മസ്കത്ത്: തലസ്ഥാന നഗരിയിലെ ഇന്ത്യൻ സ്കൂളുകളിലേക്കുള്ള ഓൺലൈൻ പ്രവേശന നടപടികൾ പുരോഗമിക്കുന്നു. തലസ്ഥാന നഗരിയിലെ മസ്കത്ത്, ദാർസൈത്ത്, വാദീകബീർ, അൽ ഗുബ്റ, സീബ്, മാബേല, ബോഷർ എന്നീ ഇന്ത്യൻ സ്കൂളുകളിലേക്ക് ജനുവരി 26 മുതലാണ് പ്രവേശന നടപടികൾ ആരംഭിച്ചത്. ഈ മാസം 28 ഉച്ചക്ക് രണ്ടുവരെ പ്രവേശന നടപടികൾ തുടരും. സ്കൂൾ പ്രവേശനത്തിന് തള്ളിക്കയറ്റം കുറവാണെന്നാണ് അറിയുന്നത്. തലസ്ഥാന നഗരിയിൽ അൽ ഗുബ്റ ഇന്ത്യൻ സ്കൂളിൽ മാത്രമാണ് കൂടുതൽ തിരക്ക് അനുഭവപ്പെടുക. അതിനാൽ പ്രവേശന നടപടികൾ എളുപ്പമായിരിക്കും. സ്കൂളുകളിലെ പ്രവേശനം നറുക്കെടുപ്പ് വഴിയായിരിക്കുമെന്ന് പറയുന്നുണ്ടെങ്കിലൂം അൽ ഗുബ്റ സ്കൂൾ ഒഴികെ മറ്റ് സ്കൂളുകളിൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതിനാൽ നറുക്കെടുപ്പ് വേണ്ടി വരില്ല. മറ്റ് സ്കൂളുകളിൽ അപേക്ഷ നൽകുന്നവർക്ക് പ്രവേശനവും പ്രയാസം കൂടാതെ ലഭിക്കും. എന്നാൽ, അൽ ഗുബ്റ ഇന്ത്യൻ സ്കൂളിൽ അധികം കുട്ടികൾ വരുകയാണെങ്കിൽ അധികം വരുന്ന കുട്ടികൾക്ക് മറ്റ് സ്കൂളുകളിലാണ് പ്രവേശനം ലഭിക്കുക.
മുൻ കാലങ്ങളിൽ പ്രവേശന നടപടികൾ തുടങ്ങി ഏതാനും ദിവസങ്ങൾക്കുള്ളിൽതന്നെ ഒഴിവുവന്ന സീറ്റുകൾ നിറയാറുണ്ട്. എന്നാൽ, ഈ വർഷം പതുക്കെയാണ് പ്രവേശന നടപടികൾ നീങ്ങുന്നത്. തലസ്ഥാന നഗരിയിലെ ഒരു സ്കൂളിൽ പ്രവേശനം തീരെ കുറവാണ്. കുട്ടികളുടെ പ്രവേശനം കുറയുന്നത് ഭാവിയിൽ സ്കൂൾ ജീവനക്കാരെ കുറക്കുന്നതടക്കമുള്ള നടപടികളിലേക്ക് നയിക്കും. സ്കൂളുകളിൽ നേരിട്ടുള്ള ക്ലാസുകൾ നടക്കാത്തതാണ് കുട്ടികളുടെ പ്രവേശനം കുറയാൻ പ്രധാന കാരണമെന്ന് കരുതുന്നു. കെ.ജി ക്ലാസുകളിൽ ഓൺലൈൻ പഠനം ആയതിനാൽ പല രക്ഷിതാക്കൾക്കും കുട്ടികളെ ചേർക്കാൻ താൽപര്യമില്ല. ഓൺലൈൻ ക്ലാസുകളിൽ നാലു വയസ്സുള്ള കുട്ടികളെ ചേർത്തിട്ട് എന്തുകാര്യമെന്ന് ചിന്തിക്കുന്നവരുമുണ്ട്.
നാട്ടിലും മറ്റുമുള്ള താരതമ്യേന ചെലവ് കുറഞ്ഞ സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകളിൽ ചേർക്കുന്നവരുമുണ്ട്. സ്കൂൾ പ്രവർത്തനം പൂർണമായി ഓഫ്ലൈനായി മാറുന്നതോടെ സ്ഥിതിഗതികൾ മാറുമെന്നാണ് പ്രതീക്ഷ. അതിനിടെ ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം നൽകുന്ന എല്ലാ നിർദേശങ്ങളും പൂർണമായി പാലിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇതനുസരിച്ച് ഒന്നു മുതൽ നാലുവരെ ക്ലാസുകളിൽ 20ൽ കൂടുതൽ കുട്ടികളുണ്ടെങ്കിൽ ഒരാഴ്ച ഓൺലൈനായും അടുത്ത ആഴ്ച നേരിട്ടും ക്ലാസുകൾ നടത്തും. അഞ്ചു മുതൽ 11 വരെ നേരിട്ടുള്ള ക്ലാസുകളാണ് നടത്തുക. 30ൽ കൂടുതൽ കുട്ടികളുള്ള ക്ലാസുകളിൽ ഒരാഴ്ച ഓൺലൈനായും അടുത്ത ആഴ്ച ഓഫ്ലൈനായും നടത്തും. കുട്ടികൾ കുറവുള്ള ചില സ്കൂളുകളിൽ ഇപ്പോൾതന്നെ ഓഫ്ലൈനായി ക്ലാസുകൾ നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.