മസ്കത്ത്: തുടർച്ചയായ രണ്ടാം ദിവസവും ഒമാന്റെ വിവിധ ഭാഗങ്ങളിൽകനത്ത മഴ ലഭിച്ചു. കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയാണ് ഞായറാഴ്ച മഴ കോരിച്ചൊരിഞ്ഞത്. വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. സുഹാർ, റുസ്താഖ്, ആമിറാത്ത്, വാദി ബനീ ഔഫ് തുടങ്ങിയ സ്ഥലങ്ങളിലാണ് ഞായറാഴ്ച മഴ ലഭിച്ചത്.
ശനിയാഴ്ച തിമിർത്ത പെയ്ത മഴയിൽ മുസന്ദം ഗവർണറേറ്റിലെ ലിമയിലെ നിയാബത്തിൽ വ്യാപക നാശം നേരിട്ടു. വീടുകൾ തകരുകയും റോഡുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ശനിയാഴ്ചയാണ് പ്രദേശത്ത് കനത്ത മഴ ലഭിച്ചത്. വാദി അൽ ഖബ, വാദി അൽ അഖൂബ്, വാദി അൽ അഖ്, വാദി അൽ ഗബ്ൻ, ഖാർത്തൂം അൽ അസ്ഫർ, വാദി അൽ ഖസീദ എന്നിവയുൾപ്പെടെയുള്ള വാദികൾ നിറഞ്ഞൊഴുകുകയാണ്.
സൂർ, അൽ സബാബ, അൽ അഖാബ്, അൽ ഹീന എന്നീ പ്രദേശങ്ങളിലാണ് സാമാന്യം ഭേപ്പെട്ട മഴ ലഭിച്ചത്. അപൂർവമായ ഒരു കാലാവസ്ഥയാണ് കഴിഞ്ഞദിവസം ലിമയിലെ നിയാബത്തിൽ ഉണ്ടായതെന്ന് ഖസബ് മുനിസിപ്പാലിറ്റി ഡയറക്ടർ ഹമദ് ബിൻ ഇബ്രാഹിം അൽ ഷുഹി പറഞ്ഞു.
കനത്ത മഴയിൽ തകർന്ന റോഡുകൾ ഖസബ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ യുദ്ധകാല അടിസ്ഥാനത്തിൽ അറ്റകുറ്റപണികൾ നടത്തികൊണ്ടിരിക്കുകയാണ്. പൗരന്മാരുടെ സഹകരണത്തോടെ, മുനിസിപ്പൽ മറ്റു കമ്പനികളുടെ ഉപകരണങ്ങളും ഉപയോഗിച്ചാണ് പ്രവർത്തികൾ നടത്തി കൊണ്ടിരിക്കുന്നത്. തെക്കൻ ബാത്തിന ഗവർണറേറ്റിലെ നിരവധി വിലായത്തുകളിലും ശനിയാഴ്ച കനത്ത മഴ ലഭിച്ചു.
റുസ്താഖ് വിലായത്തിന്റെ മധ്യഭാഗത്തും ഫലജ് അൽ ഷറഹ്, ഹജർ ബാനി ഉമർ, വാദി ബാനി ഔഫ്, വാദി ബാനി ഗാഫിർ, അൽ അവാബി വിലായത്തിന്റെ മധ്യഭാഗം, ഫലജ് ബാനി ഖാസിർ, അൽ സഹേൽ, തഹ്ഹാബ്, നഖൽ വിലായത്തിലെ വാദി മിസ്തൽ, അൽ മഹലീൽ ഗ്രാമങ്ങളിലുമാണ് മഴ ലഭിച്ചത്. കനത്ത മഴയെത്തുടർന്ന് വാദി ബാനി ഗാഫിർ, വാദി അൽ ഹാജർ, വാദി അൽ മഹലീൽ എന്നിവയുൾപ്പെടെ നിരവധി വാദികൾ നിറഞ്ഞൊഴുകുകയാണ്.
രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ വെള്ളി, ശനി ദിവസങ്ങളിൽ മഴ ലഭിച്ചിരുന്നു. ശനിയാഴ്ച വൈകുന്നേരം ഏഴുമണി വരെ ഒമാനിലെ വിലായത്തുകളിൽ ലഭിച്ച മഴയുടെ അളവ് കാർഷിക, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം പ്രസിദ്ധീകരിച്ചു. ഖസബിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് (141 മില്ലിമീറ്റർ. മദ്ഹയിൽ 10 മില്ലിമീറ്റർ, സുഹാർ, റുസ്താഖ് എന്നിവിടങ്ങളിൽ മൂന്ന് മില്ലിമീറ്റർ വീതവും ഖാബൂറയിൽ ഒരു മില്ലിമീറ്റർ വീതവും മഴ ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.