മസ്കത്ത്: അന്താരാഷ്ട്ര വിപണിയിലെ നിരവധി കാരണങ്ങളാൽ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ റിയാലിന്‍റെ വിനിമയനിരക്ക് 213.25 എന്ന സർവകാല റെക്കോഡിൽ എത്തി. 1000 രൂപക്ക് 4.689 റിയാലാണ് ഉപഭോക്താവ് ഇപ്പോൾ നൽകേണ്ടത്. അടുത്ത രണ്ട് ദിവസങ്ങളിൽ ഇതേ നിരക്ക് ലഭിക്കും. ഇതോടെ കഴിഞ്ഞ കുറെ ദിവസങ്ങളായി ഇടിയുന്ന ഇന്ത്യൻ രൂപയുടെ മൂല്യം പുതിയ ഉയരങ്ങളിലെത്തി. അമേരിക്കൻ ഡോളർ ശക്തിപ്പെടുന്നതും എണ്ണവില ഉയരുന്നതും അടക്കമുള്ള അന്താരാഷ്ട്ര വിഷയങ്ങളാണ് രൂപയുടെ നില പരുങ്ങലിലാവാൻ പ്രധാന കാരണം. വിനിമയ നിരക്ക് ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. രൂപ വീണ്ടും തിരിച്ചുവരാൻ സമയമെടുക്കുമെന്നും പറയുന്നു.
വെള്ളിയാഴ്ച ഒരു ഡോളറിന്‍റെ വില 82.33 രൂപ ആയിരുന്നു. അമേരിക്കൻ ഡോളർ വീണ്ടും ശക്തിപ്രാപിച്ചതാണ് രൂപയുടെ വില ഇടിയാൻ പ്രധാന കാരണം. ഇന്ത്യൻ രൂപയോടൊപ്പം നിരവധി രാജ്യങ്ങളുടെ നാണയങ്ങളുടെ മൂല്യവും ഇടിഞ്ഞിട്ടുണ്ട്. മറ്റു നാണയങ്ങളെ അപേക്ഷിച്ച് ഡോളർ ഇന്റെക്സ് ഉയരുകയും ചെയ്തിട്ടുണ്ട്. എണ്ണവില ഉയരാൻ തുടങ്ങിയതും രൂപയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. റഷ്യ-യുെക്രയ്ൻ യുദ്ധത്തെ തുടർന്ന് കുതിച്ചുയർന്ന എണ്ണ വില കഴിഞ്ഞ ചില ആഴ്ചയായി 80 ഡോളറിൽ എത്തുകയായിരുന്നു. ഇതോടെ എണ്ണ ഉൽപാദനം കുറക്കുവാൻ കഴിഞ്ഞ ആഴ്ച ഒപെക് രാജ്യങ്ങൾ തീരുമാനിക്കുകയായിരുന്നു. ദിവസവും രണ്ട് ദശലക്ഷം ബാരൽ എണ്ണ ഉൽപാദനം കുറക്കാനാണ് ഒപെക് രാജ്യങ്ങൾ തീരുമാനിച്ചത്. ഇതോടെ അന്താരാഷ്ട്ര മാർക്കറ്റിൽ എണ്ണവില ബാരലിന് നൂറിനോടടുക്കുകയാണ്. ഒമാൻ എണ്ണവില വെള്ളിയാഴ്ച ബാരലിന് 93.35 ഡോളറായി ഉയർന്നു. കഴിഞ്ഞ സെപ്റ്റംബർ 28 ന് 83.71 ഡോളറായിരുന്നു ഒമാൻ എണ്ണ വില. നിലവിലെ സാഹചര്യത്തിൽ എണ്ണ വില ഇനിയും ഉയരാനാണ് സാധ്യത.
കഴിഞ്ഞ വർഷം ഇതേദിവസം 194 രൂപയായിരുന്നു റിയാലിന്‍റെ വിനിമയ നിരക്ക്. 2022 ജനുവരി 13ന് വിനിമയ നിരക്ക് താഴ്ന്ന് 191 രൂപയിലും എത്തിയിരുന്നു. പിന്നീട് വിനിമയ നിരക്ക് പതിയെ ഉയരുകയായിരുന്നു. മേയ് ഒമ്പതിനാണ് വിനിമയ നിരക്ക് 200 രൂപ കടന്നത്. പിന്നീട് ഇതുവരെ ഒരു റിയാലിന് 200 രൂപ എന്ന നിരക്കിന് താഴെ പോയിട്ടില്ല. കഴിഞ്ഞമാസം 23ന് റിയാലിന് 210 രൂപ എന്ന നിരക്കിലേക്ക് വിനിമയ നിരക്ക് ഉയരുകയായിരുന്നു. വിനിമയ നിരക്ക് ഉയർന്നതോടെ പലരും വൻ തോതിലാണ് നാട്ടിലേക്ക് പണം അയക്കുന്നതെന്ന് വിനിമയ സ്ഥാപനവുമായി ബന്ധപ്പെട്ടവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.