പുനരുദ്ധാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന റുസ്താഖ് കോട്ട
മസ്കത്ത്: സുൽത്താനേറ്റിലെ ഏറ്റവും പഴക്കമേറിയതും പ്രധാനപ്പെട്ടതുമായ കോട്ടകളിലൊന്നായ റുസ്താഖ് കോട്ടയുടെ സമഗ്രമായ പുനരുദ്ധാരണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പൈതൃക ടൂറിസം മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടന്നുവരുന്നത്. അതുല്യമായ വാസ്തുവിദ്യാപൈതൃകം സംരക്ഷിക്കുന്നതിനും സാംസ്കാരിക മൂല്യം ഉയർത്തിക്കാട്ടുന്നതിനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
2027 നവംബർവരെ നീളുന്നതാണ് ഈ പദ്ധതി. കോട്ടയെ സാംസ്കാരിക, വിനോദസഞ്ചാരകേന്ദ്രമായി മെച്ചപ്പെടുത്തുന്നതിനും പ്രാദേശിക ഉള്ളടക്കത്തെ പിന്തുണക്കുന്നതിനും പൈതൃക ടൂറിസത്തിൽ നിക്ഷേപം ആകർഷിക്കുന്നതിനും സംഭാവന നൽകുന്നതിനും ലക്ഷ്യമിടുന്നു. ആഴത്തിലുള്ള ചരിത്രബന്ധമുണ്ട് റുസ്താഖ് കോട്ടക്ക്. ഇസ്ലാമിന് മുമ്പുള്ള കാലഘട്ടം മുതലുള്ളതും യാരിബി രാജവംശത്തിന്റെയും ഇമാം അഹമ്മദ് ബിൻ സഈദ് അൽ ബുസൈദിയുടെയും ഭരണകാലത്ത് ഗണ്യമായ വികാസങ്ങൾക്ക് ഇത് സാക്ഷ്യം വഹിക്കുകയും ചെയ്തു. അതിന്റെ സാംസ്കാരികപ്രാധാന്യവും വിശിഷ്ട വാസ്തുവിദ്യാനിലയും അംഗീകരിച്ച് അടുത്തിടെ ഇസ്ലാമിക പൈതൃകപട്ടികയിൽ കോട്ടയെ ഉൾപ്പെടുത്തി.
പരമ്പരാഗത കല്ലുകളും വസ്തുക്കളും ഉപയോഗിച്ച് വിണ്ടുകീറിയ ചുവരുകൾ പുനർനിർമിക്കുക, കേടുപാടുകൾ സംഭവിച്ച പുറംഭാഗത്തെ ക്ലാഡങ് ‘സരൂജ്’ ഉപയോഗിച്ച് സംസ്കരിക്കുക, മരത്തിന്റെയും ലോഹത്തിന്റെയും ജനാലകൾ പരിപാലിക്കുക, ചരിത്രപരമായ ഗോപുരങ്ങൾ പുനഃസ്ഥാപിക്കുക എന്നിവ ഉൾപ്പെടെ നിരവധി ഘട്ടങ്ങളുള്ളതാണ് പുനരുദ്ധാരണപ്രവർത്തനങ്ങൾ. പ്രതലങ്ങൾ വൃത്തിയാക്കൽ, കേടായ പാളികൾ സംസ്കരിക്കൽ എന്നിവയടക്കമുള്ള പടിഞ്ഞാറൻ മുൻവശത്തെ ജോലികൾ പൂർത്തിയായിട്ടുണ്ട്. കോട്ടയുടെ ഉൾവശത്തെ മുൻഭാഗങ്ങളിലും മുറ്റങ്ങളിലും പ്രതലങ്ങൾ വൃത്തിയാക്കൽ, വിള്ളലുകൾ ശരിയാക്കൽ, ക്ലാഡിങ് പാളികൾ നടപ്പാക്കൽ എന്നിവ പൂർത്തിയാക്കി. 24 മുറികളുടെയും ഉൾഭാഗങ്ങളുടെയും പുനർനിർമാണം, ബലപ്പെടുത്തൽ എന്നിവയും പൂർത്തിയായി. 25 മുറികളുടെ മേൽക്കൂര പണികൾ കൂടി പുരോഗമിക്കുന്നു. ആറാം നൂറ്റാണ്ടിൽ പണികഴിപ്പിച്ചതാണ് തെക്കൻ ബാത്തിനയിലുള്ള റുസ്താഖ് കോട്ട. ഇമാം ബിന് അറൂബ് ബിന് സുല്ത്താന് അല് അറുബിയുടെ കാലഘട്ടമായിരുന്നു റുസ്താഖിന്റെ സുവർണകാലം. ആറാം നൂറ്റാണ്ടിൽ ഇമാം ബിൻ നിർമിച്ച ആഡംബരവസതിയായ സുൽത്താൻ അൽ അറുബിയുടെ ഷാഹുമാൻ കോട്ടയാണ് റുസ്താഖ് ഫോർട്ട് എന്നറിയപ്പെട്ടിരുന്നത്. ഇമാമിനും കുടുംബത്തിനും താമസിക്കാൻ അഞ്ചുമുറികൾ കോട്ടയുടെ പ്രധാന ഭാഗങ്ങളിൽ അതിസുരക്ഷാ സംവിധാനങ്ങളോടെ നിർമിച്ചിട്ടുണ്ട്. കോട്ടയുടെ പ്രധാന പ്രത്യേകതകളിൽ ഒന്നായിരുന്നു ഭക്ഷ്യ കലവറ. താഴത്തെ നിലയിൽ ഈത്തപ്പഴം ശേഖരിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായുള്ള വലിയ നിലവറ. മറ്റുഭാഗങ്ങളായി എല്ലാവിധ ഭക്ഷ്യവസ്തുക്കളും വിശാലമായി ശേഖരിച്ചിരുന്നു. ഇത് കേടുകൂടാതെ വെക്കാനുള്ള കളിമൺഭരണികളുമുണ്ടായിരുന്നു. കോട്ടയിൽ രണ്ട് നിലകളുള്ള ജയിലുമുണ്ട്. ചെറിയ കുറ്റങ്ങളിൽ ശിക്ഷിക്കപ്പെട്ടവരെ താഴത്തെ നിലയിലും വലിയ കുറ്റവാളികളെ രണ്ടാം നിലയിലും പാർപ്പിച്ചിരുന്നു. പത്തിലധികം വർഷങ്ങളെടുത്താണ് ഓരോ നിലകളും പൂർത്തിയാക്കിയത്. കോട്ടയുടെ മറുവശത്ത് കുടീരങ്ങളും കാണാൻ സാധിക്കും. ഉയർന്നുനിൽക്കുന്ന കോട്ടക്കുള്ളിൽ മറഞ്ഞിരുന്ന് ശത്രുവിന്റെ നീക്കങ്ങൾ അറിയാനും പ്രതിരോധിക്കാനും സംവിധാനങ്ങളുണ്ടായിരുന്നു. നാടൻ ആഡംബരവസതി എന്ന് വിശേഷിപ്പിക്കുന്ന ഈ കോട്ട റുസ്താഖ് അൽഹാസ് ഭാഗത്തേക്കുള്ള ദുർഘടയാത്രയിൽ വിശ്രമകേന്ദ്രമായും ഉപയോഗിച്ചിരുന്നു. റുസ്താഖ് കോട്ടയിൽനിന്ന് ബർക്ക ഫോർട്ടിലേക്ക് പോകാനുള്ള ഭൂഗർഭ അറകളും ഈ കോട്ടയുടെ മുഖ്യ പ്രത്യേകതയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.