എണ്ണയിതര മേഖലകളിൽ വളർച്ച ഉറപ്പാക്കാൻ സാധിച്ചു: ഖത്തർ അമീർ
ദോഹ: ഹുർമുസ് കടലിടുക്ക് അടച്ചതും റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുണ്ടായ ആക്രമണങ്ങളും കയറ്റുമതിയെ ബാധിച്ചെങ്കിലും എണ്ണയിതര മേഖലകളിൽ വളർച്ച ഉറപ്പാക്കാൻ സാധിച്ചുവെന്ന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. പ്രതിസന്ധിയുടെ തുടക്കം മുതൽ, ജനങ്ങളുടെ സുരക്ഷ, ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റൽ, സാമ്പത്തിക പ്രവർത്തനങ്ങൾ സജീവമാക്കൽ എന്നിവക്ക് മുൻഗണന നൽകി. സ്വകാര്യ മേഖലയുമായി സഹകരിച്ച് വിതരണ ശൃംഖലകൾ വൈവിധ്യവൽക്കരിക്കാനും അവശ്യസാധനങ്ങളും തന്ത്രപ്രധാനമായ കരുതൽ ശേഖരവും ഉറപ്പാക്കുന്നതിനും സർക്കാർ സംവിധാനങ്ങൾ സജീവമായി പ്രവർത്തിച്ചുവെന്നും അദ്ദേഹം പറഞു.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അടിസ്ഥാന സൗകര്യ വികസനം, റിയൽ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി എന്നീ മേഖലകളിലായി 221 ബില്യൺ ഖത്തരി റിയാലിന്റെ നിക്ഷേപ പദ്ധതികളാണ് രാജ്യം ലക്ഷ്യമിടുന്നത്. ഊർജ്ജ മേഖലയിൽ നോർത്ത് ഫീൽഡ് ഗ്യാസ് പദ്ധതിയുടെ വികസനവും അമേരിക്കയിലെ ഗോൾഡൻ പാസ് പദ്ധതിയും പുരോഗമിക്കുകയാണ്. അതോടൊപ്പം ഖത്തർ എനർജി അന്താരാഷ്ട്ര നിക്ഷേപങ്ങളും പങ്കാളിത്തങ്ങളും വിപുലീകരിക്കാനുള്ള ശ്രമങ്ങളും തുടരുന്നു. പെട്രോകെമിക്കൽ, സൗരോർജ്ജ പദ്ധതികൾ, ജലസുരക്ഷ ഉറപ്പാക്കാനുള്ള ശ്രമങ്ങൾ എന്നിവയും വികസിപ്പിച്ചുവരുന്നു.
വിദ്യാഭ്യാസം, മാനവവിഭവശേഷി, ശാസ്ത്ര-സാങ്കേതിക വിദ്യ, തുടങ്ങിയ മേഖലകളിലെ രാജ്യത്തിന്റെ മുന്നേറ്റത്തെ കുറിച്ചും ഭാവി കാഴ്ചപ്പാടുകളെ കുറിച്ചും ഖത്തർ അമീർ സംസാരിച്ചു. ഭക്ഷ്യസുരക്ഷയുടെ കാര്യത്തിൽ 2026-ലെ 'ഫുഡ് സിസ്റ്റം റെസിലിയൻസ് ഇൻഡക്സി'ൽ ഖത്തർ മേഖലയിൽ ഒന്നാമതെത്തി. ഡിജിറ്റൽ മുന്നേറ്റത്തിന്റെ ഭാഗമായി 360-ലധികം പുതിയ ഡിജിറ്റൽ സേവനങ്ങൾ വികസിപ്പിച്ചുവെന്നും ശൂറ കൗൺസിൽ സമ്മേളനത്തിൽ ഖത്തർ അമീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.