മസ്കത്ത്: ജൂലൈ മാസം ‘നോർക്ക പ്രവാസി ഐഡി കാർഡ് പ്രചാരണ മാസമായി’ ആചരിക്കാൻ റൂവി മലയാളി അസോസിയേഷൻ തീരുമാനിച്ചു. പ്രവാസികൾക്ക് സർക്കാർ നൽകുന്ന വിവിധ പദ്ധതികളിലും സഹായങ്ങളിലും പങ്കെടുക്കുന്നതിനും സുരക്ഷിതമായ തിരിച്ചറിയലിനും നോർക്ക കാർഡ് നിർണായകമായ ഒരു രേഖയാണെന്ന് ബോധ്യപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. കൂടുതൽ പ്രവാസികൾക്ക് ഈ കാർഡ് നേടാൻ സഹായിക്കുകയും അതിന്റെ പ്രാധാന്യം അറിയിക്കാനുമാണ് റൂവി മലയാളി അസോസിയേഷൻ ഉദ്ദേശിക്കുന്നത്.
നോർക്ക കാർഡ് എടുക്കാത്തവരെ പ്രോത്സാഹിപ്പിക്കുക, ഔദ്യോഗിക അപേക്ഷാ ലിങ്ക്, നടപടിക്രമങ്ങൾ തുടങ്ങിയ വിവരങ്ങൾ സാമൂഹ മാധ്യമങ്ങളിലൂടെയും ഗ്രൂപ്പുകളിലൂടെയും പ്രചരിപ്പിക്കുക, ഓരോ അംഗവും തങ്ങളറിയാവുന്ന ഒരാളെങ്കിലും കാർഡ് എടുക്കാൻ സഹായിക്കുക എന്നിവയായിരിക്കും പ്രചാരണ കാലയളവിൽ ഓരോ അംഗങ്ങളും ചെയ്യുക. ജൂലൈ മാസത്തിൽ വിവിധ തലങ്ങളിൽ വിദഗ്ധ സെമിനാറുകൾ, ഇൻഫർമേഷൻ ക്യാമ്പുകൾ, വാർഷിക സംഗമങ്ങളിൽ കാർഡ് രജിസ്ട്രേഷൻ ഹെൽപ് ഡെസ്കുകൾ തുടങ്ങിയ പ്രവർത്തനങ്ങൾ റൂവി മലയാളി അസോസിയേഷൻ ആസൂത്രണം ചെയ്തിട്ടുണ്ട്. പ്രവാസി സമൂഹത്തിനായി സർക്കാർ ആവിഷ്കരിച്ച ഈ പദ്ധതിയെ കൂടുതൽ വിജയകരമാക്കാൻ എല്ലാ പ്രവാസി സംഘടനകളും ഒറ്റക്കെട്ടായി മുന്നോട്ടു വരണമെന്ന് അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ, ജനറൽ സെക്രട്ടറി ഡോ. മുജീബ് അഹമ്മദ്, ട്രഷറർ സന്തോഷ് കെ.ആർ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.