മത്രയിൽ ‘റനീൻ’ഫെസ്റ്റിവലിൽനിന്നുള്ള കാഴ്ച
മസ്കത്ത്: കാഴ്ചയുടെ വിരുന്നുമായി മത്രയിൽ ‘റനീൻ’ഫെസ്റ്റിവലിന് തുടക്കമായി. സാംസ്കാരിക, കായിക, യുവജന മന്ത്രാലയം സംഘടിപ്പിക്കുന്ന പരിപാടി സയ്യിദ് ബിൽ അറബ് ബിൻ ഹൈതം അൽ സഈദ് ഉദ്ഘാടനം ചെയ്തു. ബൈത്ത് അൽ ഖൂരി, ബൈത്ത് അൽ ഖോഞ്ചി, മത്ര ഫോർട്ട് എന്നിവിടങ്ങളിൽ നവംബർ 30 വരെ പരിപാടികൾ തുടരും.
വിവിധ കലാകാരന്മാരുടെ സൃഷ്ടികൾ പര്യവേക്ഷണം ചെയ്യാനുള്ള മികച്ച അവസരമാണ് ഫെസ്റ്റിവൽ. മത്രയുടെ ചരിത്രപരമായ വീടുകൾ, തെരുവുകൾ, പാതകൾ എന്നിവയെ ഒരു സർഗാത്മക കേന്ദ്രമാക്കി മാറ്റാനാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് എക്സിബിഷന്റെ ക്യൂറേറ്റർ ആയ ഡേവിഡ് ഡ്രേക്ക് പറഞ്ഞു.
തെരഞ്ഞെടുക്കപ്പെട്ട പല കലാകാരന്മാർക്കും മത്രയുമായി പ്രാദേശിക ബന്ധമുണ്ട്. ലൈറ്റ് പ്രൊഡക്ഷൻ ആർട്ടിസ്റ്റുകൾ, സൗണ്ട് കമ്പോസർമാർ, ഫോട്ടോഗ്രാഫർമാർ, ലോകമെമ്പാടും പര്യടനം നടത്തിയ ഭീമാകാരമായ ചന്ദ്ര ശിൽപം എന്നിവയുൾപ്പെടെ 10 അന്താരാഷ്ട്ര കലാകാരന്മാരെ പങ്കെടുക്കാൻ ക്ഷണിച്ചിട്ടുണ്ട്. അത് ബെയ്ത് അൽ ഖോഞ്ചിയുടെ മുറ്റത്ത് പ്രദർശിപ്പിക്കമെന്നും അദ്ദേഹം പറഞ്ഞു. ഫെസ്റ്റിവലിലേക്ക് പ്രവേശനം സൗജന്യമാണ്.
‘റനീൻ’ സമകാലിക കലാപരിപാടിയുടെ പ്രഥമ പതിപ്പിൽ ലോകമെമ്പാടുമുള്ള ഇരുപതോളം കലാകാരന്മാരാണ് പങ്കെടുക്കുക. പതിമൂന്ന് പ്രാദേശിക കലാകാരന്മാരും ഏഴ് അന്തർദേശീയ കലാകാരന്മാരും എട്ട് സോളോ സംഗീതജ്ഞരും മൂന്ന് വേദികളിലായി പത്ത് ദിവസങ്ങളിലായി പരിപാടികൾ അവതരിപ്പിക്കും.
കലാ പരിപാടികളിലും പ്രദർശനങ്ങളിലും സുൽത്താനേറ്റിന് വിശിഷ്ടവും സമ്പന്നവുമായ പാരമ്പര്യമുണ്ട്. ഇത് ഉയർത്തിക്കാട്ടുന്നതായിരിക്കും ‘റനീൻ’ പരിപാടി. വാസ്തുവിദ്യാ പൈതൃകത്തിന്റെ സമകാലിക വ്യാഖ്യാനവും, നഗരത്തിന്റെ സവിശേഷ സ്വഭാവവും ഒമാനിലെ അതിന്റെ പ്രാധാന്യവും പ്രതിഫലിപ്പിക്കുക, ദൃശ്യ-ശ്രാവ്യങ്ങളിലൂടെ മത്ര വിലായത്തിലെ സൈറ്റുകൾ പുനരുജ്ജീവിപ്പിക്കുക എന്നിവയാണ് റനീൻ ഇവന്റിന്റെ പ്രഥമ പതിപ്പിലൂടെ ലക്ഷ്യമിടുന്നത്.
അമ്മാർ അൽ കിയുമി (ഒമാൻ), അസ്ര അക്സമിജ (ഓസ്ട്രിയ-യുണൈറ്റഡ് സ്റ്റേറ്റ്സ്), ബഷൈർ അൽ ബലൂഷി (ഒമാൻ), ക്ലൈവ് ഗ്രേസി (യു.കെ-ഒമാൻ), എലീന ബ്രദറസ് (ഫിൻലൻഡ്), ഹൈതം അൽ ബുസാഫി (ഒമാൻ), ഹുറിയ അൽ ഹറാസി (ഒമാൻ), ഇസ്രാ മഹമൂദ് അൽ ബലൂഷി (ഒമാൻ), ജോൺ റിയ (യു.കെ), ഖദീജ അൽ മമാരി (ഒമാൻ), ലോറൻസ് തീനെർട്ട് (ജർമനി), ലൂക്ക് ജെറാം (യു.കെ), മർവ അൽ ബഹ്റാനി (ഒമാൻ), മഹ്മൂദ് അൽ സദ്ജാലി (ഒമാൻ).
മകാൻ സ്റ്റുഡിയോ (ഒമാൻ), മോത്ത് അലോഫി (സൗദി അറേബ്യ), രാധിക ഖിംജി (ഒമാൻ), റുസിയ മസാർ (ഒമാൻ), സയ്യിദ താനിയ അൽ സഈദ് (ഒമാൻ), സെയ്ഫ് കൗസ്മേറ്റ് (മൊറോക്കോ), താരിഖ് അൽ ഹജ്രി (ഒമാൻ) തുടങ്ങിയവരാണ് ആസ്വാദനത്തിന്റെ പുത്തൻ രാവുകൾ പകർന്ന് മത്രയിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.