍ മുസ്തഫ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സുജിത് ചെമ്പ്ര മികച്ച നടനായും സൈനബ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച റജിഷ ബാബു മികച്ച നടിയായും തിരഞ്ഞെടുത്തു. കെ.എസ്.കെയാണ് നാടകം അവതരിപ്പിച്ചത്.
സലാല ഫ്രണ്ട്സ് ആൻഡ് ഫാമിലി അവതരിപ്പിച്ച ‘സെമിത്തേരിയിലെ ഉപന്യാസങ്ങള്‍’ രണ്ടാം സ്ഥാനം നേടി. എസ്.എന്‍ കലാവേദി അവതരിപ്പിച്ച ചുഴി എന്ന നാടകമാണ് മൂന്നാമതെത്തിയത്. മറ്റു വിജയികള്‍ പ്രിജിത് പയ്യോളി (സഹനടന്‍), അര്‍ച്ചന പ്രശാന്ത് (സഹനടി), ഹന്ന മരിയ (ബാലതാരം). നാട്ടില്‍നിന്നെത്തിയ കെ.പി.എ.സിയിലെ കേരളന്‍ അടങ്ങിയ ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്.
സോഷ്യല്‍ ക്ലബ് പ്രസിഡന്റ് രാകേഷ് കുമാര്‍ ഝ നാടകോത്സവം ഉദ്ഘാടനം ചെയ്തു. സര്‍ഗവേദി കണ്‍വീനര്‍ എ.പി. കരുണന് അധ്യക്ഷത വഹിച്ചു. ഡോ. നിഷ്താര്‍ സ്വാഗതവും പ്രിയ അനൂപ് നന്ദിയും പറഞ്ഞു. സാമൂഹിക പ്രവര്‍ത്തകനും സലാലയിലെ മുന്‍ പ്രവാസിയുമായ റസാഖ് കല്പറ്റ എഴുതിയ രണ്ട് പുസ്തകങ്ങളുടെ സലാല പ്രകാശനവും ചടങ്ങില്‍ നടന്നു. ദുംറ, കരീമ എന്നീ പുസ്തകങ്ങള്‍ ലോക കേരളസഭ അംഗം ഹേമ ഗംഗാധരനാണ് പ്രകാശനം നിര്‍വഹിച്ചത്. വിജയികള്‍ക്ക് ഡോ. കെ. സനാതനന്, റസ്സല്‍ മുഹമ്മദ്, കേരളന്‍, ആഷിക അഹമ്മദ്, സിനു കൃഷ്ണന് തുടങ്ങിയവര്‍ സമ്മാനങ്ങള്‍ നല്കി. നാടകോത്സവം വീക്ഷിക്കാന്‍ മ്യൂസിയം ഹാള്‍ നിറയെ ആളുകള്‍ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.