‘ശബാബ് ഒമാൻ രണ്ട്’ നാവികക്കപ്പൽ ഇഗ്ലണ്ടിലെ വെസ്റ്റ് ഇന്ത്യൻ ഡോക്സ് തുറമുഖത്തെത്തിയപ്പോൾ
മസ്കത്ത്: സമാധാനത്തിന്റെ സന്ദേശം പകർന്ന് അന്താരാഷ്ട്ര യാത്ര നടത്തുന്ന 'ശബാബ് ഒമാൻ രണ്ട്' നാവിക കപ്പലിന് ഇംഗ്ലണ്ടിൽ ഊഷ്മള വരവേൽപ്. വെസ്റ്റ് ഇന്ത്യൻ ഡോക്സ് തുറമുഖത്തെത്തിയ കപ്പലിന് ഇംഗ്ലണ്ടിലെ ഒമാൻ അംബാസഡർ ശൈഖ് അബ്ദുൽ അസീസ് അബ്ദുല്ല അൽ ഹിനായിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. എംബസിയിലെ മിലിട്ടറി അറ്റാഷെ ബ്രിഗേഡിയർ ജനറൽ അഹമ്മദ് ഇബ്രാഹിം അംബോസൈദിയും മറ്റുള്ളവരും സംബന്ധിച്ചു. കപ്പലിന്റെ യാത്രയെയും ലക്ഷ്യങ്ങളെയും കുറിച്ചും അതിന്റെ അടുത്ത സ്റ്റേഷനുകളെപ്പറ്റിയും അംബാസഡർക്കും കൂടെയുള്ളവർക്കും ക്യാപ്റ്റൻ വിശദീകരിച്ചുകൊടുത്തു. വെസ്റ്റ് ഇന്ത്യൻ ഡോക്സ് തുറമുഖത്ത് അഞ്ചുദിവസമായിരിക്കും കപ്പൽ തങ്ങുക. ഈ ദിവസങ്ങളിൽ ജനങ്ങൾക്കും കപ്പൽ സന്ദർശിക്കാവുന്നതാണ്. സുൽത്താനേറ്റിന്റെ ചരിത്രപരവും സാംസ്കാരികവും വികസനപരവുമായ കാര്യങ്ങളും കപ്പലിന്റെ വിവിധ യാത്രകളെ പറ്റിയുള്ള ഫോട്ടോ പ്രദർശനവും 'ശബാബ് ഒമാൻ രണ്ടി'ൽ ഒരുക്കിയിട്ടുണ്ട്.
ആറാമത് അന്തർ ദേശീയ യാത്രയുടെ ഭാഗമായി പോർചുഗലിലെ പോർട്ടോ തുറമുഖത്ത് നിന്നായിരുന്നു ഇംഗ്ലണ്ടിലേക്ക് തിരിച്ചിരുന്നത്. 'ഒമാൻ, സമാധാനത്തിന്റെ ഭൂമിക' എന്ന തലക്കെട്ടിൽ യൂറോപ്യൻ ഉപഭൂഖണ്ഡത്തിലേക്ക് നടത്തുന്ന യാത്ര ഏപ്രിൽ11ന് ആണ് സുൽത്താനേറ്റിൽൽനിന്നും ആരംഭിച്ചത്. യാത്രയുടെ ഭാഗമായി ഗ്രീസിലെ ഹെറാക്ലിയോൺ തുറമുഖം, ഇറ്റലിയിലെ കാറ്റാനിയ, സിറാക്കൂസ, സ്പെയിനിലെ ഈവിസ, ഇബിസ , ക്രൊയേഷ്യയിലെ ഡുബ്രോവ്നിക് തുറമുഖങ്ങളിലും എത്തിയിരുന്നു. ലോക സഞ്ചാരത്തിന്റെ ഭാഗമായി 18 രാജ്യങ്ങളിലെ 30 തുറമുഖങ്ങൾ സന്ദർശിക്കും. കഴിഞ്ഞ വർഷം നവംബർ ഏഴിന് സൗഹൃദത്തിന്റെ സന്ദേശവുമായി 'ശബാബ് ഒമാൻ രണ്ട്' ഒമാൻ നവികക്കപ്പൽ ജി.സി.സി രാജ്യങ്ങളിലക്ക് യാത്ര നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.