റോയൽ ഒമാൻ പൊലീസ് അധികൃതർ ഗവൺമെന്റ് ഇന്നവേഷൻ അവാർഡ് ഏറ്റുവാങ്ങുന്നു
മസ്കത്ത്: ദുബൈയിലെ വേൾഡ് ട്രേഡ് സെന്ററിൽ ആരംഭിച്ച ഡിജിറ്റൽ ഇക്കണോമി കോൺഫറൻസ്-എക്സിബിഷനിൽ ഗവൺമെന്റ് ഇന്നവേഷൻ അവാർഡ് സ്വന്തമാക്കി റോയൽ ഒമാൻ പൊലീസ്. ആർ.ഒ.പിയുടെ ഇലക്ട്രോണിക് കസ്റ്റംസ് സിസ്റ്റമായ ‘ബയാൻ’ ആണ് ഗവൺമെന്റ് ഇന്നൊവേഷൻ വിഭാഗത്തിൽ അറബ് ഡിജിറ്റൽ ഇക്കണോമി അവാർഡ് 2025 നേടിയത്.
യു.എ.ഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സെയ്ഫ് ബിൻ സായിദ് ആൽ നഹ്യാന്റെ അധ്യക്ഷതയിലാണ് പരിപാടി നടന്നത്. റോയൽ ഒമാൻ പൊലീസിനെ പ്രതിനിധാനം ചെയ്ത് കസ്റ്റംസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ സഈദ് ബിൻ ഖാമിസ് ആൽ ഗൈതി, ഇൻഫർമേഷൻ ടെക്നോളജി ഡയറക്ടർ ജനറൽ കേണൽ അബ്ദുല്ല ബിൻ സഈദ് ആൽ കൽബാനി എന്നിവർ അവാർഡ് ഏറ്റുവാങ്ങി.
മേഖലയിലെ ഗവൺമെന്റ് ഡിജിറ്റൽ സംയോജനത്തിന്റെ ഏറ്റവും മികച്ച മാതൃകകളിൽ ഒന്നാണ് ബയാൻ സിസ്റ്റം. നിർമിതബുദ്ധി സാങ്കേതികവിദ്യകളുടെ ഉപയോഗത്തിലൂടെ ബിസിനസ് പ്രക്രിയകൾ ത്വരിതപ്പെടുത്തുകയും കസ്റ്റംസ് നടപടിക്രമങ്ങൾ ലളിതമാക്കുകയും ചെയ്യുന്നു. ഒമാനും മറ്റു രാജ്യങ്ങളും തമ്മിലുള്ള കസ്റ്റംസ് സേവനങ്ങളുടെയും അന്താരാഷ്ട്ര വ്യാപാര നീക്കത്തിന്റെയും കാര്യക്ഷമത വർധിപ്പിക്കാനും ഇത് സഹായകമാണ്. 74 ഗവൺമെന്റ്, സ്വകാര്യ സ്ഥാപനങ്ങളുമായി നേരിട്ട് ബന്ധമുള്ള 495ലധികം ഇലക്ട്രോണിക് സേവനങ്ങൾ ‘ബയാനി’ൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.